'മസാല റിപ്പബ്ലിക്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അരുണ്‍ കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു എന്ന റെമാന്റിക് കോമഡി ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നു. നായികയെ തേടി അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രൊമോഷന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സാഗര്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ. ഡെല്‍റ്റയാണ് നിര്‍മ്മാതാക്കള്‍
അഞ്ചടി അഞ്ചിഞ്ച് ഉയരം, കിടിലന്‍ ഫിഗറ്, ഉണ്ടക്കണ്ണുകള്‍, അസലായിട്ട് ഡാന്‍സ് കളിക്കുകയും പാടുകയും അഭിനയിക്കുകയും ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടിയേയാണ് നായികയായി അന്വേഷിക്കുന്നത്. ഇത് മാത്രം പോര, നല്ലതുപോലെ സംസാരിക്കുകയും, ജാഡയും അഹങ്കാരവും വേണമെന്നും പ്രൊമോഷന് വീഡിയോയില്‍ പറയുന്നു. 'മാന്നാര്‍ മത്തായി സ്പീക്കിങ്' എന്ന ചിത്രത്തില്‍ നടിയെ അന്വേഷിച്ച് മുകേഷ് പോകുന്ന സീന്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് വീഡിയോയില്‍.
ബാലു വര്‍ഗീസ്, ശബരീഷ് വര്‍മ്മ, പാഷാണം ഷാജി എന്നിവരാണ് വീഡിയോയില്‍ നായികയെത്തേടി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവരാണ്. കൂടാതെ വിനയ് ഫോര്‍ട്ട് മനോജ് ഗിന്നസ് എന്നിവരും ചിത്രത്തിലെത്തുന്നു. ലഡുവില്‍ നായികയാകാന്‍ ആഗ്രഹിക്കുന്നവര്‍ ഹമറീീവേലാീ്ശല@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലേക്ക് ബയോഡേറ്റയും ഫോട്ടോയും അയക്കേണ്ടതാണെന്ന് വീഡിയോയില്‍ പറയുന്നു. മാര്‍ച്ച് പത്ത് വരെയാണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി.