Image

പുറങ്കാല്‍ കല്യാണിയും , പുത്തന്‍ ചാരിത്ര്യ വാദവും (നര്‍മ്മ കഥ: ജയന്‍ വര്‍ഗീസ്)

Published on 25 February, 2017
പുറങ്കാല്‍ കല്യാണിയും , പുത്തന്‍ ചാരിത്ര്യ വാദവും (നര്‍മ്മ കഥ: ജയന്‍ വര്‍ഗീസ്)
തന്റെ ചാരിത്ര്യം അപഹരിക്കപ്പെടുമോ,അപഹരിക്കപ്പെടുമോ എന്ന ആധിയില്‍ കാലം കഴിച്ചിരുന്ന ഒരു കന്യകയായിരുന്നു കല്ല്യാണിത്തള്ള.ലോകത്താകമാനവും നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ കേള്‍ക്കുമ്പോള്‍ തള്ള ഞെട്ടി.എന്നെങ്കിലും ഒരു കാലമാടന്‍ തന്റെ ചാരിത്ര്യവും അപഹരിക്കാന്‍ വരും എന്ന ഭയം തള്ളയെ തളര്‍ത്തി.

എങ്ങിനെയും ആ സാധ്യതയില്‍ നിന്ന് രക്ഷപെടാനുള്ള മുന്‍കരുതലുകള്‍ തള്ള സ്വയം സ്വീകരിച്ചു . കാക്കാംപീച്ചിയുടെ നിറമുള്ള തന്റെ ശരീരം ഒട്ടും പുറത്തു കാണിക്കാതെ മറച്ചു.അറബിപ്പെണ്ണുങ്ങളുടെ മുഴു പര്‍ദ്ദാ സംപ്രദായമാണ്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അഭിമാന വേഷം എന്ന് അവര്‍ വിശ്വസിച്ചു. വെളുത്തവരെ ആര് നോക്കാന്‍ എന്നാണു കല്യാണിയുടെ ന്യായം.ഏഴഴകുള്ള കറുപ്പായ തന്റെ സൗന്ദര്യത്തെക്കുറിച്ചാണ് കല്യാണിക്കു ആധി. അതുകൊണ്ടു തന്നെ സ്ലീവ് ലെസ്സും , നെക് ലെസ്സും ഒക്കെ ഒഴിവാക്കി. ശബരിമല, മാരാമണ്‍ മുതലായ ആള് കൂടുന്ന സ്ഥലങ്ങളില്‍ പോകാതായി.

എന്നിട്ടും കല്ല്യാണി ഭയന്നതു തന്നെ സംഭവിച്ചു. കാറിലേക്ക് കാലെടുത്ത് വച്ചതേയുള്ളു, അപ്പഴേക്കും നോക്കുന്നു വീട്ടില്‍ ഒറ്റക്ക് കഴിയുന്ന ഒരുത്തന്‍.
" എന്താ നോക്കുന്നത്? " കല്യാണിക്ക് ദേഷ്യം വന്നു.
" ഭവതിയുടെ ആ കരി ഓയില്‍ പദങ്ങളുടെ ഭംഗി ......"
"ഫ! എരപ്പേ, എന്റെ ചാരിത്ര്യം അപഹരിക്കാന്‍ നോക്കുന്നോ?" എന്ന് ചോദിച്ചതും, പുറങ്കാല്‍ മടക്കി അയാളുടെ മുഖത്തടിച്ചതും ഒരുമിച്ചു കഴിഞ്ഞു. റോഡില്‍ വീണ മുന്‍ നിര പ്പല്ലുകള്‍ പെറുക്കി അയാളോടിയെന്നും, അന്ന് മുതല്‍ക്കാണ്, കറുന്പി കല്ല്യാണിക്ക് പുറങ്കാല്‍ കല്ല്യാണി എന്ന് പേര് വന്നതും എന്ന് കഥ!
കാണുന്നവരെ കല്ലെറിഞ്ഞും, കുശുന്പും, കുന്നായ്മയും വാരി വിതറിയും കല്യാണിത്തള്ള ജീവിച്ചു പൊന്നു.ഏഴഴകുള്ള തന്റെ കാക്കക്കോല ചാരിത്ര്യം ആരും അപഹരിക്കാതിരിക്കുന്നതിനുള്ള ഒരു മുന്‍ കറുത്തലായിട്ടാണ്, തള്ള ഒരു കുശുന്പിയും കുന്നായ്മക്കാരിയുമായി സ്വയം മാറിയത്.

കാലം കടന്നു പോയി.എല്ലാവരെയും പോലെ കല്ല്യാണിത്തള്ളയും മരിച്ചു. പരലോക കാര്യാലയത്തില്‍ കല്യാണിയുടെ കേസ്സ് വന്നു. ചാരിത്ര്യ സംരക്ഷണത്തിനായി താന്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ വീറോടെ വാദിച്ചുവെങ്കിലും, " സൗന്ദര്യം ദര്‍ശിക്കാനുള്ളതാണ് " എന്ന വിധി ന്യായത്തോടെ കല്യാണിയെ നരകത്തിലേക്ക് തള്ളി.

കെടാത്ത തീയുടെ ചൂടിനെപ്പറ്റി പള്ളീലച്ചന്മാര്‍ പറഞ്ഞപ്പോള്‍, ഇത്രക്ക് കരുതിയില്ലാ കല്യാണി. ചാകാത്ത പുഴുക്കളെ പറിച്ചെറിഞ്ഞു, പറിച്ചെറിഞ്ഞു കല്യാണി വലഞ്ഞു.
"ഹലോ കല്ല്യാണിയേ " ആരുടെയോ വിളി കേട്ടിട്ടാണ് കല്ല്യാണിത്തള്ള മുഖമുയര്‍ത്തിയത്. മുന്‍വരി പ്പല്ല് പൊയ്‌പോയ, മോണ കാട്ടി ചിരിച്ചൊരാള്‍ അതാ നില്‍ക്കുന്നു സ്വര്‍ഗ്ഗത്തില്‍.
" ആരാ? " കല്ല്യാണി തിരക്കി.
"ഓര്‍ക്കുന്നില്ലേ? അന്ന് കല്ല്യാണി അടിച്ചു തെറുപ്പിച്ചതാ ഈ പല്ലുകള്‍."
" ഓ ...എന്റെ ചാരിത്ര്യം കവരാന്‍ വന്ന .......?
"ങ് ആ അത് അതിനൊന്നും ആയിരുന്നില്ലാ കല്ല്യാണി.....ഒരു പെണ്ണിന്റെ കാല് ഇത്രക്ക് കരി ക്കൊള്ളിയായി പോയല്ലോ എന്നോര്‍ത്തു നോക്കി പ്പോയതാ."
"സോറി ! "
" എങ്ങിനുണ്ട് താഴത്തെ താമസ്സമൊക്കെ?"
" എന്ത് പറയാനാ സുഹൃത്തേ, വലിയ ചാരിത്ര്യ വാദവും പറഞ്ഞു നടന്നത് വെറുതെ.അവസാനം ഇതാ കിട്ടിയത്."
"ഞാന്‍ സഹായിക്കണോ ?"
"ഒരു സഹായവും ഞാനര്‍ഹിക്കുന്നില്ല...,എങ്കിലും, കഴിയുമെങ്കില്‍ ഈ പാനപാത്രം?"
" നോക്കട്ടെ. ഇപ്പോഴെങ്കിലും നിങ്ങള്‍ എന്നെ 'സുഹൃത്തേ ' എന്ന് വിളിച്ചല്ലോ ?"
അങ്ങിനെയാണ്, ദൈവത്തിന്റെ മുന്‍പില്‍ കല്യാണിത്തള്ളയുടെ ദയാ ഹര്‍ജി വരുന്നതും, ദയ അനുവദിക്കപ്പെടുന്നതും.
ദൈവം കൊടുത്ത വലിയ നൂലിന്റെ ഒരറ്റം അയാള്‍ സ്വര്‍ഗ്ഗത്തിന്റെ ചിത്രത്തൂണുകളില്‍ ഒന്നില്‍ ബലമായി കെട്ടിയുറപ്പിച്ചു. മറ്റേയറ്റം നരകത്തിലേക്കിട്ടു കൊടുത്തു. അതിലൂടെ പിടിച്ചു,പിടിച്ചു പതിയെ മുകളിലോട്ട് കയറിപ്പോരാന്‍ തള്ളയോട് നിര്‍ദ്ദേശിച്ചു.

മെലിഞ്ഞുണങ്ങിയ തള്ള നൂലിലൂടെ പതിയെ മുകളിലേക്ക് കയറുകയാണ്. അപ്പോഴാണത് സംഭവിച്ചത്: സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു നൂല് നരകത്തില്‍ ഫ്രീയായി കിടക്കുന്നത് ഒരു മലയാളി ആണ് ആദ്യം കണ്ടത്.വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.അച്ചായന്മാരും, അമ്മായിമാരും അളിയന്മാരും, ഇന്‍ലോ മാരുമായി ഒരു വലിയ കൂട്ടം ഒത്തു കൂട്ടുകയും, മുന്‍ഗണനാ ക്രമത്തില്‍ നൂലിലൂടെ സ്വര്‍ഗത്തിലേക്കുള്ള കയറ്റം തുടങ്ങുകയും ചെയ്തു.

സ്വര്‍ഗ്ഗ വാതിലിന്റെ കൈപ്പിടിയിലേക്കു പിടിക്കുന്നതിനു തൊട്ടു മുന്‍പ് തള്ള ഒന്ന് താഴോട്ടു നോക്കി. അപ്പോഴാണ്, ചട്ടനും,ചടന്തനും, മൊട്ടയും, മോഴയുമായി ഒരു വലിയ കൂട്ടം നൂലിലൂടെ കയറി വരുന്നത് കണ്ടത്.

കുശുമ്പിത്തള്ള ദേഷ്യം കൊണ്ട് വിറച്ചു.ങാഹാ, എനിക്കിട്ടു തന്ന നൂലിലൂടെയാണോ ചക്കാത്തിന് കയറ്റം? ഇപ്പ ശര്യാക്കിത്തരാം.

തന്റെ തൊട്ടു പിറകിലെത്തിയവന്റെ തലയിലേക്ക് തള്ള ഒറ്റച്ചവിട്ട്. ചവിട്ടിന്റെ ആയം താങ്ങാന്‍ നൂലിന് കഴിഞ്ഞില്ല.സ്വര്‍ഗത്തില്‍ നിന്ന് അത് പൊട്ടി.ധും! തള്ളയും, നൂല്‍ യാത്രക്കാരും ഒരുമിച്ചു വീണ്ടും നരകത്തില്‍ വീണു. വീഴ്ചയില്‍ തള്ളയുടെ ഇടതു മുന്‍ നിരയിലെ ഒരു പല്ല് പോവുകയും, കൈയും, കാലും ഉളുക്കുകയും ചെയ്തു.

"ഒന്നൂടെ ഇട്ടു തായോ ആ നൂല് " എന്ന് തള്ള അലറിക്കരഞ്ഞു വിളിച്ചെങ്കിലും,ഉത്തരമുണ്ടായില്ല. കര്‍ണ്ണ കഠോരമായ ആ ശബ്ദം സഹിക്കാനാവാതെയാവാം, സ്വര്‍ഗ്ഗത്തിന്റെ കിളിവാതില്‍ സാവധാനം അടഞ്ഞു.

ഗുണപാഠം: പിറകേ വരുന്നവരെ അവഗണിച്ചോളൂ, പക്ഷെ, ചവിട്ടിത്താഴ്ത്തരുത്!

അഭ്യര്‍ത്ഥന: ഈ കഥയും, പാത്രങ്ങളും തികച്ചും സങ്കല്പികങ്ങളാണ്."അത് ഞമ്മളാണ് " എന്ന അവകാശ വാദവുമായി ആരും വന്നേക്കരുത് പ്ലീസ് !,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക