Image

പെണ്ണ് മോഷണം: കാവ്യ ഭാവനേ, നിനക്കഭിനന്ദനം! (വീക്ഷണം-സുധീര്‍ പണിക്കവീട്ടില്‍)

Published on 26 February, 2017
പെണ്ണ് മോഷണം: കാവ്യ ഭാവനേ, നിനക്കഭിനന്ദനം! (വീക്ഷണം-സുധീര്‍ പണിക്കവീട്ടില്‍)
പെണ്ണ് മോഷണം ഒരു പുതിയ സംഭവമല്ല. യശ്ശശരീരനായ മുന്‍ മുഖ്യമന്ത്രി നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പെണ്ണുണ്ടെങ്കില്‍ പെണ്ണ് മോഷണവും ഉണ്ടാകും. പുരുഷന്‍ ഏകനായിരിക്കുന്നത് കണ്ട് അവനു വേണ്ടി അവന്റെ വാരിയെല്ല് അവന്‍ പോലും അറിയാതെ ഊരിയെടുത്ത് ദൈവം സൃഷ്ടിച്ചവളെ ചിലപ്പോള്‍ പുരുഷന്‍ കട്ട് കൊണ്ട് പോകുന്നു, കൂട്ടിക്കൊണ്ട് പോകുന്നു തട്ടികൊണ്ട് പോകുന്നു, കെട്ടിക്കൊണ്ട് പോകുന്നു. ഞങ്ങള്‍ എന്താ ചരക്കുകളാണോ ഇങ്ങനെ പൊക്കിക്കൊണ്ട് പോകാന്‍ എന്ന് പെണ്ണുങ്ങള്‍ ഇടക്കൊക്കെ ശബ്ദം വയ്ക്കുമെങ്കിലും അവര്‍ക്ക് ഇത് വരെ പുരുഷനെ പൊക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പൊക്കിക്കൊണ്ട് പോകല്‍ പുരുഷന്റെ ജന്മാവകാശമായി അവന്‍ കാണുന്നു. വളര്‍ന്നു വരുന്ന പൊടി കൊച്ചന്മാര്‍ വരെ അങ്ങനെ വിശ്വസിക്കുന്നു.

 സ്ത്രീകള്‍ പുരുഷന്മാരെ തട്ടികൊണ്ടുപോയ രണ്ട് സംഭവങ്ങള്‍ ഹിന്ദു പുരാണങ്ങളിലുണ്ട്. പുരുഷ സൗന്ദര്യത്തില്‍ ആകൃഷ്ടരായി അവരെ കല്യാണം കഴിക്കാന്‍ വേണ്ടിയായിരുന്നു അത്. വില്ലാളി വീരനായ അര്‍ജുനന്‍ പൂജാകര്‍മ്മാദികള്‍ക്കായി ഗംഗയില്‍ കുളിക്കുക പതിവായിരുന്നു. സര്‍പ്പകന്യകയായ ഉലൂച്ചി അര്‍ജുനനെ കണ്ട് മോഹിച്ച് വിവശയായി. ഒരു ദിവസം കുളിച്ച്‌കൊണ്ടിരിന്നപ്പോള്‍ വളരെ ശക്തമായ ഓളങ്ങള്‍ അദ്ദ്‌ദേഹത്തെ നദിയുടെ ആഴത്തിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി.ശ്വാസം കിട്ടാതെ ആ സവ്യസാച്ചി പിടഞ്ഞ്‌കൊണ്ടിരുന്നപ്പോള്‍ കണ്ടു വളയിട്ട കൈകള്‍. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ തന്റെ മുന്നില്‍ ഒരു സുന്ദരി. അവള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി.

അടുത്ത കഥ ബാണാസുരന്റെ മകള്‍ ഉഷ അവളുടെ സ്വപ്നത്തില്‍ ഒരു സുന്ദര പുരുഷനെ കാണുന്നതിനെപ്പറ്റിയാണ്. അയാളുടെ മോഹിപ്പിക്കുന്ന സൗന്ദര്യം അവളുടെ എല്ലാ കടിഞ്ഞാണുകളും പൊട്ടിച്ചു. പക്ഷെ ആള്‍ എവിടെ? വിവരം കൂട്ടുകാരിയായ ചിത്രലേഖയോട് പറഞ്ഞു. അവള്‍ രൂപം വര്‍ണ്ണിച്ചാല്‍ അതനുസരിച്ച് പടം വരയ്ക്കാന്‍ സമര്‍ത്ഥയാണ്. 

കുറേപേരുടെ പടം വരച്ച് കഴിഞ്ഞപ്പോള്‍ ഉഷയുടെ മാനസമാരനെ കണ്ടെത്തി. അയാള്‍ മറ്റാരുമായിരുന്നില്ല. ശ്രീകൃഷ്ണന്റെ കൊച്ചുമകന്‍ അനിരുദ്ധന്‍. ദ്വാരകയില്‍ നിന്നും അവനെ തട്ടികൊണ്ട് വരുന്ന വിദ്യ നാരദന്‍ ഉപദേശിച്ചു. കൃഷ്ണന്റെ യാദവ വംശവും ഉഷയുടെ അച്ഛന്റെ ദൈത്യ വംശവും തമ്മില്‍ അടിപിടി നടക്കുമല്ലോ എന്ന സന്തോഷത്തിലാണ് നാരദന്‍ ആ ഉപദേശം കൊടുത്തത്. എന്തായാലും ചിത്രലേഖ എന്ന തോഴി പോയി ചെറുക്കനെ ബന്ധിച്ച് കൊണ്ട് വന്നു.
കവികള്‍ക്കും ചിത്രകാരന്മാര്‍ക്കും ഈ പ്രതിഭാസം വളരെ ഇഷ്ടമായിരുന്നു. ഭാരതത്തിന്റെ ആദി കവി വാത്മീകി എഴുതിയ രാമായണത്തിലും പെണ്ണ് മോഷണം ഉണ്ട്. അതിന്റെ പ്രതികാരമായി നടക്കുന്ന യുദ്ധവും അതുമൂലം പെണ്ണിനെ കട്ടവന്റെയും അദ്ദ്‌ദേഹത്തിന്റെ കുലത്തിന്റെയും നാശവും വര്‍ണ്ണിച്ചിട്ടുണ്ട്. 

 കട്ട്‌കൊണ്ടുപോയ പെണ്ണിനെ രക്ഷപ്പെടുത്തികൊണ്ട് വന്നാലും ആ നാണക്കേട് പോകില്ലെന്നും ആ പുണ്യഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഗ്രീക്കുകാരുടെ കവി ഹോമറിന്റെ ഇതിഹാസ കാവ്യത്തിലും സുന്ദരിയായ ഹെലെനെ കട്ടുകൊണ്ട് പോകുന്നതിനെ പറ്റിയാണ് പ്രതിപാദ്യം. ഹെലന് ഇരുപത് വയസ്സ് തികയുന്നതിനു മുമ്പ് അവളെ നാനൂറ് തവണ പലരും തട്ടികൊണ്ട് പോയിട്ടുണ്ടത്രെ. ഇങ്ങനെ പെണ്ണുങ്ങളെ തട്ടികൊണ്ട് പോകല്‍ ഗ്രീക്കുകാരുടെ വിനോദമായിരുന്നു. 

പുരാതന ഗ്രീസില്‍ ഈ തട്ടിക്കൊണ്ടുപോകല്‍ പെണ്ണുങ്ങളോട് 'ഹലോ' പറയുന്നതിന് തുല്യമായിരുന്നു. കന്യകമാരും മനസ്സ് കൊണ്ട് അത്തരം ഒരു സാഹസം ആഗ്രഹിച്ചിരുന്നത്രെ. തന്റെ കപ്പലും കൂടെയുള്ളവരെയും നഷ്ടപ്പെട്ട ഒമ്പത് ദിവസം തിരമാലകളോട് മല്ലടിച്ച് അവസാനം ഒഡിസ്സിസ്സ് ഒരു ദ്വീപില്‍ എത്തപെടുന്നു. അവിടെ സുന്ദരിയായ ഒരു ജലദേവത അയാളെ ബന്ധനസ്ഥനാക്കി വയ്ക്കുന്നു. കാമശമനം മുതല്‍ അമരത്വം വരെ അവര്‍ നല്‍കാന്‍ തയ്യാറാണ് എന്നാല്‍ ഒഡിസിസിനെ വിട്ടുകൊടുക്കില്ല.ഏഴു വര്‍ഷം അവരുടെ തടവുകാരനായി അയാള്‍ക്ക് കഴിയേണ്ടി വന്നു. പെണ്ണുങ്ങളും ഇക്കാര്യത്തില്‍ മോശക്കാരല്ലെന്നു പുരാണങ്ങള്‍ അല്ലെങ്കില്‍ കവിയുടെ കാവ്യഭാവനകള്‍ നമ്മോട് പറയുന്നു.

മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനും ചെറുപ്പകാലത്ത് തന്റെ അനിയന്മാര്‍ക്ക് വേണ്ടി മൂന്നു സുന്ദരിമാരെ തട്ടിക്കൊണ്ടുപോയി വേളി കഴിപ്പിച്ചു. അതില്‍ ഒരാള്‍ മാത്രം അതിനു വഴങ്ങിയില്ല. കാരണം അവള്‍ വേറൊരാളെ സ്‌നേഹിച്ചിരുന്നു. ഭീഷ്മര്‍ അത് മനസ്സിലാക്കി വിട്ടയച്ചെങ്കിലും ഒരിക്കല്‍ ഒരാള്‍ തട്ടിക്കൊണ്ടുപോയതുമൂലം അവളുടെ കാമുകന്‍ അവളെ തിരസ്‌കരിച്ചു. 

 അവള്‍ സംഹാരരുദ്രയായി ആത്മഹത്യ ചെയ്തു. അടുത്ത ജന്മത്തില്‍ പുരുഷനായി ജനിച്ച് പകരം വീട്ടുമെന്ന് പ്രതിജ്ഞ ചെയ്തു.
ശിഖണ്ടി എന്ന പേരില്‍ അറിയപ്പെട്ട അംബയാണ് ഭീഷ്മരെ കൊന്നതെങ്കിലും അവരുടെ ജീവിതം ആ തട്ടിക്കൊണ്ടുപോകലില്‍ ഛിന്നഭിന്നമായി. കഠിന വ്രുതങ്ങളും, തപസ്സുമൊക്കെ ചെയ്തിട്ടും അവള്‍ക്ക് ഭീഷ്മരോട് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ല. തട്ടികൊണ്ട് പോയവന്‍ ശക്തനാണെങ്കില്‍ അവനോട് പ്രതികാരത്തിനൊന്നും പോകാതെ വീണു കിട്ടുന്ന ജീവിതം സ്വീകരിച്ച് ജീവിച്ച് മരിക്കുക എന്ന പാഠമാണ് അംബയുടെ കഥയില്‍ നിന്നും മനസ്സിലാക്കുക. 

ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്ക് തന്നെ കേടെന്ന് ഈ പാവം സ്ത്രീയുടെ കഥ പറയുന്നു. ശിഖണ്ഡി ഭീഷ്മര്‍ക്ക് നേരെ അമ്പെയതെങ്കിലും അര്‍ജുനന്റെ അമ്പ് കൊണ്ടാണ് ഞാന്‍ വീണത് എന്ന് ഭീഷ്മര്‍ വിളിച്ച് പറഞ്ഞപ്പോള്‍ അംബ എന്ന ശിഖണ്ടി അമ്പേ പരാജയപ്പെട്ടു.
ഇതൊക്കെ എഴുത്തുകാരുടെ കാവ്യഭാവനകള്‍ ആയിരിക്കാം. എങ്കിലും അതിലും സത്യം മറഞ്ഞിരിക്കുന്നു. 

ഇന്ന് നമ്മള്‍ കാണുന്ന എല്ലാ സംഭവങ്ങളും പരിശോധിച്ചാല്‍ കാണുന്നത് ശക്തിയുള്ളവന്‍ ശക്തിയില്ലാത്തവനെ ചൂഷണം ചെയ്യുന്നതാണ്. ആ അവസ്ഥക്ക് മാറ്റം വരുന്നില്ലെങ്കിലും സമയമാകുമ്പോള്‍ ദൈവം രക്ഷിക്കുമെന്ന് മതപ്രവാചകന്മാര്‍ അവരുടെ അരി കാശിനു വേണ്ടി വെറുതെ പറഞ്ഞു മനുഷ്യരെ കബളിപ്പിക്കുന്നു. നിന്നോടൊക്കെ ദൈവം ചോദിക്കുമെന്ന് അശരണന്മാര്‍ മരണം വരെ പറയുന്നത് മാത്രം മിച്ചം. സിംഹം മാന്‍കുട്ടിയെ പിടിച്ച് തിന്നുന്നു. മാനുകളൊക്കെ നിവേദനങ്ങളുമായി ദൈവത്തിന്റെ അടുത്ത് പോകുന്നില്ല. മനുഷ്യര്‍ മാത്രമാണ് ദൈവമെന്ന സങ്കല്പം ഉണ്ടാക്കി അവന്റെ ജീവിതം ദുസ്സഹമാക്കുന്നത്. ശക്തിയുള്ളവനേയും ഇല്ലാത്തവനെയും സൃഷ്ടിച്ചത് ദൈവമെന്ന സങ്കലപ്പമാണെങ്കില്‍ പിന്നെ എന്തിനു അദ്ദേഹത്തിന്റെ അടുത്ത് പോയി നിലവിളിക്കുന്നു. മൃഗങ്ങള്‍ ആ പണിക്ക് പോകുന്നില്ല
എല്ലാ മതക്കാരും എത്രയോ സമയം പേജ് കണക്കിന് എഴുതിയുണ്ടാക്കിയ പ്രാര്‍ത്ഥനകള്‍ ചൊല്ലി സമയം കളയുന്നു. 

'നന്മയുള്ളവര്‍ക്ക് മാത്രം ബുദ്ധി കൊടുക്കേണമേ' എന്ന ഒറ്റ പ്രാര്‍ത്ഥന മതി. ദൈവം അത് കേട്ടാല്‍ പിന്നെ പ്രശ്‌നങ്ങള്‍ ഇല്ല. ഇന്നിപ്പോള്‍ ബുദ്ധിയുള്ളവര്‍, ശക്തിയുള്ളവര്‍ അതില്ലാത്തവരെ ചൂഷണം ചെയ്യുന്നു. ഒരു പാവം പ്രൊഫസ്സര്‍ അദ്ദേഹത്തിന്റെ മകന്‍ മരിച്ചോ ഇല്ലയോ എന്ന് പോലും അറിയാതെ അലഞ്ഞു നടന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സിന്റെ സമനില തെറ്റി. ഒടുവി ല്‍ ആരില്‍ നിന്നോ സത്യം അറിഞ്ഞു. അപ്പോഴേക്കും എല്ലാ നഷ്ടപ്പെട്ടു. ആ അവസ്ഥക്ക് കാരണകാരായവര്‍ക്ക് ഒന്നും സംഭവിച്ചില്ല. ദൈവം ചോദിച്ചില്ല. അങ്ങേരാണ് അതിനുത്തരവാദി, പിന്നെ എങ്ങനെ പകരം ചോദിക്കും?

സദാചാരഗുണ്ടായിസത്തിന്റെ ആദ്യത്തെ ഇര സീതാദേവിയാണ്. ചാരിത്ര്യശുദ്ധിയും അഗ്‌നിപരീക്ഷയിലെ വമ്പിച്ച വിജയവും മണ്ണാന്റെ പരദൂഷണത്തില്‍ മങ്ങിപ്പോയി. അത് ത്രേതായുഗത്തില്‍. പിന്നെ വന്ന ദാപുരയുഗത്തില്‍ പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായി. പക്ഷെ ഗുണമുണ്ടായില്ല. നിറഞ്ഞ സദസ്സില്‍ വച്ച് അവളെ വസ്ത്രാക്ഷേപം ചെയ്തു. അവള്‍ കൃഷ്ണനെ വിളിച്ച് കരഞ്ഞു. ചെറുപ്പകാലത്ത് ഗോപികമാര്‍ കുളിക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ തട്ടിക്കൊണ്ടുപോയി മരക്കൊമ്പത്ത് വച്ച് രസിച്ചിരുന്ന കൃഷ്ണന് പെണ്‍കുട്ടികള്‍ നഗ്‌നരാകേണ്ടിവരുമ്പോഴുള്ള മനോവേദന അറിയാം. 

അഴിക്കുംതോറും വസ്ത്രങ്ങള്‍ വന്നു മൂടുന്ന ജാലവിദ്യ കാട്ടി പാഞ്ചാലിയുടെ മാനം കാത്തു. ഇന്നിപ്പോള്‍ 'കൃഷ്ണാ നീ എവിടെ' എന്ന് തൊണ്ടപൊട്ടുമാറ് നിലവിളിക്കാമെന്നു മാത്രം.

സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനം അങ്ങനെ യുഗങ്ങളിലൂടെ മാറിക്കൊണ്ടിരുന്നു. കലിയുഗത്തില്‍ അവള്‍ക്ക് വീണ്ടും അരക്ഷിതാവസ്ഥ വന്നു. വാസ്തവത്തില്‍ പുരുഷമേധാവിത്വമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കന്യകാത്വത്തിനും, ചാരിത്ര്യത്തിനും വലിയ വില കല്‍പ്പിക്കുന്നത് പുരുഷനാണ്. അവനാല്‍ നശിപ്പിക്കപ്പെടുന്ന ആ സങ്കല്പം ഒട്ടുമേ പൊട്ടാതെ തട്ടാതെ വേണമെന്ന് അവന്‍ ശഠിക്കുമ്പോള്‍ ദൈവത്തിനു പോലും തിരിച്ച് നല്‍കാന്‍ കഴിയാത്ത ആ സാധനം സ്ത്രീയെ കണ്ണുരുട്ടി പേടിപ്പിച്ച് അടക്കി ഭരിക്കുന്നു. തട്ടികൊണ്ട് പോയ ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്താല്‍ അവള്‍ അത് മറച്ച് വയ്ക്കുന്നു. ചില്ലറ പരിക്കോടെ വിട്ടയക്കുമ്പോഴാണ് അവള്‍ നിയമത്തിന്റെ വഴി തേടുന്നത്. പക്ഷെ അതോടെ അവളുടെ വില ഇടിഞ്ഞു പോകുന്നു. 

അതെ അവള്‍ക്ക് സമൂഹം വിലയിടുന്നുണ്ട്, വില കെടുത്തുന്നുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെച്ചൊല്ലി വളരെ ഒച്ചപ്പാടുകള്‍ ഉണ്ടാകുന്നുണ്ട്. ഇവിടെ അമേരിക്കയിലും സമൂഹ നേതാക്കള്‍ കണ്ണീര്‍ പൊഴിക്കുന്നു. തേങ്ങി കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലിവിടെ എന്നും പൊട്ടിക്കരയിക്കാന്‍ മാത്രമായി ഞങ്ങള്‍ക്ക് എന്തിനു നീ ദു:ഖം തന്നു എന്നും പാടി പാടി അവര്‍ ചങ്കു പൊട്ടിക്കുന്നു. ജനങ്ങളുടെ വേദന അറിയുമ്പോള്‍ ഞെട്ടുകയും പൊട്ടിക്കരയുകയും പരിഭ്രമിക്കുകയും ഒക്കെ ഒരു നേതാവ് ചെയ്യണമല്ലോ? പാവപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ പ്രേതങ്ങള്‍ വെളുത്ത സാരി ചുറ്റി ചേട്ടന്മാരെ ഞങ്ങളും ഇവിടെയൊക്കെയുണ്ടെന്നു പറയുന്നെങ്കിലും ആരും കേള്‍ക്കുന്നില്ല.

സത്യവും നീതിയും ഒരിക്കലും പുലരാന്‍ പോകുന്നില്ല. നിയമത്തിന്റെ കറുത്ത കുപ്പായമണിഞ്ഞ ദുര്‍ഭൂതങ്ങള്‍ എല്ലാം മാറ്റി മറിക്കും. കുറ്റകൃത്യങ്ങള്‍ കുറയാന്‍ മുഴുവന്‍ വക്കീലന്മാരെയും കൊല്ലുക എന്ന് പറഞ്ഞ വിശ്വമഹാകവിയെ ഓര്‍ക്കുക. അല്ലെങ്കില്‍ തന്നെ കോടതിയില്‍ നിന്നും എന്ത് നീതി ലഭിക്കാന്‍. അവിടെ തെളിവുകള്‍ അല്ലേ വേണ്ടത്. സത്യം ആര്‍ക്ക് കേള്‍ക്കണം. തലക്ക് ക്ഷതമേറ്റ് രക്തമൊഴുകുമ്പോള്‍ മലര്‍ത്തി കിടത്തി സുരതം നടത്തിയാല്‍ സ്ത്രീ മരിച്ച് പോകുമെന്ന് പാവം തമിഴന്‍ ചെക്കനറിയില്ലായിരുന്നു എന്ന് കോടതി നമ്മോട് പറയുന്നു. നമുക്ക് തിരിച്ച് ഒന്നും മിണ്ടാന്‍ വയ്യ. തിരുവായക്ക് എതിര്‍വായ ഇല്ലല്ലോ? പറഞ്ഞു നോക്കി ഒരു മുന്‍ ജഡ്ജി. അയാളുടെ നേരെ കോര്‍ട്ടലക്ഷ്യം ഉണ്ടാകുമെന്നു അറിയിച്ചു. അദ്ദ്‌ദേഹം പിന്‍ മാറി. തെളിവുകള്‍ മാത്രമാണ് കോടതിയില്‍ ആവശ്യമെന്നിരിക്കെ എന്തിനാണ് മനുഷ്യന് കോടതികള്‍.

ഒരു നല്ല നടിക്ക് ഉണ്ടായ ദുരനുഭവം ഇനിയും ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. ഒരു കാര്യം വ്യക്തമാകുന്നു. പ്രശസ്തരെ തൊട്ടു കളിച്ചാല്‍ കടന്നല്‍ കൂട്ടം പോലെ അവരുടെ പ്രിയപ്പെട്ടവര്‍ ഇളകും. പുരാണങ്ങളില്‍ ഇങ്ങനെ തട്ടിക്കൊണ്ടു പോയവരില്‍ രാവണനെ മാത്രമേ ശിക്ഷിച്ചതായി ഈ ലേഖകനറിവുള്ളു. പാവം രാവണന്‍. പന്ത്രണ്ട് മാസം സീതാദേവിയെ അദ്ദ്‌ദേഹം തടങ്കലില്‍ വച്ചു. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ. അങ്ങനെ ഒരു ഔദാര്യം രാവണന്‍ ചെയ്തത് വേദവതിയുടെ ശാപം മൂലം സീതയെ തൊടാന്‍ കഴിയാത്തത്‌കൊണ്ടാണെന്നു രാമായണ കര്‍ത്താവ് പറയുന്നു. പത്താം മാസത്തിലാണ് ഹനുമാന്‍ സീതയെ കാണുന്നത്. ഒരു കുഞ്ഞിന് പിറക്കാനുള്ള കാലാവുധി കഴിഞ്ഞ്. ഒരു പക്ഷെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കാനാണോ ഹനുമാന്‍ വന്നത്. 

 രാക്ഷസന്മാര്‍ക് പ്രാതല്‍ ഉണ്ടാക്കാന്‍ അവരെ കൊടുക്കുമെന്ന് രാവണന്‍ പറയാറുണ്ടായിരുന്നു. രാവണനില്‍ നിന്ന് രക്ഷിച്ച് കൊണ്ട് വന്ന് മാനം കെടുത്തി അവസാനം ഭൂമി പിളര്‍ന്ന് അവര്‍ അപ്രത്യക്ഷയായി. ആ രാക്ഷസന്മാര്‍ക് പ്രാതല്‍ ആകുകയായിരുന്നു അതിലും ഭേദം. അംബയെ തട്ടികൊണ്ട് വന്ന ഭീഷ്മര്‍ക്ക് ശിക്ഷ കിട്ടിയില്ല. സുന്ദരിമാരുടെ പുറകെ നടക്കുന്ന ദേവേന്ദ്രനും ഒന്നും സംഭവിച്ചില്ല. ഒരു രാവണനെ മാത്രം ഒരു ഉത്തമ പുരുഷോത്തമന്‍ കൊന്നു. ഇത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

ഇങ്ങനെ എഴുതിയത് കൊണ്ടോ ഒന്നോ ഏഴോ പേര് ഇത് വായിച്ചത് കൊണ്ടോ എന്തുണ്ടാകാന്‍. ഒന്നും സംഭവിക്കില്ല. സിംഹം മാന്‍കുട്ടിയെ ഉപദ്രവിക്കും. അത് പ്രകൃതിയുടെ നിയമം. മനുഷ്യനും അങ്ങനെ തന്നെ. അവനെ അവനെക്കാള്‍ ശക്തിയുള്ളവന്‍ ഉപദ്രവിക്കും. ഇതൊക്കെ അറിയുന്ന ദൈവം ചിന്തിച്ച് കരയാനും ആലോചിച്ച് വട്ടു പിടിക്കാനും മനുഷ്യന് കഴിവ് കൊടുത്തിട്ടുണ്ടെന്നതില്‍ സമാധാനിക്കാം. പാവം മൃഗങ്ങള്‍ക്കതില്ല.
ശുഭം
Join WhatsApp News
sinkam 2017-02-26 06:54:55
കേരളത്തില്‍ സംഗത്തിനു യാതൊരു സൗകര്യവുമില്ലാത്ത കാലമാണ്. അതിനാല്‍ ബലാത്സംഗം നടക്കുന്നു. മുന്‍ തലമുറകള്‍ ഇത്രയധികം വീര്‍പ്പുമുട്ടി ആയിരുന്നില്ല കഴിഞ്ഞത്. 
James Mathew, Chicago 2017-02-26 12:14:28
നീതി ന്യായ വ്യവസ്ഥ തകർന്ന ഒരു രാജ്യത്ത് ജനങ്ങൾക്ക് എന്ത് സുരക്ഷ. പാവം ഭാവന. ഒരു നീതിയും കിട്ടാൻ പോകുന്നില്ല. മാനം പോയത് ബാക്കി. മിണ്ടാതിരിക്കൽ മാനികൾക്ക് ഭൂഷണം.ലേഖനം നല്ലത്.
vayanakaaran 2017-02-27 12:45:45
 ഞങ്ങൾക്ക് രാജു ചാച്ചന്റെ (മൈലാപ്ര) തമാശ വായിക്കണം. പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന വിഷയം  രാജു ചാച്ചൻ എഴുതുമ്പോൾ  കലക്കും. സുധീർ എഴുതിയത് സാഹിത്യപരമായി നോക്കുമ്പോൾ രസകരവും അറിവ് പകരുന്നതുമാണ്. എന്നാൽ  അൽപ്പം ജനകീയമാക്കി തുമ്പയിൽ സാറും, ഫലിതം ചേർത്ത് രാജു ചാച്ചനും എഴുതുന്നത് വായിക്കാൻ സാധാരണക്കാരായ ഞങ്ങൾക്ക് രസം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക