Image

ഡാറ്റാ സെന്റര്‍ കേസ്: സി.ബി.ഐ. അന്വേഷിക്കും

Published on 23 February, 2012
ഡാറ്റാ സെന്റര്‍ കേസ്: സി.ബി.ഐ. അന്വേഷിക്കും
കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പിന്റെ കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷന് കൈമാറിയ നടപടി സംബന്ധിച്ച ആരോപണങ്ങള്‍ സി.ബി.ഐ. അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് വേണ്ടി അഡ്വ.ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി.എസ്.അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാര്‍ എന്നിവരുടെ പങ്ക് ഈ കേസില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് തൃപ്തികരമല്ലെന്ന് കാണിച്ചാണ് ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ വിശദീകരണം കേട്ട കോടതി ഹര്‍ജി തീര്‍പ്പാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, പി.ആര്‍.രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡാറ്റാ സെന്റര്‍ നടത്തിപ്പ് കരാറിന്റെ ടെന്‍ഡര്‍ തീയതി നീട്ടിക്കൊടുത്ത് വി.എസ്. റിയലന്‍സിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ജോര്‍ജിന്റെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക