Image

വീണ്ടും ഫർഹാദി മാജിക് (അനിൽ പെണ്ണുക്കര )

Published on 27 February, 2017
വീണ്ടും ഫർഹാദി മാജിക് (അനിൽ പെണ്ണുക്കര )
"ഈ പുരസ്‌കാരനിശയില്‍ നിങ്ങളോടൊപ്പമില്ലാത്തതില്‍ എനിക്ക് ഖേദമുണ്ട്.
എന്റേതടക്കം വിലക്കപ്പെട്ട ഏഴ് രാജ്യങ്ങളിലെ ജനങ്ങളോടുള്ള ബഹുമാന
സൂചകമായാണ് ഞാന്‍ അവിടെയില്ലാത്തത്. അഭയാര്‍ഥികളെ തടയുന്ന
മനുഷ്യത്വരഹിതമായ ട്രംപിന്റെ നിയമത്തില്‍ പ്രതിഷേധിച്ചാണ്"

ഈ വർഷത്തെ ഓസ്കർ വേദിയിൽ കയ്യടി നേടിയത് മികച്ച സിനിമയും,നടനും
നദിയുമൊന്നുമല്ല ,മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം
നേടിയ ദി സെയില്‍മാന്റെ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയാണ് .അമേരിക്കന്‍
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തില്‍
പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച ഫര്‍ഹാദിയുടെ സന്ദേശം പുരസ്‌കാര
ചടങ്ങില്‍ വായിച്ചപ്പോൾ ലോകം എണീറ്റ്  നിൽക്കുകയായിരുന്നു .
"ലോകത്തെ യു.എസും യു.എസിന്റെ ശത്രുക്കളും എന്ന് വിഭജിച്ചിരിക്കുകയാണ്. ഈ
വിഭജനം ഭയം ജനിപ്പിക്കും. യുദ്ധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ന്യായീകരണം
കണ്ടെത്താനുള്ള കുടില തന്ത്രമാണിത്. യുദ്ധങ്ങള്‍ ജനാധിപത്യത്തെയും
മനുഷ്യാവകാശങ്ങളേയും തടയുന്നു. ദേശീയതയെയും മതങ്ങളെയും സംബന്ധിച്ച
വാര്‍പ്പ് മാതൃകകളെ തകര്‍ക്കാന്‍ സിനിമയെടുക്കുന്നവര്‍ക്ക് കഴിയും.
‘ഞങ്ങള്‍’ക്കും ‘അവര്‍’ക്കുമിടയില്‍ താദാത്മ്യപ്പെടുന്നവരാണവര്‍. ഈ
താദാത്മ്യപ്പെടല്‍ മുന്‍പത്തേക്കാള്‍ ആവശ്യമുള്ള കാലമാണിത്"

ഫര്‍ഹാദിയുടെ സന്ദേശം ഇങ്ങനെ നീളുന്നു .നിലക്കാത്ത കയ്യടികളോടെയാണ്
സദസ്സ് ഫര്‍ഹാദിയുടെ വാക്കുകളെ സ്വീകരിക്കുമ്പോൾ മലയാളിക്കും അദ്ദേഹത്തെ
പറ്റി അഭിമാനിക്കാൻ വകയുണ്ട് .അദ്ദേഹത്തിന് കേരളം പണ്ടേക്കുപണ്ടേ അവാർഡ്
നൽകി ആദരിച്ചിരുന്നു .2006ൽ കേരളത്തിൽ നടന്ന പതിനൊന്നാം അന്തർദേശീയ
ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജതചകോരം (എബൗട്ട് എല്ലി)അസ്ഗർ
ഫർഹാദിക്കായിരുന്നു. നിറഞ്ഞ കയ്യടികളോടെയായിരുന്നു അദ്ദേഹത്തെ കേരളം
അന്ന് വരവേറ്റത് .ഐ.എഫ്.എഫ്.കെരാജ്യാന്തരമേളയിൽ തുടർച്ചയായ സിനിമകളിലൂടെ
രണ്ടു ചകോരം സ്വന്തമാക്കിയ ആദ്യ സംവിധായകനെന്ന ബഹുമതിയും ഫർഹാദിക്കാണ്.
ബെർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം
എബൗട്ട് എല്ലി നേടിയിരുന്നു. ഈ ചിത്രം ഇറാനിൽ നിന്ന് ഔദ്യോഗികമായി
ഓസ്‌കാറിന് പരിഗണിക്കപ്പെടുകയും ചെയ്തു.
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന്റെ
ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.മികച്ച വിദേശചിത്രത്തിനുള്ള അക്കാദമി
പുരസ്കാരം 2012 ൽ നാദർ ആന്റ് സിമിൻ, എ സെപ്പറേഷൻ എന്ന ചിത്രത്തിന്
ലഭിച്ചിരുന്നു.ഇറാനിലെ പുതുയുഗ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയമായ
വ്യക്തിത്വമാണ് അസ്ഗർ ഫർഹാദി.

ടെഹ്റാൻ സർവ്വകലാശാലയിൽ നിന്നും നാടക പഠനത്തിൽ ബിരുദവും ടാർബിയാത്ത്
മൊദാരസ് സർവ്വകലാശാലയിൽ നിന്നും സംവിധാനത്തിലും ബിരുദാനന്തര ബിരുദവും
നേടി. ഇറാനിലെ യംഗ് സിനിമ സൊസൈറ്റിയുടെ 8 mm,16 mm ചിത്രങ്ങളിലൂടെ
ശ്രദ്ധേയനായി. ഇറാൻ ഉൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടിയും പ്രവർത്തിച്ചു. എ
ടേൽ ഓഫ് ദ സിറ്റി തുടങ്ങിയ ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തു.ഡാൻസിംഗ്
ഇൻ ദ ഡസ്റ്റ് ആയിരുന്നു പ്രഥമ ചിത്രം.അദ്ദേഹത്തിൻറെ ഫയർവർക്സ് വെനസ്ഡേ
നിരൂപകശ്രദ്ധ നേടി.   വിവിധ ചലച്ചിത്രമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ
വാരിക്കൂട്ടിയ ചിത്രമാണ് 'നാദർ ആന്റ് സിമിൻ, എ സെപ്പറേഷൻ'. ഗോവ
രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നല്ല സംവിധായകനുള്ള പുരസ്‌കാരവും ഈ
ചിത്രം നേടി. ഗോൾഡൻ ബർളിൻ പുരസ്‌കാരമുൾപ്പടെ നാല്പതോളം മറ്റ്
പുരസ്‌കാരങ്ങളും ചിത്രം വാങ്ങിക്കൂട്ടി.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള
69-മത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു.

മതപരമായ വിലക്കുകൾ നേരിടുന്ന ഇറാനിയൻ സിനിമകളിൽ നിയന്ത്രണങ്ങൾ
നിരവധിയാണ്. സർക്കാർ വിലക്കേർപ്പെടുത്തിയ സംവിധായകരായ ജാഫർ പനാഹി ,ബഹ്മൻ
ഗോബാദി എന്നിവരെ അനുകൂലിച്ചു സംസാരിച്ചതിന് സംവിധായകൻ അസ്ഗർ ഫർഹാദിക്ക്
കുറെ ദിവസങ്ങൾ ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്.ഇത്തരം
തീക്ഷ്ണമായ അനുഭവങ്ങളിൽ  നിന്നാണ് ഈ കലാകാരൻ തന്റെ സിനിമകൾ ഒരുക്കുന്നത്
.ആധുനിക ചലച്ചിത്ര ലോകത്തിനു അസാധാരണമായ പ്രതിഭാ സ്പർശം നൽകിയ വീണ്ടും
ഫർഹാദി സിനിമയിൽ മാജിക് കാട്ടുന്നത് പോലെ നാലുവരി കത്തിലൂടെ ഓസ്കർ അവാർഡ്
വേദിയിലും കാട്ടിയ മാജിക് ഇന്നത്തെ തലമുറയും വരും തലമുറയും ചർച്ച ചെയ്യും
എന്നതിൽ സംശയം ഇല്ല .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക