Image

സ്വവര്‍ഗരതിയെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍

Published on 23 February, 2012
സ്വവര്‍ഗരതിയെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്വവര്‍ഗപ്രേമികള്‍ക്ക് നിയമപരമായ അവകാശങ്ങളുണ്ടെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും അതിനെ അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രാജ്യത്തിന്റെ സാമൂഹ്യവ്യവസ്ഥയ്ക്ക് എതിരായ സദാചാര വിരുദ്ധമായ ഏര്‍പ്പാടാണ് ഇതെന്നും രാജ്യത്ത് പാശ്ചാത്യസംസ്‌കാരം നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയെ ബോധിപ്പിച്ചു.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി.മല്‍ഹോത്രയാണ് കോടതിയില്‍ ഹാജരായത്. ജസ്റ്റിസുമാരായ ജി.എസ്.സിങ്‌വിയും എസ്.ജെ.മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരികവും സദാചാരപരവുമായ പ്രത്യേകതകളെ പരിഗണിക്കുമ്പോള്‍ ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മല്‍ഹോത്ര വ്യക്തമാക്കി. അത് നിയമവിധേയമാക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്.


2009 ലാണ് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് വിലക്കിക്കൊണ്ട് നിയമവിരുദ്ധമല്ലെന്ന് വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയില്‍ വന്ന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയപ്പോഴാണ് സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്. ഹര്‍ജിയിന്‍ മേല്‍ സ്വവര്‍ഗാനുരാഗികളില്‍ നിന്നും സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക