Image

ഗോദയിലിറങ്ങാന്‍ കച്ചകെട്ടി പി.കെ കുഞ്ഞലിക്കുട്ടി

എ.എസ് ശ്രീകുമാര്‍ Published on 25 February, 2017
ഗോദയിലിറങ്ങാന്‍ കച്ചകെട്ടി പി.കെ കുഞ്ഞലിക്കുട്ടി
കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിന്റെ ഗോദയിലിറങ്ങുകയാണ്. മുസ്ലീം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മരണം മൂലം ഒഴുവു വന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് തകൃതിയായ ഒരുക്കം തുടങ്ങിയിരിക്കുന്നു. ലീഗിന്റെ ശക്തമായ കോട്ട എന്ന നിലയില്‍ അവര്‍ മണ്ഡലം നിലനിര്‍ത്തുകതന്നെ ചെയ്യും. ഇത് മറികടക്കാന്‍ ഇടതു സര്‍ക്കാര്‍ മോഹിപ്പിക്കുന്ന പ്രകടനമൊന്നും കാഴ്ചവച്ചിട്ടില്ല താനും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസില്‍ നേതൃയോഗം ചേര്‍ന്നു. 26ന് ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക യോഗത്തിനു ശേഷം ഉടന്‍തന്നെ ഗോദയില്‍ ഇറങ്ങാനാണ് തീരുമാനം. വരുന്ന 28ന് നിയോജകമണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ മുസ്ലിം ലീഗ്, യൂത്ത്‌ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. നേരത്തെതന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കാനാണ് അവരുടെ തിരുമാനം. പതിവുപോലെ ഏകപക്ഷീയമായ വിജയത്തില്‍ കുറഞ്ഞതൊന്നും ലീഗ് പ്രതീക്ഷിക്കുന്നില്ല.

എന്തായാലും തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ആവേശമാണ്. അതിനാല്‍ പരമാവധി പ്രവര്‍ത്തകരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക, പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടി ഭാരവാഹി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപപ്പെട്ട ആഭ്യന്തര അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണുക, ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കുക തുടങ്ങിയവയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം മണ്ഡലത്തില്‍ 76,000 പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. അന്ന് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ  ഖാദറിന്റെ നേതൃത്വത്തില്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു ഇ. അഹമ്മദിന്റെ വിജയം. ഔദ്യോഗിക തലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടി താല്‍പര്യം പ്രകടമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം തന്നെയാകും സ്ഥാനാര്‍ഥിയെന്ന നിലയിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നത്. അടുത്ത രണ്ടര വര്‍ഷക്കാലം കേരളത്തില്‍ പ്രത്യേകമായൊന്നും ചെയ്യാനില്ലാത്ത സാഹചര്യത്തിലാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള, വേങ്ങര എം.എല്‍.എ കൂടിയായ കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ഇപ്പോള്‍ മുസ്ലീം ലീഗ് ദേശീയ ട്രഷററാണ് അദ്ദേഹം.

മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി 2016ല്‍ വേങ്ങര നിയോജകമണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001-2005ല്‍ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. നിലവില്‍ പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിക്കുന്നു 2016ലെ യു.ഡി.എഫിന്റെ നിയമസഭാതിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റടുത്ത്, ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോള്‍ മുന്നണി നിര്‍ബന്ധിച്ചതിനാല്‍ ഈ സ്ഥാനം ഏറ്റെടുകയായിരുന്നു. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം പണ്ട് രാജി വച്ചത്. 2003ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടന്നത്. 2006ലെ നിയമസഭ  തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി, കുറ്റിപ്പുറത്തു നിന്നു സി.പി.എം സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 

ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ ഇ. അഹമ്മദ് പാര്‍ട്ടിക്ക് ഉണ്ടാക്കിയ ദേശീയ പ്രതിഛായ കാത്തുസൂക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടിയിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെയും കണക്കുകൂട്ടല്‍. ഇ. അഹമ്മദിന് കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായും മറ്റു ദേശീയ രാഷ്ട്രീയ കക്ഷികളുമായുമുണ്ടായിരുന്ന ബന്ധം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തിരുന്നു. അതേസമയം, യു.ഡി.എഫില്‍ നിന്ന് കെ.എം. മാണി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാന ഘടകകക്ഷിയെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കുഞ്ഞാലിക്കുട്ടിയുടെ അഭാവം മുന്നണിക്ക് നഷ്ടമുണ്ടാക്കുമെന്ന അഭിപ്രായവുമുണ്ട്. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോയാല്‍ ഒഴിവുവരുന്ന വേങ്ങര നിയമസഭ മണ്ഡലത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെ മത്സരിപ്പിച്ച് പ്രതിപക്ഷ ഉപനേതൃസ്ഥാനം ഏറ്റെടുപ്പിക്കുകയാണ് ഇതിന് പാര്‍ട്ടി കാണുന്ന മറുവഴി. 2001ല്‍ മങ്കട നിയോജക മണ്ഡലത്തില്‍ മഞ്ഞളാംകുഴി അലിയോടും പിന്നീട് മഞ്ചേരി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ടി.കെ. ഹംസയോടും പരാജയപ്പെട്ട ശേഷം സംഘടന രംഗത്ത് ഒതുങ്ങിനില്‍ക്കുന്ന മജീദിന് തന്നെയാകും പ്രഥമ പരിഗണന. നിലവിലെ സാഹചര്യത്തില്‍ മലപ്പുറം ലോക്‌സഭ മണ്ഡലവും വേങ്ങര നിയമസഭ മണ്ഡലവും പാര്‍ട്ടിക്ക് സുരക്ഷിതമാണ്. കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന നിലപാടാണ് ഇരുപാര്‍ട്ടികള്‍ക്കുമുള്ളത്.

മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചും പതിനാറും ലോകസഭകളില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച അംഗവും, മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു ഇ. അഹമ്മദ്. 1967-1991 കാലഘട്ടത്തില്‍ അഞ്ച് തവണ അദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1982-1987 കാലത്ത് കേരള വ്യവസായ മന്ത്രിയായിരുന്നു.1991ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1995ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി. 2004ല്‍ വിദേശകാര്യ സഹമന്ത്രിയായി. 2009ല്‍ റയില്‍വേ സഹമന്ത്രി. 2011ല്‍ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജയിച്ച ഏക യു.ഡി.എഫ്. അംഗം അഹമ്മദായിരുന്നു. എല്‍.ഡി.എഫ് ചരിത്രവിജയം നേടിയ ആ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലം സ്വന്തം കൈപ്പിടിയിലൊതുക്കി അഹമ്മദ് യു.ഡി.എഫിന്റെ മാനം കാത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പി.കെ സൈനബയെ 194739 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പാര്‍ലമെന്റിലെത്തിയത്.

ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇ. അഹമ്മദ് അന്തരിച്ചത്. തലേന്ന് ഉച്ചയ്ക്ക് തുടങ്ങിയ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കേ പെട്ടെന്ന് ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ അഹമ്മദിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധചികിത്സകള്‍ നടത്തിയെങ്കിലും പുലര്‍ച്ചെ രണ്ടേകാലോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം ആദ്യം ഡല്‍ഹിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം നാട്ടിലെത്തിക്കുകയും, പിറ്റേന്ന് ഉച്ചയ്ക്ക് പൂര്‍ണ ഔദ്യോഗികബഹുമതികളോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ കബറടക്കുകയും ചെയ്തു. അഹമ്മദിന്റെ ഭാര്യ സുഹറ 1999ല്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് ആണ്മക്കളും ഒരു മകളുമടക്കം മൂന്ന് മക്കളുണ്ട്.

റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിയ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അഹമ്മദിനെ കാണാനുളള അനുമതി ആശുപത്രി അധികൃതര്‍ നിഷേധിച്ചത് വിവാദമായിരുന്നു. ബജറ്റ് പ്രഖ്യാപനം കാരണമാണ് ആരെയും ആശുപത്രിക്കകത്തേക്ക് കടത്തി വിടാത്തതെന്ന് ആരോപണമുയര്‍ന്നു. ഓപ്പണ്‍ ഐ.സിയുവിലായിരുന്ന അഹമ്മദിനെ ട്രോമ കെയറിലേക്ക് മാറ്റിയ ശേഷമാണ് എം.പിമാരായ വയലാര്‍ രവി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, പി.വി വഹാബ് എന്നിവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി ലഭിച്ചത്. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ഇ. അഹമ്മദിന്റെ മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്  മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. 2008ലെ മണ്ഡലം പുനക്രമീകരണത്തില്‍ രൂപികൃതമായ മണ്ഡലമാണിത്. 2001ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ ഈ മണ്ഡലത്തിന് രൂപംനല്‍കിയത്. 2009ലെ പൊതുതിരഞ്ഞെടുപ്പിലാണ് മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇപ്പോള്‍ മുസ്ലീം ലീഗിന്റെ കൈവശമാണ്. കഴിഞ്ഞ തവണ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ പി.പി ബഷീറിനെ 38057 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

കൊണ്ടോട്ടിയില്‍ സി.പി.എം സ്വതന്ത്രന്‍ കെ.പി വീരാന്‍കുട്ടിയെ 10672 വോട്ടുകള്‍ക്കും. മങ്കട മണ്ഡലത്തില്‍ ടി.എ അഹമ്മദ് കബീര്‍ സി.പി.എമ്മിലെ ടി.ആര്‍ റഷീദ് അലിയെ 1508 വോട്ടുകള്‍ക്കും, വള്ളിക്കുന്ന് നിയമസഭാ സീറ്റില്‍ പി അബ്ദുള്‍ അഹമ്മദ് ഇന്ത്യന്‍ നാഷണല്‍ ലീഗിലെ ഒ.കെ തങ്ങളെ 12610 വോട്ടുകള്‍ക്കും, മഞ്ചേരി സീറ്റില്‍ എം. ഉമ്മര്‍ സി.പി.ഐയിലെ കെ. മോഹന്‍ദാസിനെ 19616 വോട്ടുകളുടെ ഭൂരിപക്ഷത്തിനും, മലപ്പുറം അസംബ്ലി മണ്ഡലത്തില്‍ പി. ഉബൈദുള്ള സി.പി.എമ്മിലെ കെ.പി സുമതിയെ 35672 വോട്ടുകള്‍ക്കും, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ മഞ്ഞലാംകുവി അലി 579 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ വി. ശശികുമാറിനെ തോല്‍പ്പിച്ചതുമാണ് 2016ലെ ഇവിടത്തെ തിരഞ്ഞെടുപ്പ് ഫലം. വരുന്ന ഉപതിരഞ്ഞെടുപ്പിലും ഈ മുസ്ലീം ലീഗ് കോട്ടയില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.

ഗോദയിലിറങ്ങാന്‍ കച്ചകെട്ടി പി.കെ കുഞ്ഞലിക്കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക