Image

പള്‍സറും വിജീഷും എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ക്വട്ടേഷനെന്ന് പോലീസ്‌

Published on 25 February, 2017
പള്‍സറും വിജീഷും എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ക്വട്ടേഷനെന്ന് പോലീസ്‌
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പള്‍സര്‍ സുനിയേയും വിജീഷിനെയും എട്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാന്‍ സാധിക്കൂവെന്ന് പോലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളെ നുണപരിശോധനയ്ക്ക് വിധേരാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ നിര്‍ണായക തെളിവുകളാണെന്നും പോലീസ് പറയുന്നു. അതിനിടെ കോടതിയിലേക്ക് പോകുന്നതിനായി പോലീസ് വാഹനത്തില്‍ കയറവേ പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകളെ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നുമാണ് പള്‍സര്‍ സുനി പ്രതികരിച്ചത്. നടിയോട് വ്യക്തിവൈരാഗ്യമില്ലെന്നും കേസില്‍ ആവശ്യമില്ലാതെ ആരെയും വലിച്ചിഴക്കരുതെന്നും സുനി പറഞ്ഞു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് സിനിമക്കാരുടെ കാര്യമല്ലെന്നും പ്രതി വ്യക്തമാക്കി. ക്വട്ടേഷന്‍ സാധ്യതയില്ലെന്ന് പോലിസ് പറയവെയാണ് സുനിയുടെ പ്രതികരണം. സുനില്‍കുമാര്‍ ഒന്നും തന്നെ വിട്ടുപറഞ്ഞില്ല. 

മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അയാള്‍ തിരിഞ്ഞുനോക്കിയില്ല. ഏറെ നേരത്തിന് ശേഷം ഇപ്പോള്‍ അതൊക്കെ പറയുന്നത് ശരിയാണോ എന്ന മറുചോദ്യമായിരുന്നു പ്രതികരണം. ക്വട്ടേഷനാണോ എന്ന ചോദ്യത്തിന് സുനി വ്യക്തമായ മറുപടി തന്നില്ല. പോലിസ് പറയുന്നതല്ലേ ഇപ്പോള്‍ നടക്കൂവെന്നായിരുന്നു അയാളുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുമായി കൂടുതല്‍ സംസാരിക്കുന്നതിന് മുമ്പ് സുനിയെ പോലിസ് അവിടെ നിന്നു മാറ്റി. സംഭവത്തില്‍ ക്വട്ടേഷന്‍ സാധ്യതയില്ലെന്നാണ് പോലിസ് പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയതാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു. കൂടുതല്‍ തെളിവ് ലഭിച്ചില്ലെങ്കില്‍ എല്ലാം സുനിയില്‍ അവസാനിക്കുന്ന മട്ടാണ്.

ഒളിവില്‍ പോവുന്നതിന് മുമ്പ് അടുപ്പക്കാരിയുടെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. സുനി നടത്തിയ ചില നീക്കങ്ങള്‍ സംബന്ധിച്ച് ഈ സ്ത്രീക്ക് അറിയാമെന്നാണ് പോലിസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്താലും കാര്യമായ വിവരം കിട്ടുമെന്ന് പോലിസ് വിശ്വസിക്കുന്നു. ഒളിവില്‍ കഴിയുന്ന സമയം സുനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത വ്യക്തിയെയും പോലിസ് തിരയുന്നുണ്ട്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പോലിസ് പറയുന്നു. ഇയാളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ കണ്ടെത്താനും സാധിച്ചില്ലെങ്കില്‍ പോലിസ് കുഴങ്ങുമെന്ന് ഉറപ്പാണ്. ഒളിവിലായിരുന്ന വേളയില്‍ സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഉപയോഗിച്ച ഒരു സിം കാര്‍ഡിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സിം കാര്‍ഡും ഫോണും സുനിക്ക് നല്‍കിയത് കോയമ്പത്തൂരിലെ സുഹൃത്താണെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

പള്‍സറും വിജീഷും എട്ട് ദിവസം പോലീസ് കസ്റ്റഡിയില്‍, ക്വട്ടേഷനെന്ന് പോലീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക