Image

തുടര്‍ച്ച... (കവിത- അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 24 February, 2017
തുടര്‍ച്ച... (കവിത- അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
വേലിപ്പടര്‍പ്പുകള്‍ പോലെ മുന്നില്‍-ചിലര്‍

ചേര്‍ന്നെന്റെ ചിന്തകള്‍ വേര്‍തിരിക്കെ,

സ്പന്ദനം മന്ദം നിലച്ച വാച്ചില്‍-എന്റെ

സമയം ക്രമപ്പെടുത്താന്‍ ശ്രമിക്കെ,

നുള്ളിനോവിച്ചന്നകന്ന മോഹം-വൃഥാ

തുള്ളിക്കളിപ്പിച്ചകം പുകയ്‌ക്കെ,

ചെറുതിരിനാളം കെടുത്തുവാനായ്-മനം

പതിവുപോലൊളിയമ്പയച്ചിടുമ്പോള്‍

അണയാത്ത ദുഃഖക്കനലിലൂടെ-പ്രാണ-

ശിഖയുമായെങ്ങനെയോടിനീങ്ങും;

അന്തിച്ചുവപ്പിന്നിടയിലൂടെന്‍-കൊച്ചു-

വെള്ളരിപ്രാവെങ്ങനരികിലെത്തും?

തകരട്ടെയെന്റെ സങ്കല്‍പ്പമെല്ലാം-പക്ഷെ

നുകരട്ടെ ഞാനതിന്‍മുന്‍പൊരല്പം

ഒരു കരപ്പാടിന്നകലെമാത്രം-വന്നു

നില്‍ക്കുന്നൊളിഞ്ഞപമൃത്യൂവീണ്ടും

കാക്കുന്നതേതു കരങ്ങള്‍ രണ്ടും-വിഭോ,

കാല്‍ക്കലര്‍പ്പിച്ചവനാണു പണ്ടും

ഒരുതുള്ളി രുധിരമേ ബാക്കിയുള്ളൂ-എന്റെ

തൂലിക തെളിയാതുഴറിടുന്നു

പോരാടുവാനിന്നുറച്ചുനില്‍ക്കെ-സ്‌മേര-

കാവ്യസൂനങ്ങള്‍ കരിഞ്ഞുവീണു

ചന്തംവെടിഞ്ഞിരുള്‍ ചാരെവന്നു-എന്റെ

ബന്ധങ്ങള്‍ വന്‍ചിതല്‍ കാര്‍ന്നുതിന്നൂ

* * * *

വിസ്മയിപ്പിക്കുമീ ധന്യലോകം-സദാ

വെട്ടിത്തിരുത്തുന്നു ജീവകാവ്യം

ഉരുവിട്ടൊരിക്കല്‍ പഠിച്ചശേഷം-മായ്ച്ചു-

നീക്കാതിരിക്കുന്നനന്തകാലം

പകരാന്‍ ശ്രമിക്കുന്നു തൂമരന്ദം-പാന-

പാത്രത്തിലേകുന്നു സ്‌നേഹബന്ധം

കൈപിടിച്ചെഴുതിച്ചിടുന്നു മന്ദം-കേള്‍ക്ക!
ലോകമേ,യീ പാമരന്റെ ശബ്ദം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക