Image

എബി-പറക്കാന്‍ ആഗ്രഹിക്കുന്നവരുടെ കഥ

Published on 01 March, 2017
എബി-പറക്കാന്‍ ആഗ്രഹിക്കുന്നവരുടെ കഥ


പരിമിതികളുടെ അതിര്‍ത്തികള്‍ ഭേദിക്കാന്‍ പ്രാപ്‌തിയും പ്രചോദനവും നല്‍കുന്ന ഒരു കൊച്ചു ചിത്രം. നവാഗത സംവിധായകനായ ശ്രീകാന്ത്‌ മുരളിയുടെ എബി എന്ന ചിത്രത്തെ അങ്ങനെ വിശേഷിക്കാം.

 വിനീത്‌ ശ്രീനിവാസനും സന്തോഷ്‌ ഏച്ചിക്കാനവും കൂടി ചേര്‍ന്നുള്ള ആ കൂട്ടുക്കെട്ടില്‍ പിറക്കുന്നത്‌ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത സജി തോമസ്‌ എന്ന ചെറുപ്പക്കാരന്‍ സ്വന്തമായി ഒരു ചെറുവിമാനം രൂപകല്‍പന ചെയ്‌ത്‌ പറപ്പിച്ച കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ സിനിമ ഒരുക്കിയിട്ടുള്ളത്‌.

മറ്റുകുട്ടികളെ പോലെ പെരുമാറാന്‍ കഴിയാത്ത എബിയ ഒരു സ്‌പെഷല്‍ ചൈല്‍ഡ്‌ ആക്കാന്‍ സംവിധായകന്‍ നടത്തുന്ന ശ്രമങ്ങള്‍ ചിലപ്പോഴെങ്കിലും അവിശ്വനീയമാകുന്നുണ്ട്‌. പ്രതിബന്ധങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ്‌ ഈ ചിത്രത്തില്‍ എബിക്ക്‌ തന്റെ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിലേക്ക്‌ പോകുന്ന വഴി നേരിടേണ്ടി വരുന്നത്‌. 

വീട്ടുകാര്‍ പോലും അവനെ മനസിലാക്കുകയോ ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ല. ഏതൊരു ചിത്രത്തിലേയും പോലെ മാനസികമായി വളര്‍ച്ചയെത്തിയിട്ടില്ലാത്ത വിധം പെരുമാറുന്നവനെങ്കിലും ചിത്രത്തില്‍ എബിക്കൊരു കാമുകിയുണ്ട്‌. 

അവള്‍ ഒഴികെ മറ്റാരും അവനെ മനസിലാക്കുന്നില്ല. വളരെ നേര്‍ത്ത കരുത്തുള്ള ഒരു തിരക്കഥയിലാണ്‌ സന്തോഷ്‌ ഏച്ചിക്കാനം ചിത്രത്തിന്റെ തിരക്കഥയില്‍ പ്രകടിപ്പിച്ചിട്ടുള്ളത്‌.

ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റായ ബേബിച്ചന്‍ (സുധീര്‍ കരമന) യിലൂടെയാണ്‌ ചിത്രം ആരംഭിക്കുന്നത്‌. അയാള്‍ക്ക്‌ ഭാര്യയോടോ മകനോടോ പ്രത്യേകിച്ച്‌ അടുപ്പമൊന്നുമില്ല. എബിയുടെ അമ്മയുടെ കഷ്‌പ്പാടുകള്‍, ചെറുപ്പത്തില്‍ സംസാരശേഷിയില്ലാത്ത എപ്പോഴും ഉയരത്തില്‍ നിന്നു ചാടുന്ന എബിയേയും കഥുയുടെ ആദ്യഭാഗത്ത്‌ കാണിച്ചുതരുന്നു.

പ്‌ളസ്‌ ടു പഠത്തിനു ശേഷം ഒരു വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായി ജോലി നോക്കുകയാണ്‌ എബി. കളിക്കൂട്ടുകാരിയായ അനുമോള്‍(മറീന മൈക്കിള്‍) എപ്പോഴും അവന്റെ കൂടെയുണ്ട്‌. സ്‌ഫടികത്തിലെ ചാക്കോ മാഷിനെ പോലെ മകന്റെ കഴിവുകള്‍ മുഴുവന്‍ ചവിട്ടിയരയ്‌ക്കുന്ന പിതാവായി നമുക്ക്‌ ഈ ചിത്രത്തില്‍ ബേബിച്ചനെയും (സുധീര്‍ കരമന) കാണാം. അച്ഛനുമായുള്ള വഴക്കു മൂത്ത്‌ ഒടുവില്‍ എബി നാടുവിടുകയാണ്‌.

 എബി വിമാനം പറത്താന്‍ പഠിക്കുന്നതുവരെ പ്രേക്ഷകനെ ഒപ്പം കൂട്ടാനുള്ള പരിശ്രമങ്ങള്‍ പലപ്പോഴും പാളിപ്പോകുന്നുണ്ട്‌. കാരണം മറ്റൊന്നുമല്ല, എബിയായി എത്തുന്ന വിനീത്‌ ശ്രീനിവാസന്‍ പലപ്പോഴും അമിതാഭിനയത്തിലേക്ക്‌ വീണുപോവുകയാണ്‌.

 അതും പ്രേക്ഷകന്‌ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താകുന്നുണ്ട്‌ പലപ്പോഴും. അഭിനയത്തിന്റെ കാര്യത്തില്‍ മികച്ചു നിന്നത്‌ സുരാജ്‌ വെഞ്ഞാറമൂടും സുധീര്‍ കരമനയുമാണെന്ന്‌ പറയേണ്ടി വരും.

ആദ്യപകുതി വലിയ കുഴപ്പമില്ലാതെ കടന്നു പോകുന്നുണ്ടെങ്കിലും രണ്ടാം പകുതി അല്‍പം ബോറടിപ്പിക്കുന്നുണ്ട്‌. ചിത്രത്തില്‍ എബി വിമാനം പറത്താനുള്ള സാങ്കേതിക വിദ്യ പഠിക്കുന്ന രീതി നമുക്കെല്ലാം അവിശ്വസനീയമായി തോന്നും. 

ഒരു ചെറുകിട വിമാന കമ്പനിയില്‍ ചായകൊടുക്കാന്‍ നിന്ന്‌ വിമാനം പറത്താനുള്ള സാങ്കേതിക വിദ്യ പഠിച്ചെടുക്കുന്ന എബിയുടെ കഴിവ്‌ പ്രേക്ഷകന്‌ അത്ര പെട്ടെന്ന്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. 

ഈ ഘട്ടമാണ്‌ തിരക്കഥയിലെ ഏറ്റവും വലിയ പോരായ്‌മായി നില്‍ക്കുന്നത്‌. പക്ഷേ സാമാന്യം ഭേദപ്പെട്ട ഒരു ക്‌ളൈമാക്‌സ്‌ വരുന്നതുകൊണ്ട്‌ ആ കുറവ്‌ ഒരു പരിധിവരെ മറി കടക്കാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്‌.

മനീഷ്‌ ചൗധരി എന്ന ബോളിവുഡ്‌ നടനാണ്‌ ചെറുവിമാനങ്ങളുടെ രൂപകല്‍പനയും അത പറത്താനുള്ള സാങ്കേതിക വിദ്യും വളരെ ലളിതമായി പറഞ്ഞുകൊടുക്കുന്നത്‌. 

വിനീത്‌ ശ്രീനിവാസനാകട്ടെ ഒരു സ്‌പെഷല്‍ ചൈല്‍ഡ്‌ ആകാനുള്ള ശ്രമത്തില്‍ അതിവൈകാരികതയുടേയും അമിതമായ ഭാവാഭിനയത്തിന്റെയും കൈപ്പിടിയില്‍ ഒതുങ്ങിപ്പോയി. താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയുടെ പ്രകടനം ഈ അവസരത്തില്‍ വിനീതിന്‌ ഓര്‍ക്കാമായിരുന്നു.

നായികയായി എത്തിയ മറീന മിതത്വമുള്ള അഭിനയം കാഴ്‌ചവച്ചു. വിനീത കോശി, ഹരീഷ്‌ പേരടി എന്നിവരാണ്‌ മറ്റു താരങ്ങള്‍. ബിജിപാലിന്റെ സംഗീതം ചിത്രത്തിന്‌ മുതല്‍ക്കൂട്ടായി. സധീര്‍ നരേന്ദ്രന്റെ ഛായാഗ്രഹണവും മികച്ചു നിന്നു.

തിരക്കഥയിലെ പാളിച്ചകളും കഥയടെ പ്രയാണത്തില്‍ പ്രയോഗിക്കേണ്ടിയിരുന്ന കൈയ്യടക്കവും കുറച്ചൊക്കെ എബിയെന്ന ചിത്രത്തിന്റെ മാറ്റു കുറയ്‌ക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരു നല്ല സിനിമയെടുക്കാനുള്ള പരശ്രമങ്ങള്‍ക്ക്‌ മുന്നില്‍ അകന്നു പോകുന്നതായി കാണാ. ഏറെ പ്രതീക്ഷകളില്ലാതെ ചെന്നാല്‍ അത്യാവശ്യം സന്തോഷത്തോടെ കണ്ടിരിക്കാന്‍ കഴിയുന്ന സിനിമയാണ്‌ എബി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക