Image

മെല്‍ബണ്‍ സൗത്തില്‍ സീറോ മലബാര്‍ ദേവാലയത്തിന് അനുമതി ലഭിച്ചു

Published on 03 March, 2017
മെല്‍ബണ്‍ സൗത്തില്‍ സീറോ മലബാര്‍ ദേവാലയത്തിന് അനുമതി ലഭിച്ചു

മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ ദേവാലയം സൗത്ത് ഈസ്റ്റിലെ ഡന്‍ഡിനോംഗില്‍ ഉയരും. സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് ഇടവകയ്ക്കാണ് പുതുതായി ദേവാലയം നിര്‍മിക്കുവാന്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റിലെ എഴുന്നൂറോളം കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ പ്രാര്‍ഥനയും പ്രയത്‌നവുമാണ് പുതിയ ദേവാലയം. 

ഡന്‍ഡിനോംഗ് ഫ്രാക്സ്റ്റണ്‍ റോഡിലെ 525531 ല്‍ സ്ഥിതിചെയ്യുന്ന ഏഴ് ഏക്കറിലാണ് പ്രസ്തുത ഇടവക ദേവാലയം ഉയരുക. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ഇവിടെ നിലവില്‍ ഒരു ഫംഗ്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം സൗകര്യങ്ങള്‍ ഉള്ള ഈ സെന്റര്‍ താത്കാലികമായി ഉപയോഗിക്കാന്‍ പറ്റും എന്നതും ഇതിന്റെ പ്രത്യേകതയാണ്. 

പുതിയ ദേവാലയത്തിന് അനുമതി ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്നും മറ്റു സ്ഥലങ്ങളിലും താമസിയാതെ അനുവാദം ലഭിക്കട്ടെയെന്നും മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. ഇത് വിശ്വാസികളുടെ പ്രാര്‍ഥനയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സൗത്ത് ഈസ്റ്റിലെ പള്ളിക്ക് ഭരണാനുമതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സീസ് കോലഞ്ചേരി അഭിപ്രായപ്പെട്ടു. ആരാധനയ്ക്കായി പുതിയ ദേവാലയം അനുമതി കിട്ടിയതില്‍ ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയും സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളിയും നന്ദി പറഞ്ഞു. 

ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ഷാജു കുത്തനാപിള്ളിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ദേവാലയത്തിന്റെ നിര്‍മാണത്തിനായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പള്ളി സമുച്ചയം യഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും കൗണ്‍സില്‍ അനുശാസിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഉപറോഡുകളുടെ നിര്‍മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കണം. അതിനുള്ള നടപടികള്‍ തുടങ്ങിയതായി കമ്മറ്റി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക