Image

'സിയാല്‍ സാഗ'യുടെ മോഹത്തുടര്‍ച്ചയില്‍ നെടുമ്പാശേരിയുടെ സ്വന്തം കുര്യന്‍ (എ.എസ് ശ്രീകുമാര്‍)

Published on 28 February, 2017
'സിയാല്‍ സാഗ'യുടെ മോഹത്തുടര്‍ച്ചയില്‍ നെടുമ്പാശേരിയുടെ സ്വന്തം കുര്യന്‍ (എ.എസ് ശ്രീകുമാര്‍)
സ്വപ്ന തുല്യമായ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നെടുമ്പാശേരിയെ നാമറിയും മുമ്പ് അതൊരു കൊച്ച് ഗ്രാമമായിരുന്നു. തനിമയുള്ള കേരളീയ ഗ്രാമം. വല്ലപ്പോഴുമൊരിക്കല്‍ മേഘങ്ങളെ തുളച്ച് പറന്നുപോകുന്ന വിമാനം കണ്ട് അത്ഭുതപ്പെട്ടിരുന്ന തനി 'നാടന്‍'മാരുടെ ദേശം. അവര്‍ ഈ ആകാശ വിസ്മയത്തെ അന്നൊന്നും അടുത്ത് കണ്ടിരുന്നില്ല. ഒരുകാലത്ത് സ്വര്‍ണവര്‍ണമുള്ള നെല്ല് വിളഞ്ഞിരുന്ന പാടങ്ങള്‍ ഉണ്ടായിരുന്നു അവിടെ. ഹരിത സ്വപ്നങ്ങളുടെ നിറകറ്റകള്‍ മെതിച്ചിരുന്ന വയലുകള്‍ പിന്നീട് ഇഷ്ടികക്കളങ്ങള്‍ക്ക് വഴിമാറി. ചുട്ടെടുക്കുന്ന മണ്‍കട്ടകള്‍ പലയിടങ്ങളിലേയ്ക്ക് കയറ്റി വിട്ടിരുന്നു. അങ്ങനെ തട്ടിയും മുട്ടിയും നെടുമ്പാശേരിക്കാര്‍ ദിവസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്ന കാലത്താണ് പാലാക്കാരന്‍ നസ്രാണിയായ വി.ജെ കുര്യന്‍ ഐ.എ.എസിന്റെ കണ്ണുകള്‍ ആ ഇഷ്ടികക്കളങ്ങളിലുടക്കിയത്. അദ്ദേഹം അവിടെ വിലമതിക്കാനാവാത്ത ഒരു നിധി ഒളിഞ്ഞിരിക്കുന്നത് കണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വി.ജെ കുര്യന്‍ നെടുമ്പാശേരിയുടെ പാടവരമ്പുകളിലിരുന്ന് ഒരു വിമാനത്താവളത്തിന്റെ വിത്തെറിഞ്ഞു. അത് മുളച്ചു പൊന്തി. വളര്‍ന്ന് കതിരുവീശി, ഇന്ന് നൂറുമേനിയുടെ കൊയ്ത്തുല്‍സവമാണവിടെ...

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന 'സിയാലി'ന്റെ ശില്‍പിയായ വി.ജെ കുര്യന്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദത്തിലിരുന്നുകൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ച വാര്‍ത്ത വികസനമോഹികളെ വല്ലാതെ വിഷമിപ്പിക്കുന്നു. പക്ഷേ, 2021 വരെ സിയാല്‍ മാനേജിങ് ഡയറക്ടറായി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുത്തത് അത്യാഹ്ലാദം പകരുകയും ചെയ്യുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് തുടക്കമിട്ട് അതിനെ ലാഭകരമാക്കിയതാണ് വി.ജെ കുര്യന്റെ ഏറ്റവും വലിയ നേട്ടമെന്ന് യാത്രയയപ്പു വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സിയാലിന്റെ പിറവിക്ക് കാരണം അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഉറച്ച തീരുമാനവും രാഷ്ട്രീയ പിന്തുണയുമാണെന്നാണ് കുര്യന്‍ ചൂണ്ടിക്കാട്ടിയത്.

ഒട്ടേറെ രാഷ്ട്രീയ എതിര്‍പ്പുകളുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലാണ് നെടുമ്പാശേരി വാമാനത്താവളത്തിന് ശിലയിടാന്‍ വി.ജെ കുര്യന്‍ പെടാപ്പാടുപെട്ടത്. ഭരണ മികവുകൊണ്ടും വ്യക്തിത്വത്തിന്റെ വേറിട്ട വിശേഷത്താലും ആദ്ദേഹം ആ വലിയ സ്വപ്നം സാര്‍ത്ഥകമാക്കി. എതിരാളികളുടെ ശരവേഗങ്ങളെ മറികടന്ന ഈ സിവില്‍ സര്‍വീസുകാരന്‍ വികസനത്തിന്റെ കാര്യത്തില്‍ മലയാള നാട്ടില്‍ പുതിയൊരു മനോഭാവത്തിന്റെ വക്താവായി. അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡ് എന്ന നിലയില്‍ സിയാല്‍ ത്വരിത വളര്‍ച്ചയുടെ ഉന്നതിയിലാണിന്ന്. നെടുമ്പാശേരിയുടെ റണ്‍വേയില്‍ നിന്ന് ഓരോ വിമാനവും ഹുങ്കാരത്തോടെ മേഘക്കൂട്ടത്തിലേയ്ക്ക് പറന്നൊളിക്കുമ്പോഴും കടലുകള്‍ കടന്ന് മലയാള മണ്ണിലേയ്ക്ക് ചിറകൊതുക്കിയിറങ്ങുമ്പോഴും മലയാളിയുടെ, പ്രത്യേകിച്ച് പ്രവാസികളുടെ മനസില്‍ ടര്‍ബുലന്‍സില്ല, മറിച്ച് അഭിമാനത്തിന്റെ അവിരാമമായ തിരയിളക്കം മാത്രം.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വി.ജെ കുര്യന്‍ എറണാകുളം കളക്ടറായിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. നേവിയുടെ ഒരു ചെറിയ എയര്‍പോര്‍ട്ടായിരുന്നു അന്ന് കൊച്ചിക്ക് സ്വന്തമായിട്ടുണ്ടായിരുന്നത്. ഈ എയര്‍പോര്‍ട്ടിന്റെ വികസനത്തെക്കുറിച്ച് കേന്ദ്രസിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒരു ചര്‍ച്ച വിളിച്ചു കൂട്ടി. ബന്ധപ്പെട്ട കേരള മന്ത്രിക്ക് അന്ന് ഡല്‍ഹിയിലെ ചര്‍ച്ചയല്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടായിരുന്നതിനാല്‍ സ്ഥലം കളക്ടറായ കുര്യനെയാണ് അയച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം നേവി എയര്‍ പോര്‍ട്ടിന്റെ വികസനത്തിനു പകരം പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രൊപ്പോസലാണ് വച്ചത്. അത് അംഗീകരിക്കപ്പെടുകയും സര്‍വേ ഉള്‍പ്പെടെയുളള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. അന്ന് ഈ പ്രോജക്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത വികസന വിരോധികള്‍ പിന്നീടതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന ഉളുപ്പില്ലായ്മയുടെ കാഴ്ചകളും മലയാളികള്‍ കണ്ടു. ഏതായാലും മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഇഛാശക്തിയും വി.ജെ കുര്യന്റെ നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്നപ്പോള്‍ നെടുമ്പാശേരി എയര്‍ പോര്‍ട്ട് യഥാര്‍ത്ഥ്യമായി.

അടിസ്ഥാന സൗകര്യവികസനമില്ലാതെ ഒരു എയര്‍ പോര്‍ട്ട് എങ്ങനെ ഉണ്ടാവും എന്ന വിമര്‍ശനങ്ങള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നു. ഇക്കാര്യമൊരിക്കല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ലേഖകനോട് വി.ജെ കുര്യന്‍ പറഞ്ഞതിങ്ങനെ... ''ആദ്യം എയര്‍ പോര്‍ട്ട് ഉണ്ടാവട്ടെ. റോഡും, റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ പിന്നാലെ ശരിയായിക്കൊള്ളും...'' അതാണ് പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നോര്‍ക്കുക.

അഡ്വ.വി.ജെ ജോസഫിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനായി പാലായിലെ വട്ടവയലില്‍ കുടുംബത്തില്‍ പിറന്ന വി.ജെ കുര്യന്‍ 1983 ബാച്ച് കേരള കാഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മൂവാറ്റുപുഴ സബ്കലക്ടറായാണ് സര്‍വിസ് ആരംഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കലക്ടറായി ജോലി നോക്കവെ നിരവധി ജനക്ഷേമപദ്ധതികള്‍ക്ക് തുടക്കമിട്ടു. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണത്തിന്റെ അമരക്കാരനായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിലെ ആദ്യ പൊതുസ്വകാര്യ പങ്കാളിത്ത വിമാനത്താവളമെന്ന നിര്‍ദേശം കുര്യന്‍ മുന്നോട്ടുവെക്കുന്നത്. ഇത് പിന്നീട് കേരളത്തിന്റെ അഭിമാനപദ്ധതിയായി മാറുകയും ചെയ്തു. മറിയാമാമ കുര്യനാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട് ഈ അനുഗ്രഹീത ദമ്പതികള്‍ക്ക്.

ഇത് മൂന്നാം വട്ടമാണ് അദ്ദേഹം സിയാലിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി വഹിക്കുന്നത്. ഇനി 2021 വരെ ആ കസേരയിലിരിക്കുമ്പോള്‍ സിയാല്‍ ലോകത്തിലെ തന്നെ എണ്ണപ്പെട്ട എയര്‍ പോര്‍ട്ടായി മാറുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാവും. ''സിയാലിന്റെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള വിമാന സര്‍വീസുകളില്ലാത്തത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യങ്ങളെക്കുറിച്ചു വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്...'' വി.ജെ കുര്യന്‍ പറഞ്ഞു. ഒരു കൊല്ലത്തേക്കു ലാന്‍ഡിങ് ഫീസ് ഒഴിവാക്കി കൊടുക്കാമെന്ന നിര്‍ദേശം സിയാല്‍ മുന്നോട്ടു വച്ചിട്ടുണ്ട്. മുന്‍പും പല ഇളവുകളും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഈ സ്ഥിതിക്കു വൈകാതെ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. യാത്രക്കാരുണ്ടാകുമോയെന്ന ആശങ്കയാണു വിമാന കമ്പനികള്‍ തുടക്കത്തില്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ദിവസവും യൂറോപ്പിലേക്കു പോകാന്‍ ഏകദേശം 580 യാത്രക്കാരുണ്ടെന്നാണ് കണക്ക്. എങ്കിലും കമ്പനികള്‍ മടിച്ചു നില്‍ക്കുകയാണ്.

വിമാനത്താവളം തുടങ്ങുമ്പോള്‍ ഗോവ വഴി ഡല്‍ഹിക്ക് ഒരു വിമാന സര്‍വീസ് മാത്രമായിരുന്നു കൊച്ചിയില്‍ നിന്നുണ്ടായിരുന്നത്. ഇപ്പോള്‍ ദിവസവും 13 വിമാനങ്ങളാണു ഡല്‍ഹിക്കുള്ളത്. ഒന്‍പതെണ്ണം നേരിട്ടുള്ള ഫ്‌ളൈറ്റുകളാണ്. ആഴ്ച തോറുമുള്ള ആഭ്യന്തര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ ഡല്‍ഹിയിലേക്കാണ്-99 എണ്ണം. ഏറ്റവും കുറവ് അഗത്തിയിലേക്കും-ആറ് എണ്ണം. അഹമ്മദാബാദ്, കോഴിക്കോട്, പൂനെ, കൊല്‍ക്കൊത്ത എന്നീ എയര്‍ പോര്‍ട്ടുകളിലേക്ക് ഏഴു വീതം സര്‍വീസുകളുണ്ട്. ബംഗളൂരു-56, ചെന്നൈ-48, ഹൈദരാബാദ്-42, മുംബൈ-57, തിരുവനന്തപുരം-15 എന്നിങ്ങനെയാണ് മറ്റ് ആഭ്യന്തര സര്‍വീസുകളുടെ വിവരം. പ്രതിവാര രാജ്യാന്തര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ ദുബൈയിലേക്കാണ്-60 എണ്ണം. ഏറ്റവും കുറവ് സലാലയിലേക്കും-ഒന്ന്. ബാങ്കോക്ക്, മാലി, റിയാദ് എന്നിവിടങ്ങളിലേക്ക് ഏഴു വീതം സര്‍വീസുകളുണ്ട്. ബഹ്‌റൈന്‍, കൊളംബോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് 14 സര്‍വീസുകള്‍ വീതവും ആഴ്ചയില്‍ ഓപ്പറേറ്റ് ചെയ്യുന്നു. അബുദാബി-35 ദമാം-10, ദോഹ-18, ജിദ്ദ-15, ക്വാലാലംപൂര്‍-18, കുവൈത്ത്-12, മസ്‌ക്കറ്റ്-34, ഷാര്‍ജ-28 എന്നിങ്ങനെ അന്താരാഷ്ട്ര സര്‍വീസുകളും നെടുമ്പാശേരിയുടെ ആകാശമേലാപ്പിലൂടെ നടത്തുന്നു. 

യൂറോപ്പ്, യു.എസ് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിമാനക്കമ്പനികള്‍ക്ക് ഏറെനാള്‍ മാറി നില്‍ക്കാന്‍ കഴിയില്ലെന്ന കണക്കു കൂട്ടലിലാണ് അധികൃതര്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലക്കു സമീപകാലത്ത് ആരംഭിച്ച സര്‍വീസുകള്‍ വന്‍ വിജയമായതു പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവാണു വിമാനത്താവളം രേഖപ്പെടുത്തിയത്. രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 24 ശതമാനവും ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനവും വര്‍ധനവാണുണ്ടായത്. 2015-'16 വര്‍ഷത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 31,29,658 ഉം ഇതേ വര്‍ഷത്തെ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 46,41,127 ഉം ആണ്. ഈ കണക്കുകള്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ക്കു വഴി തുറക്കും. ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂട്ടിയത്. 

മലയാളത്തനിമയും അന്താരാഷ്ട്ര നിലവാരവും ഒത്തിണങ്ങിയ പുതിയ ടെര്‍മിനലിന്റെ പേര് 'ടി ത്രീ' എന്നാണ്. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ടെര്‍മിനല്‍ ഈ മാര്‍ച്ച് പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് വി.ജെ കുര്യന്‍ പറഞ്ഞു. ടെര്‍മിനല്‍, ഫ്‌ളൈ ഓവര്‍, ഏപ്രണ്‍ എന്നിവയുള്‍പ്പെടെ 1100 കോടി രൂപ മുതല്‍മുടക്കിലാണു പുതിയ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ടെര്‍മിനല്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. ചതുരശ്ര അടിക്ക്  4250 രൂപയില്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അനുബന്ധ സൗകര്യ വികസനം, എയര്‍ പോര്‍ട്ട് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയ്ക്കായി ചെലവാക്കിയ തുക കൂടി ഉള്‍പ്പെടുത്തിയാല്‍ ചതുരശ്ര അടിക്കു 5700 രൂപ. പുതിയ ടെര്‍മിനല്‍ ഏറ്റവും വേഗത്തില്‍ ചെലവു കുറച്ചു നിര്‍മിക്കാന്‍ കഴിഞ്ഞതാണ് സിയാലിന്റെ ശ്രദ്ധേയമായ നേട്ടം. 

ടെര്‍മിനല്‍ കവാടം കടന്നെത്തുമ്പോള്‍ സ്വീകരിക്കുന്നതു തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ 15 ഗജവീരന്‍മാരുടെ ശില്‍പമാണ്. നിലവിലുള്ള ഡൊമസ്റ്റിക്ക്-ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടിയുണ്ട് മൂന്നാം ടെര്‍മിനലിന്. അടുത്ത 20 വര്‍ഷം വരെയുള്ള യാത്രക്കാരുടെ വര്‍ധനവു കണക്കിലെടുത്താണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയത്. 'ടി-ത്രി' പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ടെര്‍മിനലുകള്‍  ഡൊമസ്റ്റിക് എയര്‍ലൈന്‍ സര്‍വീസിനായി മാറ്റി വയ്ക്കും. അതോടെ 21 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെര്‍മിനലുകള്‍ സിയാലിനുണ്ടാകും. നിലവില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും. നിലവിലുള്ള ആഭ്യന്തര ടെര്‍മിനല്‍ സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും ടെര്‍മിനലും വാണിജ്യ കേന്ദ്രവുമാക്കി മാറ്റാനാണ് ആലോചന. മികച്ച സൗകര്യങ്ങളോടു കൂടിയ ഡ്യൂട്ടി ഫ്രീ ഷോപ്പ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ട് തുടങ്ങിയവയും പുതിയ ടെര്‍മിനലിന്റെ പ്രത്യേകതയാണ്.

'ടി ത്രി' പ്രവര്‍ത്തനമാരംഭിക്കുമ്പോഴും പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായി നെടുമ്പാശേരി മാറും. 12 മെഗാവാട്ടിന്റെ സോളാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. നിലവില്‍ 48,000 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ആവശ്യം. പുതിയ ടെര്‍മിനല്‍ വരുമ്പോള്‍ പ്രതിദിനം ഒരു ലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഏപ്രില്‍ മാസത്തോടു കൂടി 29 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും. പുതിയ ടെര്‍മിനലിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന പാര്‍ക്കിങ് ലോട്ടിന്റെ മുകളിലും സോളാര്‍ പാനലുകളുണ്ടാകും. 1400 കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന സംവിധാനമാണ് ടെര്‍മിനല്‍ ത്രി യോടനുബന്ധിച്ച് തയ്യാറാവുന്നത്. 

ഏഷ്യയിലെ ആദ്യത്തെ സിടി (കമ്പ്യൂട്ടഡ് ടോമോഗ്രാഫി) സ്‌കാനിംഗ് ബാഗേജ് ഹാന്‍ഡിലിങ് സംവിധാനമാണ് പുതിയ ടെര്‍മിനലിലുള്ളത്. ഇത് സ്ഥാപിക്കുന്നത് ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യോമ ഗതാഗത ഐ.ടി വിഭാഗത്തിലെ പ്രമുഖരായ 'സിറ്റ'യാണ്. 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കണ്‍വെയര്‍ ബെല്‍റ്റ് ഇന്ത്യയിലെ ഏറ്റവും നീളമേറിയതാണ്. നാല് സ്ഥലങ്ങളിലെ 360 ഡിഗ്രി ഇമേജ് സ്‌കാനിംഗിനു ശേഷമാണ് ബാഗേജുകള്‍ വിമാനത്തിലെത്തുക. അത്യാധുനിക കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിംഗ് സിസ്റ്റം, കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് കിയോസ്‌ക്, ബാഗേജ് റീകണ്‍സിലിയേഷന്‍ സിസ്റ്റം എന്നിവയാണ് ഇവിടെ ഉപയുക്തമാകുന്നത്. ടി ത്രിയില്‍ 3000 ഹൈ ഡെഫനിഷന്‍ സെക്യൂരിറ്റി ക്യാമറകളുണ്ട്. 10 എയ്‌റോ ബ്രിഡ്ജ്, 21 മെറ്റല്‍ ഡിറ്റക്ടര്‍, 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഏഴ് പെന്റാ ബൈറ്റ് സംഭരണ ശേഷിയുള്ള സര്‍വര്‍, 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് ലോഞ്ച്, നാല് എ.ടി.എം, നാല് മണി എക്‌സ്‌ചേഞ്ച് കൗണ്ടര്‍, 2000 ട്രോളി, നാല് ബഗ്ഗി തുടങ്ങിയവും ടി ത്രിയുടെ പാസഞ്ചര്‍ ഫ്രണ്ട്‌ലി സൗകര്യങ്ങളാണ്. വിമാനത്താവളത്തിലേക്കെത്താന്‍ നാലര കിലോമീറ്റര്‍ നീളമുള്ള നാലു വരി പാതയും റെയില്‍വേ മേല്‍പ്പാലവുമുണ്ട്. നെടുമ്പാശേരി അങ്ങനെ അനുപമമായ വിശേഷങ്ങളാല്‍ മലയാള നാടിന്റെ ആകാശക്കീഴിലെ അഭിമാന സംരംഭമാകുന്നു.

'സിയാല്‍ സാഗ'യുടെ മോഹത്തുടര്‍ച്ചയില്‍ നെടുമ്പാശേരിയുടെ സ്വന്തം കുര്യന്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക