Image

ഭാവന നമ്മളെ പഠിപ്പിക്കുന്നത്... (ലേഖനം- ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 28 February, 2017
ഭാവന നമ്മളെ പഠിപ്പിക്കുന്നത്... (ലേഖനം- ഷാജന്‍ ആനിത്തോട്ടം)
സമീപകാലത്ത് നമ്മുടെ വാര്‍ത്താ ചാനല്‍ സ്‌ക്രീനുകളില്‍ കണ്ട ഏറ്റവും ആവേശകരമായ രംഗങ്ങളിലൊന്നായിരുന്നു പള്‍സര്‍ സുനിയെന്ന ഗുണ്ടാനേതാവിനേയും കൂട്ടാളി വിജീഷിനേയും എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിമുറിയില്‍ നിന്നും കേരളാ പോലീസിന്റെ കരുത്തായ ഓഫീസര്‍മാര്‍ കായികമായി കീഴടക്കി പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്ന കാഴ്ച. നമ്മുടെ പോലീസിന്റെ മിടുക്കിലും ഗ്ലാഘനീയമായ ജാഗ്രതയിലും ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സംഭവമായിരുന്നു അത്. കീഴടക്കാന്‍ വന്ന പ്രതികളെ കോടതിമുറിയില്‍ നിന്നും കീഴടക്കുന്നതിലെ നിയമ സാധ്യതയെക്കുറിച്ചുള്ള തര്‍ക്കങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. സുപ്രീം കോടതിയില്‍ ന്യായാധിപനായിരുന്ന ജസ്റ്റിസ്റ്റ് കെ. ടി. തോമസടക്കം അനവധി നിയമജ്ഞര്‍ പോലീസിന്റെ നടപടിയില്‍ അപാകത കാണാത്ത സ്ഥിതിക്ക് നമ്മളതില്‍ കുറ്റം കാണേണ്ടതില്ല. പ്രതികള്‍ കീഴടങ്ങാനെത്തുമ്പോഴേക്കും കോടതി ലഞ്ച് ബ്രേക്കിന് പിരിഞ്ഞത് നീതിയുടേയും സത്യത്തിന്റേയും വിജയമായി കാണുക. മറിച്ചായിരുന്നുവെങ്കില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ ചോദ്യം ചെയ്യുമ്പോഴുമെല്ലാം ഒരുപാട് ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടി വരുമായിരുന്നു. പ്രബലരായ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന പ്രമുഖരായ അഭിഭാഷകപ്പടയുടെ സാന്നിദ്ധത്തിലും നിയന്ത്രണത്തിലും നടക്കുന്ന ചോദ്യം ചെയ്യലിന്റെ പരിണിതഫലം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന സാമാന്യ ജനങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണമെന്നോണം കേരളം കാതോര്‍ത്തിരുന്ന ആ കീഴ്‌പ്പെടുത്തല്‍ നടന്നു. ടെലിവിഷന്‍ ചാനലുകള്‍ അതൊരു ആഘോഷമാക്കിക്കൊണ്ട് തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ജനം ഇമവെട്ടാതെ അതെല്ലാം കണ്ടുകൊണ്ടിരുന്നു.

സത്യവും നീതിയും ജയിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് വാര്‍ത്തയുടെ തുടര്‍ച്ചക്കായി കാത്തിരുന്ന ജനങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവന രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാം ടെലിവിഷന്‍ സ്‌ക്രീനുകളില്‍ കണ്ടത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഡാലോചനയോ മറ്റാര്‍ക്കും പങ്കോ ഇല്ലത്രെ. എല്ലാം പള്‍സര്‍ സുനിയുടെ തലയില്‍ ഉദിച്ച് അയാളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ആശയമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്ന ഒരു പ്രമുഖനടന്‍ ഇതിലൊരു പങ്കുമില്ലെന്നും പിണറായി തീര്‍ത്തു പറഞ്ഞു. പോലീസ് വകുപ്പിന്റെ ചുമതല നേരിട്ട് വഹിക്കുന്ന മുഖ്യമന്ത്രി ഇതിനെ പരസ്യമായി പറയുമ്പോള്‍ അത് കേസന്വേഷിക്കുന്ന പോലീസ് സേനക്ക് നല്‍കുന്നത് വ്യക്തമായ സന്ദേശമാണ്, അന്വേഷണം ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നവരില്‍ അവസാനിപ്പിച്ചോണം, കൂടുതല്‍ ചികയേണ്ടതില്ല. പിന്നെ നമുക്കെന്തിന് ഒരു കുറ്റന്വേഷണ സംവിധാനം സാര്‍? പ്രതികളെ പിടികൂടി കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യക്തികളിലേക്കും അന്വേഷണം നീളാന്‍ തുടങ്ങുമ്പോളേക്കും മുകളില്‍ നിന്നും വരുന്ന കൃത്യമായ ഇത്തരം സന്ദേശങ്ങള്‍ നമ്മുടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. സംഗതി വിവാദമായിയെന്ന് കണ്ടപ്പോള്‍ മുഖ്യ മന്ത്രി താന്‍ പറഞ്ഞത് നിഷേധിച്ചുകൊണ്ട് ഉരുമ്ടുകളിച്ചുള്ള പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിയിച്ചുണ്ടെങ്കിലും അതൊക്കെ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയായി. ഡബിള്‍ സ്‌ക്രീനില്‍ വാര്‍ത്താ ചാനലുകളെല്ലാം തന്നെ രണ്ട് പ്രസ്ഥാവനകളും കാണിച്ച്‌കൊണ്ട് പോലീസ് മന്ത്രിയുടെ പൊള്ളത്തരം തുറന്ന് കാട്ടിക്കഴിഞ്ഞു. പണ്ടത്തെ മാധ്യമ ലോകമല്ല ഇന്നുള്ളതെന്ന് രാഷ്ട്രീയക്കാര്‍ മറക്കാതിരിക്കുക. സാങ്കേതികമായും സാംസ്‌കാരികമായും നായും ജനങ്ങളും ഒരുപാട് വളര്‍ന്നുകഴിഞ്ഞുവെന്ന് എന്നാണവര്‍ മനസ്സിലാക്കാത്തതെന്ന് അത്ഭുതമുളവാക്കുന്നു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന് തീര്‍ച്ചപ്പെടുത്തുന്നതുപോലെയാണ് നടി ഭാവനയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ ജനകീയ നായകന്‍ ദിലീപിനെതിരെ കിംവദന്തികള്‍ പരന്നത്. ഇവര്‍ക്കുമിടയില്‍ അടുത്തകാലത്തായ വളര്‍ന്നുവന്ന അനിഷ്ടങ്ങളും അതുവഴി മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും ഭാവനക്ക് നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളും പരസ്യമായ രഹസ്യമാണ്. എങ്കിലും ഇത്തരമൊരു പൈശാചിക പ്രവൃത്തിക്ക് പച്ചക്കൊടി കാണിക്കുവാന്‍ ദിലീപെന്നല്ല മനഃ സാക്ഷിയുള്ള ഒരു കലാകാരനും തയ്യാറാവുകയില്ല എന്നു തന്നെ നമുക്ക് വിശ്വസിക്കാം. പക്ഷെ ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നതാണ് സത്യം. അതാണ് പോലീസ് അന്വേഷിക്കേണ്ടത്. ഇത്രയും പ്രശസ്തയായ ഒരു കലാകാരിയെ തിരക്കേറിയ നഗര വീഥിയിലൂടെ, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുവാന്‍ ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്ന പ്രതികള്‍ക്ക് ധൈര്യം നല്‍കിയതിന് പിന്നില്‍ എന്തൊക്കെയോ ശക്തികളുണ്ടെന്നത് വ്യക്തമാണ്. അവര്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരോ പുറത്തുനിന്നുള്ളവരോ ആയിരിക്കാം. അവരെ കൂടി പിടികൂടിയാലെ ഭാവനയ്‌ക്കെന്നല്ല, പൊതു സമൂത്തിനു മുഴുവനും നീതിലഭിച്ചു എന്ന ബോധമുണ്ടാവുകയുള്ളൂ. അതിനുടയില്‍ ഉത്തരവാദിത്വമുള്ള ഒരു ഭരണാധികാരിയെന്ന നിലയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അത്തരമൊരു പ്രസ്ഥാവന നടത്തരുതായിരുന്നു. പിണറായി വിജയന്‍ ഒരുപാട് അനുഭവജ്ഞാനമുള്ള രാഷ്ട്രീയക്കാരനായതുകൊണ്ട് ഒന്നും കാണാതെ ഒരു പ്രസ്ഥാവന ഇറക്കുകയില്ല.അതാണ് നീതി ബോധമുള്ളവരെയെല്ലാം അസ്വസ്ഥരാക്കുന്നതും.

പീഡനപര്‍വ്വതത്തിന്റെ ചെറിയൊരു ഇടവേളക്കു ശേഷം അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഭാവന മടങ്ങി വന്നിരിക്കുന്നു എന്നതാണ് ഇതിനിടയില്‍ ഏറ്റവും ശുഭോദര്‍ക്കമായി നാം കാണേണ്ടത്. സാധാരണഗതിയില്‍ ഇത്തരമൊരു ദുരനുഭവമുണ്ടാകുന്നവര്‍ അവര്‍ എത്ര വലിയവരാണെങ്കിലും എല്ലാം സഹിച്ചും സ്വന്തം ഗതികേടില്‍ പരിതപിച്ചും സംഗതി രഹസ്യമാക്കി വക്കുകയാണ് പതിവ്. അതാണ് ഇത്തരം കിരാതന്മാര്‍ക്ക് വളം വച്ചു കൊടുക്കുന്നതും. സ്ത്രീ എത്രമാത്രം അപമാനിതയായാലും അവള്‍ മാനഹാനി ഭയന്ന് പുറം ാേകത്തെ അറിയിക്കില്ലെന്ന പതിവ് അനുഭവങ്ങളെ തെറ്റിച്ചു കൊണ്ട് നിയമത്തിന്റെ വഴിയില്‍ അഭയം തേടിയതാണ് ഭാവന ചെയ്ത ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യം. അതിനവര്‍ക്ക് പ്രോത്സാഹനവും പ്രേരണയും നല്‍കിയവരും അഭിനന്ദവമര്‍ഹിക്കുന്നു. പോലീസില്‍ അവര്‍ പരാതി കൊടുത്തില്ലായിരുന്നുവെങ്കില്‍ പള്‍സര്‍ സുനിമാര്‍ കൂടുതല്‍ ശക്തിയോടെ പുതിയ ഇരകളെ തേടി പോകുമായിരുന്നു. ഇപ്പോള്‍ വേദന കടിച്ചമര്‍ത്തിയാണെങ്കിലും തന്റെ തൊഴില്‍ മേഖലയിലേക്കവര്‍ തിരിച്ചുവന്നിരിക്കുന്നു. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുമാത്രമല്ല, കേരള ജനതയുടെ മുഴുവനും പിന്തുണ അവര്‍ക്ക് വേണം.

ഭാവനയുടെ അനുഭവം എല്ലാവര്‍ക്കുമൊരു പാഠമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.കുടുംബത്തും തൊഴില്‍ മേഖലയിലും അനുഭവിക്കുന്ന പീഡനങ്ങളും വിവേചനവും തുറന്നു പറയുവാന്‍ അവര്‍ തയ്യാറാവണം. അടക്കിവക്കുമ്പോള്‍ കൂടുതല്‍ വന്യമായി അവര്‍ വേട്ടയാടപ്പെടും ഇരയുടെ രോധനം വേട്ടക്കാരനെ കൂടുതല്‍  ക്രൂരനാക്കുന്നു എന്നതാണ് പ്രപഞ്ച സത്യം പുറത്തു പറയുമ്പോള്‍ പീഡകന്റെ മാനമാണ് പോകുന്നതെന്ന യാഥാര്‍ത്ഥ്യം സ്ത്രീകള്‍ തിരിച്ചറിയട്ടെ. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയില്‍ പോലും സ്ത്രീ ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ അപമാനിതരാവുന്നുണ്ട്. അടങ്ങിയൊതുങ്ങി കരഞ്ഞു തീര്‍ക്കേണ്ടതല്ല നിങ്ങളുടെ ജന്മമെന്ന പാഠമാണ് ഭാവന ഏവര്‍ക്കും നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക