Image

വീണ്ടും ദാരുണവാര്‍ത്ത: അമേരിക്കയില്‍ ഇത് എന്തു പറ്റി? (ജോര്‍ജ് തുമ്പയില്‍)

Published on 04 March, 2017
വീണ്ടും ദാരുണവാര്‍ത്ത: അമേരിക്കയില്‍ ഇത് എന്തു പറ്റി? (ജോര്‍ജ് തുമ്പയില്‍)

വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞില്ല, ഇതാ കേള്‍ക്കുന്നു വീണ്ടും ദാരുണവാര്‍ത്ത. മറ്റൊരു ഇന്ത്യക്കാരന്‍ കൂടി വെടിയേറ്റു മരിച്ചിരിക്കുന്നു. സംഭവം നടന്നിരിക്കുന്നത്, സൗത്ത് കരോലിനയിലെ ലന്‍കാസ്റ്ററിലാണ്. അവിടെ, വൈറ്റ് ഓക്ക് മാനറില്‍ വ്യാപാരം നടത്തുന്ന നാല്‍പ്പത്തിമൂന്നുകാരനായ ഹര്‍നീഷ് പട്ടേലിനെയാണ് അര്‍ധരാത്രിയോടെ വീടിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. 

അമേരിക്ക പോലെ, ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഒരു വികസിത സാംസ്‌ക്കാരിക രാജ്യത്തു നിന്ന് ഇത്തരം വാര്‍ത്തകള്‍ തുടരെ ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ സംഭവത്തെ അതീവ ഗൗരവതരമായി അപലപിക്കാതിരിക്കാനാവുന്നില്ല. ഇത് ഒരിക്കലും ഇവിടെ സംഭവിക്കരുതായിരുന്നു. വംശീയവെറി ആവട്ടെ, ആക്രമണമാവട്ടെ, മോഷണ ലക്ഷ്യമാവട്ടെ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന അമേരിക്കയില്‍ നിന്നാണ് ഇത് കേള്‍ക്കുന്നതെന്നത് അതീവ ലജ്ജാകരം തന്നെ. അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം രണ്ട് ഇന്ത്യന്‍ വംശജര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അതിന് ഒരിക്കലും ന്യായീകരണമില്ല. 

ലോ ആന്‍ഡ് ഓര്‍ഡര്‍ അതിന്റെ വഴിക്ക് നടക്കുമെന്നത് നേരെ, എന്നാല്‍ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ വികസിത രാജ്യമെന്ന് ഊറ്റം കൊള്ളുന്ന അമേരിക്കയില്‍ കഴിയുന്നില്ലെങ്കില്‍ ലോകത്തിന്റെ പല ഭാഗത്തും തീവ്രവാദികള്‍ക്ക് നേരെ യുദ്ധത്തിനു ചാവേറുകളെ വിടുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. അഫ്ഗാനിലും സിറിയയിലും യെമനിലും എന്തിന് ടര്‍ക്കിയിലെ വരെ അമേരിക്കന്‍ ചാവേറുകള്‍ പറന്നിറങ്ങുമ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്ന ഒരാളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ബാധ്യതയും രാജ്യത്തിനില്ലേ. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ വംശജര്‍ മിസ്റ്റര്‍ പ്രസിഡന്റിനോട് ചോദിക്കുന്നത്? 

ഹൈദരാബാദുകാരായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്‌ഭോട്‌ല വംശീയ ആക്രമണത്തില്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഇവിടെ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീനിവാസ് യുഎസിലെ കഫേയില്‍വച്ച് വെടിയേറ്റു കൊല്ലപ്പെട്ടത്. അമേരിക്കയില്‍നിന്ന് പുറത്തുപോകൂ എന്ന് ആക്രോശിച്ച് അക്രമി വെടിവയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുഎസിലാകെ വന്‍ പ്രതിഷേധമാണുണ്ടായത്. സംഭവത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിക്കുകയും ചെയ്തിരുന്നു.

കടയടച്ച് വീട്ടിലേക്കു പോകും വഴി അക്രമികള്‍ ഹര്‍നീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളിലും വെടിയേറ്റിരുന്നു. വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഹര്‍നീഷ് കട നടത്തിയിരുന്നത്. വെടിയൊച്ച കേട്ട പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. അതേസമയം, ഇത് വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ഇന്ത്യക്കാരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം പുറത്തു വന്നേ തീരൂ.

പോലീസെത്തി പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റു ചെയ്തിട്ടില്ല. അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കു നേരെ നിരന്തരം ആക്രമണങ്ങളുണ്ടാവുന്നത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 15 ചതുരശ്ര മൈലുകള്‍ മാത്രം ചുറ്റളവുള്ള ഇവിടെ 10,160 പേര്‍ മാത്രമാണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 5396 കുടുംബങ്ങള്‍. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് മുന്‍ഗണന കൂടുതലുള്ള ഈ കൗണ്ടിയില്‍ വെള്ളക്കാരും അത്ര തന്നെ വരും. 

പിന്നെയുള്ളത് സ്വദേശികളായ അമേരിക്കക്കാരും, ഏഷ്യക്കാരും, പസഫിക്ക് ഐലന്‍ഡേഴ്‌സും. ഇവരില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരും വെള്ളക്കാരും ഇവിടെ അടിക്കടി സംഘര്‍ഷത്തിലേര്‍പ്പെടുന്നതായി പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ലന്‍കാസ്റ്ററില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് നേരെ ഇതു പോലൊരു സംഭവം ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമാണ്. റെഡ് റോസ് സിറ്റി എന്നു പേരുള്ള ലന്‍കാസ്റ്ററില്‍ ഇന്ത്യക്കാര്‍ ഏറെ പേര്‍ താമസിക്കുന്നുണ്ട്. അവരിലൊക്കെയും സംഭവത്തെത്തുടര്‍ന്ന് ഭീതിയിലാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

അമേരിക്കയില്‍ ദേശീയത വികാരം പടരുന്നുവെന്നും അതിനു ട്രംപ് കുഴലൂതുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ ആവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശഹത്യയ്ക്ക് നേരെ ഒരു ചെറു വിരലനക്കമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യക്കാര്‍ ആരുടെയും വെടിയേറ്റ് ചാവാനുള്ളവരല്ലെന്നും അവര്‍ക്ക് പൗരാവകാശവും ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കുന്നതു പോലെ മനുഷ്യാവകാശവും ഉണ്ടെന്നു മാത്രം വിധ്വംസകരെ അറിയിക്കട്ടെ... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക