Image

പൈതൃകപ്പേരില്‍ നിരന്തരം നിന്ന് കത്തുന്ന മിഠായി തെരുവ്‌

എ.എസ് ശ്രീകുമാര്‍ Published on 01 March, 2017
പൈതൃകപ്പേരില്‍ നിരന്തരം നിന്ന് കത്തുന്ന മിഠായി തെരുവ്‌
കടല്‍കടന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോ ഡ ഗാമ ആദ്യമായി കാലുകുത്തിയ മണ്ണാണ് കോഴിക്കോടിന്റേത്. വിദേശ രാജ്യങ്ങളുമായി ഈ ചരിത്ര നഗരത്തിനുള്ള ഈടുറ്റ വാണിജ്യ വിനിമയങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്.  മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് കോഴിക്കോട്. ഭക്ഷണത്തിന്റെയും രൂചിയുടെയും കാര്യത്തിലാകട്ടെ കേരളത്തിന്റെ തന്നെയും. കോഴിക്കോടിന്റെ മണ്ണില്‍ സര്‍ഗ വസന്തം വിരിയിച്ച് കടന്നുപോയ യാത്രികരും എത്രയോ ഉണ്ട്...കോഴിക്കോടിന്റെ രുചിയും കൈപ്പുണ്യവുമറിഞ്ഞ ലോക സഞ്ചാരികളുടെ എണ്ണവും അനന്തമാണ്. പ്രശസ്തമായ വടക്കന്‍ പാട്ടുകളുടെ ഉത്ഭവകേന്ദ്രം കൂടിയാണ് ഈ പെരുമപെറ്റ ജില്ല. ഒപ്പനയും മാപ്പിളപ്പാട്ടുമാണ് സാംസ്‌കാരിക ഭൂപടത്തില്‍ കോഴിക്കോടിനെ പ്രിയങ്കരമാക്കുന്ന വിശഷപ്പെട്ട മറ്റ് രണ്ട് ഘടകങ്ങള്‍. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് വേദിയായ കോഴിക്കോട് എണ്ണം പറഞ്ഞ എഴുത്തുകാരുടെ ജന്മഭൂമി കൂടിയാണ്. ആതിഥ്യ സ്‌നേഹത്തിനും ഫുട്‌ബോള്‍ പ്രേമത്തിനും കൂടി പേരുകേട്ടതാണ് കോഴിക്കോട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി തെല്ലുമില്ല.

പണ്ടുകാലം മുതലേ പല പല രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാവാം കോഴിക്കോടിന്റെ ഭക്ഷണ പാരമ്പര്യത്തിലും ഈ വൈവിധ്യം തെളിഞ്ഞുകാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കോടന്‍ ഹല്‍വ തന്നെയാണ്. മലബാര്‍ ബിരിയാണിയാണ് കോഴിക്കോട്ട് എത്തിയാലുടന്‍ കഴിച്ചിരിക്കേണ്ട പ്രിയ വിഭവം. നെയ്‌ച്ചോറും മീന്‍കറിയും, ബനാന ചിപ്സ്, പത്തിരിയും കോഴിക്കറിയും, കടല്‍വിഭവങ്ങള്‍...എന്നിങ്ങനെ നീണ്ടുപോകുന്നു കോഴിക്കോടന്‍ രുചികളുടെ രസപ്പട്ടിക.  നഗരത്തിലെ ഏറ്റവും ജനത്തിറക്കേറിയ തെരുവും കാഴ്ചയുമാണ് മിഠായിത്തെരുവ് അഥവാ എസ്.എം (Sweet Meat Street) സ്ട്രീറ്റ്. മിഠായിത്തെരുവ് എന്ന് കേട്ടാല്‍ വായില്‍ മധുരം കിനിയും...വെള്ളമൂറും. മൊട്ടുസൂചി മുതല്‍ ലാപ്‌ടോപ്പുവരെ എന്തും ഏതും ഇവിടെനിന്നും വിലപേശി വാങ്ങാമെന്നതിനാല്‍ അതിഭയങ്കരമായ തിരക്കാണ് ഇവിടെ എന്നും അനുഭവപ്പെടുന്നത്. പക്ഷേ മിഠായി തെരുവിന് ഒരു ശാപമുണ്ട്. ഏതുസമയത്താണിവിടെ തീപിടിത്തമുണ്ടാവുകയെന്ന് ആര്‍ക്കും നിശ്ചയമില്ല.

ഇത്തരത്തിലൊരു വന്‍ തീപിടിത്തമാണ് കഴിഞ്ഞ 22ന് കടകളെ വിഴുങ്ങിയത്. അഞ്ച് കടകള്‍ കത്തിനശിച്ചു. പത്തുവര്‍ഷം മുമ്പ് എട്ടുപേര്‍ വെന്തുമരിച്ച അഗ്നിബാധയുടെ മുറിവുണങ്ങും മുമ്പാണ് ഈ ദുരന്തം. രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സില്‍ നിന്നാണ് രാത്രി തീ പടര്‍ന്നത്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുന്നു. തീപിടിത്തത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. മിഠായിത്തെരുവില്‍ ഇതുവരെ ഉണ്ടായിട്ടുള്ള തീപിടുത്തങ്ങളെല്ലാം വ്യക്തമായ പദ്ധതിയോടെയുള്ള അട്ടിമറിയാണെന്നാണ് നസിറുദ്ദീന്‍ പറയുന്നത്.  ഇത്തവണ ഉണ്ടായതീപിടിത്തവും യാദൃശ്ചികമല്ലത്രേ. കത്തിച്ച ശേഷം ഒരാള്‍ കടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷി പറഞ്ഞതായി നസിറുദ്ദീന്‍ പറയുന്നു. മിഠായി തെരുവില്‍ ഇനിയും തീപിടുത്തങ്ങളുണ്ടാകാമെന്നും അട്ടിമറിയായിതിനാലാണ് അന്വേഷണ റിപ്പോര്‍ട്ട് പോലും പുറത്തു വരാത്തതെന്നുമാണ് നസിറുദ്ദീന്റെ ആരോപണം.

''അടിക്കടിയായി ഇതുവരെ എട്ടോളം തീപിടുത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം അട്ടിമറിയാണ്. കടകള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ അടിക്കടി തീപിടുത്തം ഉണ്ടാകുന്നത്. ഇതിനു പിന്നില്‍ കടയുടമകാളായ ജന്മിമാരാണ്. പ്രധാന റോഡുകളിലെ കടകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഈ കടകള്‍ക്കെല്ലാം തുച്ഛമായ വാടകയാണ്. ഇവരെ ഒഴിപ്പിക്കാനോ കട മാറ്റിപ്പണിയാനോ കഴിയില്ല. കട മാറ്റിപ്പണിഞ്ഞാല്‍ ഉയര്‍ന്ന വാടക ഈടാക്കാനാകും. തീപിടുത്തം ഉണ്ടാകുന്നതോടെ കടമാറ്റിപ്പണിയേണ്ടി വരും ഇതോടെ വാടക വര്‍ധിപ്പിക്കാനും കഴിയുമത്രേ. കടകള്‍ക്ക് പിന്നില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ ആ കട കത്തും. ഇതാണ് അട്ടിമറിയാണെന്ന് സംശയിക്കാന്‍ കാരണം. കൂടാതെ അന്വേഷണ കമ്മീഷനെ വച്ചാലും റിപ്പോര്‍ട്ട് പുറത്തു വരാറുമില്ല...'' അദ്ദേഹം ആരോപിക്കുന്നു. 

അതേസമയം നസിറുദ്ദീന്റെ ആരോപണം കലക്ടര്‍ യു.വി ജോസ് തള്ളി. സംഭവത്തിനു പിന്നാലെ എല്ലാ വ്യാപാരികളുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ നസിറുദ്ദീനും പങ്കെടുത്തിരുന്നു. അപ്പോള്‍ ഉന്നയിക്കാത്ത ആരോപണങ്ങളാണ് നസിറുദ്ദീന്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നഗരത്തില്‍ തീപിടിത്തങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ റസ്‌ക്യൂ ടീം രൂപീകരിക്കാന്‍ തീരുമാനമായി.  മിഠായിതെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെ കച്ചവടക്കാര്‍, തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ അടങ്ങിയ 50 പേരാണ് കമ്മ്യൂണിറ്റി റസ്‌ക്യു ടീമില്‍ ഉണ്ടാവുക. തെരഞ്ഞടുത്തവരുടെ പട്ടിക ഈ മാസം എട്ടിനകം കൈമാറാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം പരിശീലനം നല്‍കും. തീപിടിത്തം ഉണ്ടാകുമ്പോള്‍ ഉടനടി പരിഹാരം കാണുക എന്നതാണ് റസ്‌ക്യൂ ടീമിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തില്‍ അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ കൂടുന്നതായി പോലീസും യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന് പോലും അറിവില്ലത്രേ. 

മിഠായിതെരുവില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വലിയ തീപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആയിരത്തി അഞ്ഞൂറാമാണ്ടിലും 1767ലും മിഠായിതെരുവിന് സമീപം അഗ്നിബാധയുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടിങ്ങോട്ടുള്ള നാളുകള്‍ പരിശോധിച്ചാല്‍ 1995 ഫെബ്രുവരി 17ന് ഉണ്ടായ തീപിടിത്തത്തില്‍ 18 കടകളാണ് കത്തിച്ചാമ്പലായത്. അന്നും കഴിഞ്ഞ ദിവസത്തേതുപോലെ രാധാ തീയേറ്ററിന് സമീപത്തുള്ള കടയാണ് ആദ്യം കത്തിയത്. 2007ലും മിഠായിതെരുവിനെ തീ വിഴുങ്ങി. മൊയ്തീന്‍ പള്ളി റോഡിലെ പടക്കക്കടയാണന്ന് കത്തിയത്. എട്ടുപേര്‍ വെന്തുമരിച്ചു. മിഠായിതെരുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. വീണ്ടും വീണ്ടും ഇവിടെ അഗ്നി താണ്ഡവമാടുമ്പോള്‍ പകച്ചുനില്‍ക്കാനേ നാട്ടുകാര്‍ക്ക് കഴിയുന്നുള്ളൂ.

മിഠായിതെരുവിനെ പൈതൃക നഗര പദ്ധതിയിലുള്‍പ്പെടുത്തിയതോടെയാണ് ഇവിടെ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നതെന്ന ശക്തമായ ആരോപണമുണ്ട്. പദ്ധതി മൂലം തെരുവിന്റെ നവീകരണം തടസപ്പെടുന്നു. വൈദ്യുതി സംവിധാനത്തിലടക്കം വരുത്തേണ്ട കാലോചിതമായ പരിഷ്‌കാരം സാധ്യമാകുന്നില്ല. ''പൈതൃകം വേണോ...വികസനം വേണോ...?'' എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തതിനാല്‍ മിഠായിതെരുവിന്റെ വികസനം കടലാസില്‍ മാത്രമാവുകയാണ്. കരിങ്കല്‍ കവാടങ്ങള്‍, പരമ്പരാഗത ടൈല്‍ വിരിച്ച നടപ്പാതകള്‍, കേരളീയ വാസ്തുശില്‍പ ഭംഗിയുള്ള മേല്‍കൂരകള്‍, ഒരേ നിറമുള്ള കെട്ടിടങ്ങള്‍...ഇങ്ങനെയുള്ള ഒരു മിഠായിതെരുവാണ് പൈതൃക പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നത്. 10 വര്‍ഷം മുമ്പാണ് ഇതാവിഷ്‌കരിച്ചത്. തുടക്കത്തില്‍ വ്യാപാരികള്‍ എതിര്‍ത്തെങ്കിലും പിന്നീട് അനുകൂലിച്ചു.

പൈതൃക തെരുവിന്റെ സ്‌കെച്ചും പ്ലാനും തയ്യാറാക്കി. 12 കോടിരൂപയുടേതായിരുന്നു എസ്റ്റിമേറ്റ്. 2007ല്‍ വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. അവിടെനിന്ന് പിന്നെ യാതൊരു അനക്കവുമുണ്ടായില്ല. പക്ഷേ, ഒരുവശത്ത് പൈതൃകം വേണോ എന്നതു സംബന്ധിച്ച് ഉശിരന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് തീപിടിത്തങ്ങള്‍ അരങ്ങ് തകര്‍ത്തു. ചരിത്രമുറങ്ങുന്ന കെട്ടിടങ്ങളുടെ നിര്‍മാണ രീതിയും അറുപഴഞ്ചന്‍ വൈദ്യുത വിതരണ സംവിധാനങ്ങളും തീപിടിത്തങ്ങളെ ക്ഷണിച്ചുവരുത്തി. സര്‍ക്കാര്‍, കെട്ടിടങ്ങള്‍ ഏറ്റെടുത്ത് പുതുക്കുമെന്ന് വ്യാപാരികള്‍ വ്യാമോഹിച്ചു. എന്തിനേറെ പറയണം, ഇപ്പോള്‍ പൈതൃകവുമില്ല, വികസനവുമില്ല എന്ന ദുരവസ്ഥയിലാണ് മലയാളികളെ മാത്രമല്ല ലോക സഞ്ചാരികളെയും ആകര്‍ഷിക്കുന്ന, കത്തുന്ന മിഠായി തെരുവ്.

പൈതൃകപ്പേരില്‍ നിരന്തരം നിന്ന് കത്തുന്ന മിഠായി തെരുവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക