Image

ഭക്തി (കവിത: വാസുദേവ് പുളിക്കല്‍)

Published on 26 February, 2017
ഭക്തി (കവിത: വാസുദേവ് പുളിക്കല്‍)
ചാരിയിട്ട ജാലകത്തിനിടയിലൂടെ
പ്രഭാത സൂര്യന്റെ കിരണങ്ങളെന്‍
മുഖം തഴുകിപ്പോയാലും
കിടക്കയില്‍ നിന്നെഴുന്നേള്‍ക്കാന്‍ മടി
താണുപോകുന്നു താനെയെന്‍ കണ്‍പോളകള്‍
കണ്ണടച്ചാലോടിയെത്തുന്നോര്‍മ്മകള്‍,
നഷ്ടത്തിന്നോര്‍മ്മകള്‍ മനം നുറുക്കാന്‍
രാത്രിയുടെ അന്ത്യയാമത്തിലുമുറങ്ങാതെ
ചിന്തയുടെ ചുഴിയില്‍ കറങ്ങിത്തിരിയുന്നു.
ഉറങ്ങാന്‍ കൊതിപൂണ്ട നാളുകള്‍
നക്ഷത്രങ്ങളെണ്ണിയെണ്ണിക്കഴിഞ്ഞ രാവുകള്‍
എത്രയെത്ര രാത്രികളിങ്ങനെയിഴഞ്ഞു പോയ്.
ക്ഷീണിതനായുറക്കച്ചടവോടെയാണിന്നും
കിടക്കയില്‍ നിന്നും പൊങ്ങിയത്
ലൗകിക മോഹങ്ങള്‍ തകരുമ്പോള്‍
വഴുതി വീഴും ദുഃഖാഗ്നി മറികടക്കാന്‍
“ഈശ്വരന്‍ തുഴയും തോണിയില്‍ കയറേണം.”
ഭൗതിക സമ്പത്തൊക്കെ നശിച്ചപ്പോള്‍
അനശ്വരമാം അദ്ധ്യാത്മികത്തിളക്കത്തില്‍
സ്വയം ഭഗവാനില്‍ സര്‍വ്വം സമര്‍പ്പിച്ച്
ധന്യനായ ചക്രവര്‍ത്തി മഹാബലിയെ പോല്‍
ചഞ്ചല ചിത്തനാകാതെ ഭക്തി സാന്ദ്രതയില്‍
ഭഗവത്പാദങ്ങളിലമര്‍ന്നു ഞാന്‍ സ്വസ്ഥനായ്
ഈശ്വരതാദാത്മ്യം ഭക്തിയിലൂടെ
സാധ്യമെന്നറിയണമനുഭവത്തിലൂടെ.........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക