Image

അധീശ്വരത്വത്തിലെ അര്‍ത്ഥരഹിത നിരാസങ്ങള്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 04 March, 2017
അധീശ്വരത്വത്തിലെ അര്‍ത്ഥരഹിത നിരാസങ്ങള്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)
("ആരാണ് വെള്ളം കലക്കിയത്.?"; എന്ന ചെന്നായയുടെ ചോദ്യത്തിന് അര്‍ദ്ധ പ്രാണനായിട്ടാണ് ആട്ടിന്‍കുട്ടി മറുപടി പറഞ്ഞത്:

"അടിയനല്ലാ .'

ചെന്നായയുടെ ചോരക്കണ്ണുകളില്‍ കത്തി നിന്ന അദമ്യമായ ആര്‍ത്തിയുടെ അര്‍ത്ഥമറിയാത്ത ആട്ടിന്‍കുട്ടി രക്ഷപ്പെടാമെന്നാണ് കരുതിയത്.

"നീയല്ലങ്കില്‍ നിന്റെ 'അമ്മ. അത് മതി. അത് മാത്രം മതി നിന്നെ എനിക്ക് തിന്നാന്‍.".

വെള്ളാമ്പല്‍ പൂവിനെ ഞെട്ടി വിറപ്പിച്ച, വെള്ളിലം കാടിനെ കരയിപ്പിച്ച , ആ ദുരന്തത്തിന്റെ സമകാലീന പരന്പരകള്‍ നമുക്ക് ചുറ്റും ആവര്‍ത്തിക്കുന്‌പോളും , മണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപക്ഷികളെപ്പോലെ നാം വ്യര്‍ഥമായി രക്ഷപെടാമെന്നു വ്യാമോഹിക്കുകയാണ്.അധിനിവേശം എന്ന വാക്കിന് 'കീഴ്‌പ്പെടുത്തല്‍ ' എന്നും കൂടി അര്‍ഥം കല്‍പ്പിക്കാമെങ്കില്‍ , ആധുനിക കാല ഘട്ടത്തിന്റെ അഭിശാപമായി ആളിപ്പടരുന്ന അധീശ്വരത്വം ഇന്ന് യുദ്ധ ഭൂമികളില്‍ മാത്രമല്ല, മനുഷ്യാവസ്ത മാറ്റുരക്കുന്ന ഏതൊരു വേദികളിലും നിത്യ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

അപരന്റെ അവകാശങ്ങളില്‍ നിന്ന് അണുവിടയെങ്കിലും നിഷേധിക്കപ്പെടുന്നതും! വ്യക്തിപരവും, സാമൂഹികവുമായ അവന്റെ നിലനില്‍പ്പിനെ എത്ര നിസ്സാരമായിപ്പോലും ചോദ്യം ചെയ്യുന്നതും , അവന്റെ മേലുള്ള അധിനിവേശമാകുന്നു.

ആകര്‍ഷകങ്ങളായ പരസ്യ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ മേല്‍ മാര്‍ക്കറ്റിങ് നടത്തുന്ന വ്യവസായികള്‍ മുതല്‍, റിലീജിയല്‍ കൂട്ടായ്മ എന്ന ആഗോള നെറ്റ് വര്‍ക്കില്‍ നമ്മെ കുടുക്കിയിടുന്ന മതങ്ങളും , ഭൂമിയുടെ ഉപരിതലത്തിലൂടെ തലങ്ങും, വിലങ്ങും വരക്കപ്പെട്ട അതിര്‍ രേഖകള്‍ക്കുള്ളില്‍ സങ്കല്പിക്കപ്പെട്ട രാഷ്ട്ര പൗരത്വങ്ങള്‍ വരെ നമ്മുടെ മേല്‍ അധീശരത്വത്തിന്റെ അശ്വമേധം നടത്തുന്ന സ്ഥാപനങ്ങളാകുന്നു.ജീവി വര്‍ഗ്ഗത്തിന്റെ അടിസ്ഥാന വികാരങ്ങളിലൊന്നായ ഭയം എന്ന നിസ്സഹായാവസ്ഥയുടെ വിളനിലങ്ങളിലാണ് ഈ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ തങ്ങളുടെ വിത്തെറിഞ് വിള കൊയ്യുന്നത്.

ആവശ്യങ്ങള്‍ക്ക് മേലുള്ള സപ്ലെ എന്ന് വ്യവസായങ്ങളും, മരണാനന്തര ജീവിതത്തിന്റെ താക്കോലുകള്‍ എന്ന് മതങ്ങളും, ഭൗതിക ജീവിതത്തിന്റെ സുരക്ഷ എന്ന് രാഷ്ട്രങ്ങളും നമുക്ക് വിശദീകരണം നല്‍കുന്‌പോള്‍ , നമ്മള്‍ പാവങ്ങള്‍ ഇവരുടെ അധിനിവേശത്തിനായി നമ്മുടെ നട്ടെല്ലുകള്‍ വളച്ചു കൊടുക്കുകയും, അവിടെ അവര്‍ സ്ഥാപിച്ചെടുക്കുന്ന അവകാശങ്ങളുടെ അടയാളമായി , നമ്മുടെ നെറ്റിയില്‍ തങ്ങളുടെ അദൃശ്യ ലേബലുകള്‍ ഒട്ടിച്ചു കൊണ്ട് , സ്വന്തം പാളയങ്ങളിലെ എണ്ണങ്ങളുടെ കൂട്ടങ്ങളിലേക്കു നാം ആട്ടിത്തെളിക്കപ്പെടുകയും ചെയ്യുന്നു.

ഈ കൂട്ടങ്ങളെ ആവശ്യമെങ്കില്‍ പരസ്പരം ഏറ്റുമുട്ടിക്കുന്നതിനും , കൊല്ലിക്കുകയും ചെയ്യുന്നതിലൂടെ വര്‍ഗ്ഗീകരണത്തിന്റെ വര്‍ണ്ണജലത്തില്‍ വളരുന്ന മഷിത്തണ്ട് ചെടികളെപ്പോലെ നാം അവരുടെ സ്വന്തം നിറം നമ്മളിലൂടെ പുറത്തേക്കു പ്രസരിപ്പിക്കുന്ന. അധികാരം ഉറപ്പിക്കുന്നതിനുള്ള വോട്ടു ബാങ്കുകളെയും, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ക്കറ്റുകളായും , യജമാനന്മാര്‍ക്കു ഏറാന്‍ മൂളുന്ന അടിമകളായും നാം മാറുന്നു.

മാതൃഭൂമി, മാതൃഭൂമി എന്ന കഌഷേ പദങ്ങള്‍ ഉരുവിട്ട് കൊണ്ട് യുദ്ധ മുന്നണികള്‍ രൂപം കൊള്ളുന്നതും , എന്റെ ദൈവം , നിന്റെ ദൈവം എന്നാക്രോശിച്ചു കൊണ്ട് പരസ്പരം വാളെടുക്കുന്നതും ഇപ്രകാരം സംഭവിക്കുന്നു. യുദ്ധ മുന്നണിയിലോ , വര്‍ഗ്ഗകലാപത്തിലോ ആയിരങ്ങളെ കൊന്നൊടുക്കി തിരിച്ചെത്തുന്നവനെ ധീരനും, വീരനുമായി പ്രഖ്യാപിച്ചു അവനെഅനുമോദിക്കുകയും , ആശംസിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് , ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമുക്ക് ചുറ്റുമുള്ളതെന്ന തിരിച്ചറിവില്‍ എല്ലാ ഭൂഖണ്ഡങ്ങളിലെയും മനുഷ്യ സ്‌നേഹികള്‍ ലജ്ജിക്കുക!

നില നില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഏതു കാലഘട്ടത്തിലും പീഡിപ്പിക്കപ്പെട്ടിരുന്നതായിക്കാണാം.സമൂഹ ഗാത്രത്തിലെ മഹാ ഭൂരിപക്ഷത്തിന്റെയും വിശ്വാസ പ്രമാണങ്ങളെ തുറന്നെതിര്‍ക്കുന്‌പോള്‍ , സ്വാഭാവികമായും ഉരുത്തിരിയുന്ന ക്രോധത്തില്‍ നിന്നാണിത് സംഭവിക്കുന്നത്. വ്യവസ്ഥിതിയുടെ മേല്‍ നിര്‍ദ്ദേശിക്കപ്പെട്ട തിരുത്തലുകള്‍ അംഗീകരിക്കപ്പെടാന്‍ സുദീര്‍ഘമായ ഒരു കാലഘട്ടം ആവശ്യമായി വന്നേക്കാം.തിരുത്തലുകളുടെ ഗുണഫലങ്ങള്‍ ഏറ്റു വാങ്ങാന്‍ കഴിയുന്നത് വരുവാന്‍ പോകുന്ന തലമുറകള്‍ക്കു ആയിരിക്കും എന്നതിനാല്‍ അവര്‍ക്കു വേണ്ടിയുള്ള കരുതല്‍ എന്ന നിലയിലാണ് , ഇന്ന് നാം പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നത്‌വ.

മനുഷ്യ വര്‍ഗ്ഗം ഒരു വന്മരമായി നില നില്‍ക്കുകയാണെന്നും, നാമാകുന്ന പഴുത്തു കൊഴിയുന്ന ഇലകളാണ് , വിരിയുന്ന തളിരുകള്‍ക്കു വളവും വെള്ളവുമായിത്തീര്‍ന്നു വംശ വൃക്ഷത്തെ പോറ്റി വളര്‍ത്താന്‍ പോകുന്നത് എന്ന് നാം ഇപ്പഴേ തിരിച്ചറിയേണ്ടതുണ്ട്.

വന്‍ കരകളെയും അവയിലെ വിഭവങ്ങളെയും കാല്‍കീഴിലാക്കാന്‍ ശ്രമിച്ചവര്‍ എത്ര വേണമെങ്കിലുമുണ്ട്. അലക്‌സന്‍ഡര്‍ ,നെപ്പോളിയന്‍,ഹിറ്റലര്‍ ...പരന്പര നീളുന്നു.കേവലമായ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ക്ക് ശേഷം വെറും കൈയോടെ അവര്‍ മടങ്ങിക്കഴിഞ്ഞു.അവര്‍ വരച്ച അതിര് രേഖകള്‍ കാലം മായ്ച്ചു കഴിഞ്ഞു.ആര്‍ക്കും അതിര്‍ വരക്കാന്‍ കഴിയാത്ത അത്ഭുതമായി ഭൂമി ഇന്നും നിലനില്‍ക്കുന്നു.

ആധുനിക യുദ്ധോപകരണങ്ങളുടെ പിന്‍ബലത്തോടെ ഇന്നും കടലുകള്‍ കടന്നു ചെന്ന് ചിലര്‍ അധിനിവേശം നടത്തുന്നു. പ്രത്യക്ഷമായ ഈ അധിനിവേശത്തിനും അപ്പുറത്താണ് , ബൗദ്ധിക വ്യാവസായിക അധിനിവേശം. ശാസ്ത്രസാങ്കേതിക വിദ്യകളുടെ ശുപാര്‍ശകളോടെ തെറ്റായ വസ്തുതകളെ ശരിയെന്ന് വരുത്തി തീര്‍ത്ത് വിറ്റഴിക്കുകയാണ്.ശീലങ്ങളുടെ അടിമകളായ സാധാരണ ജനം ഇവരുടെ ചൂണ്ടയില്‍ കൊത്തി കുടുങ്ങുകയാണ്. സമൂഹത്തിലെ കള്ളന്മാരും, കൊള്ളക്കാരും കൈയാളുന്ന അച്ചടിഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ ഈ അധിനിവേശത്തിന് ആമ്മേന്‍ പാടുന്‌പോള്‍ , ഒരിക്കല്‍ അടിപ്പെട്ടാല്‍ പിന്നെ അടിമ എന്ന നിലയില്‍ ഇവരുടെ വലയില്‍ കുടുങ്ങുകയാണ് ജനകോടികള്‍.

ഓപ്പണ്‍ മാര്‍ക്കറ്റ് , ആഗോളവല്‍ക്കരണം മുതലായ ഓമനപ്പേരുകളില്‍ പുതിയ അധിനിവേശം അരങ്ങുതകര്‍ക്കുന്‌പോള്‍ , ഇതിനെ തിരിച്ചറിഞ്ഞ് തിരുത്തേണ്ട കലസാംസ്ക്കാരികസിനിമാ പ്രവര്‍ത്തകര്‍ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചകളെപ്പോലെ വ്യവസ്ഥിതിക്ക് പുറം ചൊറിഞ്ഞു കൊടുക്കുകയാണ്.

ഫലമോ: വേദങ്ങളുടേയും, ഉപനിഷത്തുകളുടെയും സത്യാധര്‍മ്മ അടിത്തറയില്‍ സഹസ്രാബ്ദങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഭാരതീയ സിദ്ധാന്തങ്ങള്‍ പോലുള്ള മഹത്തായ ആശയങ്ങള്‍ക്ക് മൂല്യ ശോഷണം സംഭവിച്ച് , തിന്നുക, കുടിക്കുക. ആനന്ദിക്കുക എന്ന പടിഞ്ഞാറന്‍ ഭൂതത്തിന്റെ ബലിഷ്ഠ കാലടികളില്‍ ചതഞ്ഞു പിടയുകയാണ് ലോകത്താകമാനമുള്ള ജനകോടികള്‍.

ഇതിനെതിരെ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞു നിരാസത്തിന്റെ പടയണികള്‍ ഉയര്‍ത്തേണ്ടതുണ്ട്. പക്ഷെ, ആര് ? അതിനു സ്വാഭാവികമായും ചുമതലപ്പെട്ട സാംസ്ക്കാരിക പ്രവര്‍ത്തകരോ? അവര്‍ ഉറക്കം നടിക്കുകയല്ലേ? അടിപൊളി അവതാരങ്ങളുടെ അളിഞ്ഞ പുറം ചൊറിഞ്ഞു കൊടുത്തുകൊണ്ട്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക