Image

മണികിലുക്കം നിലച്ചിട്ടിന്ന് ഒരാണ്ട് (എ.എസ് ശ്രീകുമാര്‍)

Published on 06 March, 2017
മണികിലുക്കം നിലച്ചിട്ടിന്ന് ഒരാണ്ട് (എ.എസ് ശ്രീകുമാര്‍)
മലയാളിയുടെ മനസിന്റെ ചിരിത്തളങ്ങളില്‍ ആയുസേകാന്‍ പാട്ടും പാരഡിയും തമാശും വിളമ്പിയ കലാഭവന്‍ മണിയുടെ വേര്‍പാടിനിന്ന് (മാര്‍ച്ച് 6) ഒരുവര്‍ഷത്തിന്റെ വിടാത്ത വിധികല്‍പിതമായ വേദന...വര്‍ഷങ്ങള്‍ ഒരുപാട് പെയ്‌തൊഴിഞ്ഞാലും തീരാത്ത ദുഖം. ഈ ജനകീയ കലാകാരന്റെ മരണത്തിലെ ദുരൂഹത ഇന്നും ഒഴിഞ്ഞിറങ്ങിപ്പോയിട്ടില്ല. അന്വേഷണത്തിലെ ഇഴച്ചിലും ഇടര്‍ച്ചകളും നിലനില്‍ക്കെ മണിയുടെ ചിരികിലുക്കം മനസിലുണ്ട്. മണി കരഞ്ഞിട്ടുണ്ട്...അകാല മരണത്തിലൂടെ നമ്മെ കരയിപ്പിച്ചിട്ടുമുണ്ട്. ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ച്  മിമിക്രിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ബ്രേക്കില്ലാതെ കയറിയ മണിയുടെ സ്വതസിദ്ധമായ ആ ചിരിയും നാടന്‍പാട്ടുകളും മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടക്കില്ല.

2016 മാര്‍ച്ച് ആറിനാണ് കലാലോകം ആ വാര്‍ത്ത കേട്ട് വിറങ്ങലിച്ചുനിന്നു പോയയത്. കലാഭവന്‍ മണിയെന്ന ഇഷ്ട നടന്റെ ശാശ്വത വിയോഗവാര്‍ത്ത. ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം അദ്ദേഹത്തെ വെള്ളിത്തിരയുടെയും സ്റ്റേജിന്റെയും വിസ്മയ വിലോഭനീയ ലോകത്തു നിന്ന് അകറ്റിയിരിക്കുന്നു. 45-ാമത്തെ വയസ്സില്‍ പ്രശസ്തിയുടെ പറുദീസയില്‍ നിന്നുകൊണ്ടാണ് മണിമുഴക്കങ്ങള്‍ അവസാനിപ്പിച്ച്, നമ്മുടെ ഈറന്‍ കണ്ണുകള്‍ക്ക് നേര്‍ സാക്ഷിയാവാതെ കരുത്തുറ്റ ദേഹം വിട്ടൊഴിഞ്ഞു പോയത്. അസ്വാഭാവിക മരണമെന്നാണ് അന്നു മുതല്‍ കേള്‍ക്കുന്നത്. കഴിച്ച മദ്യത്തില്‍ വിഷം കലര്‍ന്നിരുന്നുവത്രെ...ആര്‍ക്കറിയാം...കൊന്നതോ...കൊല്ലിച്ചതോ...മരണം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് വഴിവിട്ട് പോയതോ...? 

കലാഭവന്‍ മണി എന്ന പച്ച മനുഷ്യന്റെ ജീവിതം, കഷ്ടപ്പെട്ട് കുടുംബം പുലര്‍ത്തുന്നവര്‍ക്ക് എക്കാലവും ഒരു മാതൃകയാണ്. ചാലക്കുടിയില്‍ കൂലിക്കെടുത്ത ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടാണ് മലയാളിയുടെ ഹൃദയങ്ങളിലേക്ക് മിനിമം ചാര്‍ജോടെ മണി ഓടിയെത്തിയത്. മിമിക്രി എന്ന കലാരൂപത്തെ നെഞ്ചേറ്റിയ നാളുകളില്‍ അന്യം നിന്നു പോകുന്ന നാടന്‍ പാട്ടിനെയും മണി സ്‌നേഹിച്ച് പാടിപ്പാടി നമ്മെ എല്ലാം പൂമുഖപ്പടിയില്‍ ഇരുത്തി സന്തോഷിപ്പിച്ചു. ഇഷ്ടപ്പെടുന്നവര്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനകള്‍ക്ക് അതിരില്ല. കലാഭവന്‍ മണി നമ്മെ വിട്ടു പോയപ്പോള്‍ അദ്ദേഹം അവശേഷിപ്പിച്ച ചിരിയുടെ മാലപ്പടക്കങ്ങള്‍ ഓര്‍മയില്‍ ഒരു തൃശൂര്‍ പൂരം കണക്കെ പൊട്ടിച്ചിതറുന്നു. എന്തിനാണ് ഇത്ര ചെറുപ്പത്തിലേ ഈ കലാകാരനെ നമ്മുടെ ആസ്വാദനത്തിന്റെ ഹൃദയഭിത്തികളില്‍ നിന്ന് അടര്‍ത്തി മാറ്റിയത് എന്ന ചോദ്യത്തിന് ഈ കണ്ണീര്‍ തര്‍പ്പണം ഉത്തരമായി ഉദകക്രിയ ചെയ്യുന്നു.

സിനിമയും മിമിക്രിയും രക്തത്തില്‍ സന്നിവേശിപ്പിച്ച് ആ പട്ടിണി ഓട്ടോയില്‍ വേഗതയുടെ ഗിയറുകള്‍ ഇടുമ്പോള്‍ കലാഭവന്‍ മണിയെ നാം അനുസ്മരിക്കുന്നത് നാടന്‍ പാട്ടിന്റെ ശീലുകളിലൂടെയാണ്. ഒരു പക്ഷേ, വായ്‌മൊഴിയായ് കിട്ടിയ ശ്രദ്ധയുടെ താളം വരമൊഴിയാക്കി തന്നു മണി. നാടന്‍ പാട്ട് എന്നു കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും മനസ്സിലൊരു മണികിലുക്കം കേള്‍ക്കാം. ആരാലും കേള്‍ക്കാതെ ആരോരുമറിയാതെ എവിടെയോ അസ്തമിച്ച് പോകേണ്ടിയിരുന്ന ആ വായ്ത്താരികള്‍ ജനകീയമാക്കി ദിവസത്തിലൊരിക്കലെങ്കിലും മൂളാന്‍ മലയാളിയെ പ്രാപ്തനാക്കിയ പാട്ടുകാരനായിരുന്നു കണ്‍വെട്ടത്തു നിന്നും ക്ഷിപ്ര വേഗത്തില്‍ മാഞ്ഞു മറഞ്ഞു പോയത്. ആ സിംഹാസനത്തിന് യോഗ്യനായ ഒരാളും ഇനിയുണ്ടാവില്ല. മണിക്കു തുല്യന്‍ മണി മാത്രം. അഭിനയ ലോകത്തേയ്ക്ക് കടന്ന് വന്നപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഊര്‍ജവും കരുത്തും കണ്ണീരും കാമനയും നല്കി പൊലിപ്പിച്ച്, ഇടവേളകളില്ലാതെ നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഈ കലാകാരന്‍ മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും പോയി ആസ്വാദനത്തിന് മിഴിവേകി നമുക്കഭിമാനമായി. 

ഒത്ത പൊക്കവും കനത്ത ശരീരവും കറുത്ത നിറവുമുള്ള ഉള്ള മണിയുടെ വെളുത്ത ചിരി ആരെയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. ചിരിക്കുമ്പോള്‍ കവിളില്‍ വിരിയുന്ന നുണക്കുഴി ഭാവങ്ങള്‍ക്ക് പാഠഭേദങ്ങള്‍ നല്‍കി. തമ്മില്‍ കാണുമ്പോള്‍ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുക എന്ന ശീലത്തെ കലാഭവന്‍ മണി ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ തഴമ്പുള്ള കൈയ്യില്‍ നിന്ന് ഒരു ഷെയ്ക്ക് ഹാന്‍ഡ് വാങ്ങുവാന്‍ ഭാഗ്യം കിട്ടിയ വ്യക്തിയാണീ ലേഖകന്‍. ആ ഉരുക്കു മുഷ്ഠിയുടെ പ്രകമ്പനങ്ങള്‍ ഇന്നും, എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. മണി ഏതൊക്കെയോ ചട്ടക്കൂടുകളില്‍, മലയാള സിനിമയുടെ നശിച്ച ഹയറാര്‍ക്കിയുടെ ശാപമായി, അയിത്ത വിചാരണയുടെ ഷോട്ടുകളില്‍ അംഗീകരിക്കപ്പെടാതെ പോയി. 'വാസന്തിയും ലക്ഷ്മിയും ഞാനും...' എന്നൊരൊറ്റ സിനിമ മാത്രം മതി മണിയുടെ അഭിനയ മികവിന്റെ മര്‍മമളക്കാന്‍. കരടിയായ് അഭിനയിച്ചു, കരുമാടിക്കുട്ടനായി കണ്ണീരുമണിയിച്ചു. ഇങ്ങനെ എണ്ണുന്ന ചിത്രങ്ങളെല്ലാം മണിയുടെ കൈയ്യൊപ്പ് പതിഞ്ഞവയാണ്. ലോകനാഥന്‍ ഐ.പി.എസ് എന്ന ചിത്രത്തിലൂടെ നിയമ പാലകന്റെ കാക്കി വേഷത്തെ അക്ഷരാര്‍ത്ഥത്തില്‍ മണി അഭിനയിച്ച് ഫലിപ്പിക്കുമ്പോള്‍ അവിടെ ഒരു മനസ്സിന്റെ യവനിക ഉയരുകയായിരുന്നു...പ്രതിഷേധത്തിന്റെ ഉറച്ച ശബ്ദ വിന്യാസങ്ങളും. 

എന്റെ പ്രിയ അനുജന്‍ സുനില്‍.കെ. ആനന്ദ് രചിച്ച രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ കഥാപാത്രത്തിന്റെ പേര് ഗുണശേഖരന്‍ എന്നായിരുന്നു. അദ്ദേഹം സംസ്ഥാന മന്ത്രിയാണ്. അഴിമതി എത്രമാത്രം ജനകീയവത്ക്കരിക്കാം, സാമാന്യപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വിക്കുള്ള ആ വേഷം. ഒരു നിമിഷം കൊണ്ട് ആ കഥാപാത്രത്തിന്റെ ഭാവവേഷപ്പകര്‍ച്ചകള്‍ കലാഭവന്‍ മണി മനസ്സിലാക്കി, രണ്ടാമതൊരു ടേക്കിന് ഇടം നല്‍കാതെ ഷൂട്ടിങ്ങ് വേളകള്‍ ആനന്ദകരമാക്കി എന്ന് സുനില്‍ പറഞ്ഞിരുന്നു. ആ സിനിമ ഇന്നും നമ്മുടെ ടി.വി. ചാനലുകളില്‍ നിരന്തരം ഓടുമ്പോള്‍ ഒരു പക്ഷേ നാം ഏറെ ഇഷ്ടപ്പെടുന്ന ഭാവപ്പകര്‍ച്ചയുടെ ഉദാഹരണമായിമാറുന്നു ഗുണശേഖരന്‍. 

പിന്നെ കരുമാടിക്കുട്ടന്‍. ഒരു നടന്‍ എത്രമാത്രം തന്റെ ശരീരത്തെയും ഭാവനയെയും പ്രതിബദ്ധതയോടെ അനാവരണം ചെയ്യുന്നു എന്നതിന് ഉദാഹരമാണ് ഈ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. ഓര്‍ക്കാന്‍ ഒരുപാടുണ്ട്. മണി നടന്നു പോയ നിഴല്‍ പാടുകള്‍ അദ്ദേഹത്തെ സ്‌നേഹിച്ച് ആരാധിച്ച ഏവരുടെയും കണ്ണിറമ്പുകളിലുണ്ട്. ആ സിഗ്നേച്ചര്‍ ചിരി കേള്‍ക്കാന്‍ ദേഹമില്ല. പക്ഷേ, പാട്ടുകള്‍ മാറ്റൊലി കൊള്ളുന്നുണ്ട്...''ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട...'', ''എന്റെ കുഞ്ഞേലി നിന്നെ ഞാന്‍ കണ്ടതല്ലേടി...'', ''പകലുമുഴുവന്‍ പണിയെടുത്ത് കിട്ടണകാശിന് കള്ളുകുടിച്ച്...'', ''ഓടപ്പഴം പോലൊരു പെണ്ണിന്...'' എന്നിങ്ങനെ മണിയുടെ പാട്ടുകളെല്ലാം തലമുറ ഭേദമന്യേ കേരളക്കര ഏറ്റെടുത്തവയാണ്...അവസാനത്തെ പാട്ട് അറം പറ്റിയോ...'

ആ പാട്ടിന്റെ തുടക്കവരികളോര്‍ത്ത് മണിയുടെ ആത്മാവിന് നിത്യശാന്തി നേരാം...

''നേരെ പടിഞ്ഞാറു സൂര്യന്‍
താനേ മറയുന്ന സൂര്യന്‍
ഇന്നലെ ഇത്തറവാട്ടില്
തത്തിക്കളിച്ചൊരു പൊന്‍ സൂര്യന്‍
തെല്ലു തെക്കേപ്പുറത്തെ 
ആറടി മണ്ണിലുറങ്ങയല്ലോ,
തെല്ലു തെക്കേപ്പുറത്തെ 
ആറടി മണ്ണിലുറങ്ങയല്ലോ...''

മണികിലുക്കം നിലച്ചിട്ടിന്ന് ഒരാണ്ട് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക