Image

മുംബൈ നല്‍കുന്ന പാഠങ്ങള്‍ (രാജന്‍ കിണറ്റിങ്കര)

Published on 24 February, 2017
മുംബൈ നല്‍കുന്ന പാഠങ്ങള്‍ (രാജന്‍ കിണറ്റിങ്കര)
പണ്ടൊക്കെ കേരളത്തില്‍ നിന്നും ജോലി കിട്ടിയോ കല്യാണം കഴിഞ്ഞോ സ്ത്രീകള്‍ ബോംബെയിലേക്ക് പോകുമ്പോള്‍ നമ്മള്‍ നാട്ടിലുള്ളവര്‍ക്ക് ഒരു ഭയമായിരുന്നു. ബോംബെയിലോക്കെ പെങ്കുട്ട്യോള്‍ ഒറ്റക്ക് പോയി എങ്ങനാ ജോലി ചെയ്യാ? അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്കു പോയാല്‍ അവള്‍ എങ്ങനാ പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ച് ?? വീട്ടില്‍ ഇരിക്കുന്നോര്‍ക്ക് എന്താ ഒരു മനസമാധാനം. ചെറിയ ജോലി ആണെങ്കിലും നമ്മടെ നാട്ടില്‍ തന്നേച്ചാ ഒരു സമാധാനം ഉണ്ടായിരുന്നു. ഇതായിരുന്നു പല ആളുകളുടെയും മാനസിക ചിന്ത. കാണാത്ത ബോംബെയുടെ കേട്ടറിഞ്ഞ കഥകള്‍ സൃഷ്ടിച്ച ഭീതിതമായ ചിത്രങ്ങള്‍ ആയിരുന്നു അവരുടെ മനസ്സില്‍.

നമ്മുടെ നാടിനെ കുറിച്ച് നമുക്കൊരു അഭിമാനം ഉണ്ടായിരുന്നു, അന്ന് മലയാളികള്‍ ധനികര്‍ ആയിരുന്നില്ല, അവര്‍ ലക്ഷപ്രഭുക്കളോ കോടീശ്വരന്‍ മാരോ ആയിരുന്നില്ല, ഉണ്ടെങ്കില്‍ തന്നെ, വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. പക്ഷെ മലയാളികള്‍ മാനുഷിക മൂല്യങ്ങള്‍ ഉള്ളവരായിരുന്നു. അനുകമ്പ ഉള്ളവരായിരുന്നു, സഹിഷ്ണുത ഉള്ളവരായിരുന്നു, പരസ്പരം സഹായ സഹകരണങ്ങള്‍ ഉള്ളവരായിരുന്നു. എല്ലാറ്റിനുമുപരി പരസ്ത്രീകളെ അമ്മയും സഹോദരിയുമായി കാണുന്നവരായിരുന്നു.

ഇന്ന് മലയാളിക്ക് ദാരിദ്ര്യമില്ല, അവര്‍ ധനികരായി മാറിയിരിക്കുന്നു, വീട്ടില്‍ മൂന്നു നേരം തീ പുകഞ്ഞില്ലെങ്കിലും ഇന്ന ത്തെ ചെറുപ്പക്കാര്‍ പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോകുന്നത് പോലും ബൈക്കിലാണ്. സ്വന്തം വീട്ടിലെ ദാരിദ്ര്യം മറച്ചു വച്ച് സമൂഹത്തില്‍ ധനിക പരിവേഷം ചാര്‍ത്തി നടക്കാനാണ് ഇന്നത്തെ തലമുറക്ക് താല്‍പര്യം. അവരുടെ ഇത്തരം ഇംഗിതങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ ബാങ്കുകള്‍ ഇവരുടെ പടിക്കല്‍ കാവല്‍ കിടക്കുകയാണ്. പണ്ടൊക്കെ ലോണ്‍ എടുത്തിരുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്കായിരുന്നു. അങ്ങനെ ഒരു ലോണ്‍ എടുക്കണമെങ്കില്‍ കൂടി വീടിന്റെ ആധാരം പണയം വയ്ക്കണമായിരുന്നു, അത് മാത്രമല്ല, സാക്ഷി, ജാമ്യം, ഈട് തുടങ്ങി നൂറു കൂട്ടം നൂലാമാലകള്‍ വേറെയും. ഇന്ന് ബാങ്കിന്റെ ആപ്ലിക്കേഷനില്‍ ഒപ്പിടുക എന്നൊരു കര്‍മം മാത്രമേ ഇടപാടുകാരന്‍ ബാങ്ക്മായി നേരിട്ട് നടത്തുന്നുള്ളൂ. അപേക്ഷ നമ്മുടെ വീട്ടു മുറ്റത്തു കൊണ്ട് വരുന്നതും പൂരിപ്പിക്കുന്നതും അത് ബാങ്കില്‍ എത്തിക്കുന്നതും ലോണ്‍ സാങ്ഷന്‍ ആയാല്‍ അത് നമ്മുടെ കയ്യില്‍ കൊണ്ട് വന്നു തരുന്നതും മാത്രമല്ല, തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ നമ്മുടെ വാതിലില്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ വരുന്നതും ഒക്കെ ബാങ്കുകള്‍ നിയോഗിച്ച പുറത്തെ ഏജന്‍റ്മാര്‍ ആണ്.

അമിത പലിശക്ക് ബാങ്കുകള്‍ പേര്‍സണല്‍ ലോണ്‍ എന്നും വെഹിക്കിള്‍ ലോണ്‍ എന്നും ഒക്കെ പറഞ്ഞ് നമ്മെ പ്രലോഭിപ്പിച്ച് നല്‍കുന്ന തുക തിരിച്ചടക്കാന്‍ കഴിയാതെ ബാങ്കിന്റെ റിക്കവറി ഏജന്റമാര്‍ വീട്ടു പടിക്കല്‍ കാവലിരിക്കുമ്പോള്‍ ഈ പൊല്ലാപ്പില്‍ നിന്നും എങ്ങിനെ ഒന്ന് രക്ഷപ്പെടും എന്നതാണ് പല ചെറുപ്പക്കാരുടെയും ചിന്ത. ഇന്നലെ വരെ ബൈക്കില്‍ ചെത്തി നടന്നവന്‍, ബൈക്ക് ബാങ്കുകാര്‍ ജപ്തി ചെയ്ത കൊണ്ട് പോയാല്‍ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, ഇന്നലെ വരെ കാറില്‍ കറങ്ങിയവന്‍ ഇന്ന് തിളയ്ക്കുന്ന ടാറിട്ട റോഡിലൂടെ എങ്ങനെ കാല്‍നടയായി പോകും, അപ്പോള്‍ അവന്റെ ദുരഭിമാനത്തെ രക്ഷിക്കാന്‍ അവന്റെ മനസ്സ് അസാന്മാര്‍ഗിക മാര്‍ഗ്ഗങ്ങള്‍ തേടുന്നു. അവന്റെ മനസ്സില്‍ ലക്ഷ്യം മാത്രമേയുള്ളൂ, അതിലേക്കുള്ള മാര്‍ഗ്ഗങ്ങളുടെ വരും വരായ്കള്‍ അവന്റെ മസ്തിഷ്കത്തില്‍ ഉദിക്കുന്നില്ല, . അഥവാ പഴുതുകള്‍ ഉള്ള നമ്മുടെ നിയമ വ്യവസ്ഥയില്‍ മാര്‍ഗ്ഗം എത്രതന്നെ നിഷ്ടൂരമായാലും അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് അവന് വേവലാതിയില്ല എന്നതാണ് സത്യം. എന്ത് തന്നെ ചെയ്താലും പണവും സ്വാധീനവും ഉള്ള തട്ട് താഴ്ന്നു തന്നെയിരിക്കും എന്ന അനുഭവിച്ചറിഞ്ഞ സത്യങ്ങള്‍ അവനില്‍ ഭയത്തിന്റെ ഒരു നാമ്പുപോലും കിളിര്‍ക്കാന്‍ അനുവദിക്കുന്നില്ല. കൊലയോ, ചതിയൊ, പീഡനമോ ബ്‌ളാക് മെയിലോ എന്ത് തന്നെയായാലും ക്ഷണിക സുഖങ്ങള്‍ തേടുന്ന മനസ്സിന് പിടയുന്ന മറ്റൊരു മനസ്സിന്റെ വേദനകള്‍ അറിയാനുള്ള ശേഷിയില്ല. മരവിച്ച മനസ്സുകള്‍ക്ക് സഹജീവിയുടെ വികാരങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.

എത്രയും പെട്ടെന്ന് പണക്കാരന്‍ ആകുക എന്നതാണ് പലരുടെയും ചിന്ത. ഓരോരുത്തര്‍ക്കും "എന്റെ സുഖം" എന്നൊരു ചിന്ത മാത്രമാണ് മനസ്സില്‍. സമൂഹത്തിന്റെ നിസ്സംഗതയും ഭരണകൂടങ്ങളുടെ കഴിവുകേടും ഇത്തരം പ്രവണതകള്‍ക്ക് വളം വച്ച് കൊടുക്കുമ്പോള്‍ ഇക്കൂട്ടര്‍ അവരുടെ വേഴ്ചകള്‍ നിര്‍ബാധം തുടരുന്നു.

സൗമ്യയുടേയും ജിഷയുടെയും ദാരുണ അന്ത്യം നമ്മുടെ മനഃസാക്ഷിക്കേല്‍പിച്ച മുറിവുണങ്ങും മുന്നേ സമാനമായ മറ്റൊരു അനുഭവം, അതും അറിയപ്പെടുന്ന ഒരു നടിക്ക്, നഗര മധ്യത്തില്‍ വച്ച്. ഭാഗ്യവശാല്‍ നടിക്ക് ജീവാപായമൊന്നും സംഭവിച്ചില്ല, പക്ഷെ നിരാലംബയായ ഒരു പെണ്‍കുട്ടി സഹായത്തിനാരുമില്ലാതെ കുറെ മനുഷ്യമൃഗങ്ങള്‍ക്കിടയില്‍ പെട്ടുപോയ ആ മണിക്കൂറുകളുടെ വേദന ഒന്ന് ചിന്തിച്ചു നോക്കാന്‍ പോലും നമ്മള്‍ അശക്തരാണ് എന്നതാണ് വാസ്തവം. അവര്‍ക്ക് എറണാകുളം എന്ന നഗരം പരിചിതവും അവിടെ താമസിക്കുന്ന സുഹൃത്തക്കളും ഉണ്ടായത് കൊണ്ട് ഒരു അഭയ സ്ഥാനം ലഭിച്ചു. ആ സ്ഥാനത്ത് നഗരം അപരിചിതമായ ഒരു സാധാരണ പെണ്‍ കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിലോ ?

കേരളത്തില്‍ ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഉണ്ടാകുമ്പോള്‍ നമ്മള്‍ നമ്മളിലേക്ക് തന്നെയാണ് നോക്കേണ്ടത്, എന്താണ് ഈ അവസ്ഥക്ക് കാരണം, എങ്ങനെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാം. ഭരണകൂടവും നിയമവ്യവസ്ഥയും ഉണര്‍ന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളിയത് കൊണ്ടോ വികാര പ്രകടനം നടത്തിയത് കൊണ്ടോ ഒന്നും ഇവിടെ ആരും നേരെയാവാന്‍ പോകുന്നില്ല. ഫെയ്സ്ബുക്കില്‍ പ്രതികരിച്ചവരും നോക്കുന്നത് തന്റെ പോസ്റ്റിന് എത്ര ലൈക്കും കമന്റും കിട്ടി എന്നാണ്, അല്ലാതെ ദുര്യോഗം സംഭവിച്ച കുട്ടിയുടെ അവസ്ഥ എന്താണെന്നല്ല.

ഇവിടെയാണ് മുംബൈ നഗരം നമുക്ക് നല്‍കുന്ന പാഠങ്ങള്‍. ഒരു കാലത്ത് നമ്മള്‍ ഭീതിയോടെ കണ്ടിരുന്ന ഈ നഗരത്തില്‍ ഏതു പാതിരയ്ക്കും സ്ത്രീക്ക് സൈ്വര്യമായി ജോലിക്ക് പോകുവാനും വരുവാനും യാതൊരു തടസ്സവുമില്ല. രാത്രിയിലെ അവസാനത്തെ ലോക്കല്‍ ട്രെയിനിലും ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നിറങ്ങി ഭയലേശമില്ലാതെ വീട്ടില്‍ പോകുന്ന സ്ത്രീകളെ നമുക്ക് കാണാം. ആരും അവളെ ചുഴിഞ്ഞു നോക്കുന്നില്ല, ആരും അവളോട് അശ്ളീല ഭാഷ പറയുന്നില്ല, ആരും അവളെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നില്ല. കാരണം മുംബൈയില്‍ കപട സദാചാരികള്‍ ഇല്ല എന്നത് തന്നെ. കേരളത്തില്‍ കൂടുതല്‍ ഉള്ളതും ഇക്കൂട്ടര്‍ തന്നെ. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മുംബൈ നഗരത്തിലും ഇല്ലാ എന്ന് പറയുന്നില്ല, പക്ഷെ അതിനു പിന്നിലെ കാരണങ്ങള്‍ മറ്റു പലതുമാകാം. അല്ലാതെ പണത്തിനു വേണ്ടിയോ ഒരു നിമിഷത്തെ സുഖത്തിനു വേണ്ടിയോ ഇവിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്നത് ഒരു പരമാര്‍ത്ഥമാണ്.

മഹാ നഗരത്തിന്റെ മനസ്സും പേരിനെ അന്വര്‍ത്ഥമാക്കുന്ന മഹാ മനസ്സ് തന്നെയാണ്. കേരളത്തിലെ ബസ്സുകളില്‍ പോലും ഞരമ്പ് രോഗികള്‍ സ്ത്രീകളെ സ്വസ്ഥമായും മാന്യമായും യാത്ര ചെയ്യാന്‍ അനുവദിക്കാത്തപ്പോള്‍ മുംബൈയിലെ ഒരു ബസ്സില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടാല്‍ സ്വന്തം സീറ്റ് അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കുന്ന പുരുഷന്മാരാണ് ഭൂരിപക്ഷവും. മുംബൈയില്‍ ഒരു സ്ത്രീ റിക്ഷാക്കാരനോടോ ടാക്‌സിക്കാരനോടോ വഴക്കിടുന്നത് കണ്ടാല്‍ അതെന്തെന്ന് അന്വേഷിക്കുന്നവരാണ് തിരക്ക് പിടിച്ച നഗരത്തിലെ വഴിയാത്രക്കാര്‍. വഴിവക്കില്‍ പിച്ച യാചിക്കുന്ന ഒരു വൃദ്ധയുടെ പിച്ച ചട്ടിയില്‍ അഞ്ചു രൂപ ഇട്ട് ആത്മ നിര്‍വൃതി അടയുന്നവരാണ് മുംബൈക്കാര്‍. വഴിയറിയാതെ നില്‍ക്കുന്ന ഒരു സ്കൂള്‍ കുട്ടിയെ സ്വന്തം വീടണയാന്‍ സഹായിക്കുന്നവരാണ് മുംബൈ വാസികള്‍. അതിനവരെ പ്രേരിപ്പിക്കുന്നത് മഹാനഗരം നല്‍കുന്ന ജീവിത പാഠങ്ങള്‍ ആണ്, നഗരത്തിന്റെ ഉഷ്ണഭൂവില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ അവന്‍ ചെയ്യുന്ന പെടാപ്പാടുകള്‍ ആണ്. നാളെ തനിക്കോ അല്ലെങ്കില്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്കോ ഇങ്ങിനെയൊരവസ്ഥ വന്നാല്‍ എന്ന സദാ ജാഗരൂകമായ അവന്റെ മനസ്സിലെ ഭീതി പെടുന്ന ചിന്തകളാണ് അവനെ മനുഷ്യനാക്കുന്നത്. ആ മാനുഷിക ചിന്തകളാണ് മുംബൈയെ മഹാ നഗരം ആക്കുന്നതും.

കേരളത്തില്‍ ഇന്ന് സുരക്ഷിതമായത് രാഷ്ട്രീയം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം അരക്ഷിത ബോധത്തില്‍ ആണ്. അഭിപ്രായ സ്വാതന്ത്ര്യം പോലും ബന്ധിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ആദ്യം വേണ്ടത് സമ്പൂര്‍ണ്ണ സാക്ഷരതയല്ല, സമ്പൂര്‍ണ്ണ സുരക്ഷിതത്വം ആണ്, നമ്മുടെ ഭാഷയല്ല ശ്രേഷ്ഠമാവേണ്ടത്, നമ്മുടെ മനസ്സുകള്‍ ആണ്.

(രാജന്‍ കിണറ്റിങ്കര)
Email: rajan.nair@adityabirla.com OR kinattinkara.rajan@gmail.com
Cell: 09702059326
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക