Image

കെ.അജിതയുടെ അതിവിപ്ലവങ്ങളും സാംസ്ക്കാരിക പോരാട്ടങ്ങളും- 3 (ജോസഫ് പടന്നമാക്കല്‍)

Published on 06 March, 2017
കെ.അജിതയുടെ അതിവിപ്ലവങ്ങളും സാംസ്ക്കാരിക പോരാട്ടങ്ങളും- 3 (ജോസഫ് പടന്നമാക്കല്‍)
വയനാടന്‍ പ്രദേശങ്ങളിലെ നക്‌സല്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ച തീവ്രവിപ്ലവകാരിണി, മധുര പതിനേഴുകാരി, രാഷ്ട്രീയ തടവുകാരി, സര്‍ക്കാരിനെപ്പോലും ഞടുക്കിയ പോരാളിയായിരുന്ന അജിത, അവര്‍ നക്‌സലിസത്തിന്റെയും മാവോ പ്രത്യേയ ശാസ്ത്രത്തിന്റെയും പ്രതീകമായിരുന്നു. സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കായി വിപ്ലവപാത തെരഞ്ഞെടുത്ത അജിതയുടെ സുധീരമായ പോരാട്ടങ്ങള്‍ ചരിത്രരേഖകളില്‍ കുറിക്കപ്പെട്ടിരിക്കുന്നു. നക്‌സലൈറ്റ് അജിതയെന്നാണ് ഇവരെ അറിയപ്പെടുന്നത്. മലയാള സാഹിത്യത്തിലെ വടക്കുംപാട്ടിലുള്ള വീരഗാഥകള്‍ പാടുമ്പോള്‍ സ്ത്രീകളില്‍ ഉണ്ണിയാര്‍ച്ചയെപ്പറ്റി ഏവരും സ്തുതിക്കും. ഉണ്ണിയാര്‍ച്ചയുടെ ആയുധം വാളും പരിചയുമായിരുന്നു. 1960 കളിലെ വടക്കുനിന്നുമുള്ള കുന്നിക്കല്‍ നാരായണന്റെ മകള്‍ അജിതയും നക്‌സല്‍ സായുധ സേനയിലെ നിര്‍ഭയ നാരിയായും അറിയപ്പെടുന്നു. എഴുപതുകളില്‍ നാടിനെ കിടുകിടാ വിറപ്പിച്ച ഒരു ചരിത്രവും അവര്‍ക്കുണ്ട്.

ആരാണ് അജിത? 1968ലെ നക്‌സല്‍ താരവും പുല്‍പ്പള്ളി സ്‌റ്റേഷന്‍ ആക്രമിച്ചവരില്‍ ഒരാളും അവിടെ രക്തത്തില്‍ മുക്കിയ വിരലടയാളങ്ങള്‍ മതിലുകളില്‍ പതിക്കുകയും ചെയ്ത വിപ്ലവ റാണിയായിരുന്നു. ചിലര്‍ക്ക് പുരാണങ്ങളിലെ ഐതിഹാസിക രൂപംപോലെയാണ്. വടക്കേ ഇന്ത്യന്‍ ചമ്പല്‍ക്കാടുകളിലെ റാണിയായിരുന്ന ബണ്ഡിറ്റ് (ആമിറശ)േഫൂലന്‍ ദേവിയോടും അവരെ ഉപമിക്കുന്നവരുമുണ്ട്. മറ്റുള്ളവര്‍ വയനാടന്‍ വനങ്ങളിലെ പ്രതികാര ദാഹിയായ ഉഗ്രസര്‍പ്പംപോലെ തീതുപ്പുന്ന കലഹകാരിണിയായും ചിത്രീകരിക്കുന്നു.

വടക്കേ മലബാറിലെ വയനാട് പ്രദേശങ്ങളില്‍നിന്നാണ്, ജന്മി മുതലാളിത്വത്തിനെതിരെ കുപിതരായ ഒരു പറ്റം ചെറുപ്പക്കാര്‍ സായുധ വിപ്ലവവുമായി അങ്കം വെട്ടാനിറങ്ങിയത്. അവര്‍ ഒരു പ്രത്യായ ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നവരും ആശയ പാണ്ഡിത്യം നിറഞ്ഞവരും വിദ്യാസമ്പന്നരുമായിരുന്നു. രക്തപങ്കിലമായ ഒരു വിപ്ലവത്തില്‍ക്കൂടിയേ സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൂല്യങ്ങളെ കൈവരിക്കാന്‍ സാധിക്കൂവെന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അതിനവര്‍ തെരഞ്ഞെടുത്തത് വനങ്ങളാല്‍ നിബിഡമായ വയനാട്ടിലെ പുല്‍പ്പള്ളിയെന്ന പ്രദേശമായിരുന്നു. കല്‍ക്കട്ടായിലെ നക്‌സലൈറ്റ് ഭീകരനായിരുന്ന കനുസന്യാലിനെ വീരയോദ്ധാവും ആരാധ്യപുരുഷനുമായി സ്വീകരിച്ചിരുന്നു. നക്‌സലിസത്തിന്റെ വളര്‍ച്ചയോടൊപ്പം ഈ പ്രത്യായ ശാസ്ത്രം സാഹിത്യമേഖലകളിലും സ്ഥാനം പിടിച്ചു. കവിതകളും ഇതിഹാസങ്ങളും ചരിത്രങ്ങളും രചിക്കപ്പെട്ടു. പുതിയ പുതിയ ആശയസംഹിതകളുടെ നൂറുകണക്കിന് പുസ്തകങ്ങളും ഗ്രന്ഥപ്പുരകളില്‍ സ്ഥാനം നേടി. രക്തസാക്ഷി സ്തൂപങ്ങള്‍ വയനാടന്‍ പ്രദേശങ്ങളില്‍ ഉയര്‍ത്തപ്പെട്ടു. വര്‍ഗീസിന്റെ സ്തൂപത്തുങ്കല്‍ സന്ദര്‍ശകര്‍ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. ചിലര്‍ രക്തക്കറയാര്‍ന്ന അന്നത്തെ ചരിത്രത്തിന്റെ ഏടുകളും തപ്പുന്നുണ്ട്.

കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും മകളായ അജിത തീവ്ര നക്‌സല്‍ പ്രസ്ഥാനങ്ങളില്‍കൂടി വളര്‍ന്നു. 1970കളില്‍ പുല്‍പ്പള്ളി പ്രദേശങ്ങളിലെ വനങ്ങളില്‍ക്കൂടി ഒളിച്ചും പതുങ്ങിയും പാത്തു നടന്നും ആദിവാസികളുടെ കുടിലുകളില്‍ കിടന്നുറങ്ങിയും വിപ്‌ളവപ്രസ്ഥാനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്നു. ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ക്കുപോലും അവരും സഹപ്രവര്‍ത്തകരും ഭീതി ജനിപ്പിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നവോത്ഥാനത്തിനായും ഭൂമിയില്ലാത്ത കര്‍ഷക ദരിദ്രര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ ഉച്ഛനീചത്വങ്ങള്‍ അനുഭവിക്കുന്ന ദളിതര്‍ക്കുവേണ്ടിയും പോരാടാനായി പ്രചോദനം ലഭിച്ചിരുന്നത് മാവോയുടെ ഫാസിസത്തിനെതിരായുള്ള പ്രത്യായ ശാസ്ത്രങ്ങളില്‍നിന്നായിരുന്നു. നൈസര്‍ഗികമായി അടവും ആവേശവും ജ്വലിക്കാന്‍ കാരണം അജിതയുടെ മാതാപിതാക്കള്‍ തന്നെയായിരുന്നു. ജനിച്ച നാളുമുതല്‍ വിപ്ലവപ്രസ്ഥാനങ്ങളുമായി അലിഞ്ഞുചേര്‍ന്നിരുന്ന അച്ഛന്റെയും അമ്മയുടെയും കഥകള്‍ കേട്ടുകൊണ്ടാണ് ബാലികയായ അജിത വളര്‍ന്നു വന്നത്.

ചൈനയില്‍ മാവോസേതൂങ് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത വിധം സാമ്രാജ്യപതിയായി കഴിയുന്ന കാലങ്ങളില്‍ ചെങ്കൊടിയും പിടിച്ചു നടന്നിരുന്ന അജിതയുടെ പ്രായം വെറും പതിനേഴു വയസായിരുന്നു. അന്ന് ആ യുവതിയ്ക്ക് സ്കൂളിലെ പഠനത്തെക്കാള്‍ താല്‍പ്പര്യം മാവോയുടെ തത്ത്വങ്ങള്‍ പഠിക്കുകയെന്നതായിരുന്നു. ഇടിമുഴങ്ങുമ്പോലെ നക്‌സല്‍ബാരിസം ബംഗാളിന്റെ മണ്ണില്‍ ഉറച്ച കാലഘട്ടത്തില്‍ തന്നെ ഈ പെണ്‍കുട്ടി ഭൂപ്രഭുക്കര്‍ക്കെതിരായി പൊരുതാന്‍ തുടങ്ങി. സമപ്രായക്കാരായ കുമാരികള്‍ ചെത്തിമിനുങ്ങി നടക്കുന്ന കാലങ്ങളില്‍ അജിതയ്ക്ക് പ്രേമം പോരാട്ടങ്ങളോടായിരുന്നു. പ്രീഡിഗ്രി പൂര്‍ത്തിയാക്കാതെ മറ്റു നേതാക്കളോടൊപ്പം ഊണും ഉറക്കവും നടപ്പും വനാന്തരങ്ങളിലാക്കി.

അജിതയുടെ ആത്മകഥയായി എഴുതിയ 'ഓര്‍മ്മക്കുറിപ്പുകള്‍' മലയാളത്തിലെ കൃതികളില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നാണ്. വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ മുതലുള്ള സമര കഥകള്‍ അതില്‍ വിവരിച്ചിട്ടുണ്ട്. ആദ്യത്തെ വിപ്ലവം സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു. പാറപോലെ സമരവീര്യം തലയ്ക്കു കേറി മത്തു പിടിച്ചിരുന്ന ചെറുപ്രായത്തില്‍ ഒരിക്കല്‍ കുട്ടികളെ മുഴുവന്‍ ക്ലാസ്സില്‍ നിന്നുമിറക്കി ഒരു പ്രകടനം സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ വക നല്‍കിയിരുന്ന റേഷന്‍ അരി കുറച്ചതിലുള്ള പ്രതിഷേധമായിരുന്നു അത്. സ്കൂളിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ രക്ഷകര്‍ത്താക്കളെ കൊണ്ടുവന്നു സ്കൂളില്‍ മാപ്പു പറയണമെന്നായി സ്കൂള്‍ അധികൃതര്‍. എന്നാല്‍ പിതാവായ കുന്നിക്കല്‍ നാരായണന്‍ ക്ഷമ പറയുന്നതിനു പകരം സ്കൂളില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് പ്രതികരിച്ചുകൊണ്ട് സ്കൂളിലേയ്ക്ക് ഒരു കത്തെഴുതി. കുന്നിക്കല്‍ നാരായണനെന്ന ഭീകര കമ്മ്യൂണിസ്റ്റ് നേതാവിന്റെ കത്തു കിട്ടിയപ്പോഴേ സ്കൂളധികൃതര്‍ ഭയന്നുപോയി. ആരുടേയും ക്ഷമാപണം ആവശ്യപ്പെടാതെ കുട്ടികളെ മുഴുവന്‍ ക്ലാസ്സില്‍ കയറ്റുകയും ചെയ്തു. കത്തി ജ്വലിക്കുന്ന പന്തം പോലെ വിപ്ലവങ്ങളുമായി മുന്നേറിയിരുന്ന അച്ഛന്‍ കുന്നിക്കല്‍ നാരായണന്‍ മുബൈയിലെ ഒരു സജീവ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകനായിരുന്നു.

നക്‌സല്‍ പ്രവര്‍ത്തന കാലത്ത് സഖാക്കളില്‍ ഭൂരിഭാഗം പേരും അജിതയോട് മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. എന്നാല്‍ ചിലര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അജിത ചെറുപ്രായമായതുകൊണ്ട് ചിലരുടെ ബലഹീനതകളും മോഹങ്ങളും അവരോടു പ്രകടിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. അപ്പോഴെല്ലാം വര്‍ഗീസ്, തേറ്റമല കൃഷ്ണന്‍ കുട്ടി എന്നിവര്‍ അവരെ സംരക്ഷിച്ചിരുന്നു. അജിത മുതിര്‍ന്ന സഖാക്കളുടെ സംരക്ഷണയിലായിരുന്നതുകൊണ്ട് ആര്‍ക്കും ഒരു പരിധിവിട്ട് പെരുമാറാന്‍ സാധിച്ചിട്ടില്ല. പത്തൊമ്പതുകാരിയായ അവര്‍ സുരക്ഷിതമായി ഇവരുടെയൊക്കെ സംരക്ഷണയില്‍ കാട്ടില്‍ കിടന്നുറങ്ങിയിരുന്നു. തണുപ്പായിരുന്നതുകൊണ്ട് ചുറ്റും വിറകുകൊള്ളികള്‍കൊണ്ട് തീ കൂട്ടുമായിരുന്നു. എല്ലാവര്‍ക്കും അവരോട് സ്‌നേഹം തന്നെയായിരുന്നു. കൂട്ടത്തില്‍ ഏകപെണ്ണായ അവര്‍ക്ക് സഖാക്കള്‍ ആങ്ങളമാരെപ്പോലെയുമായിരുന്നു.

ഒരു പെണ്ണ് വിപ്ലവത്തില്‍ പങ്കെടുക്കുന്നതുകൊണ്ടു ആദ്യമൊക്കെ അജിതയുടെ അച്ഛന്‍ കര്‍ശനമായി ഈ യത്‌നത്തില്‍നിന്നും പിന്തിരിയാന്‍ പറയുമായിരുന്നു. പക്ഷെ, വിപ്ലവം തീവ്രമായി തലയ്ക്കുപിടിച്ചും ആവേശം പൂണ്ടുമിരുന്ന അജിത ആരും പറയുന്നത് അനുസരിക്കില്ലായിരുന്നു. ആരെയും വകവെക്കാതെ അക്കാര്യത്തില്‍ വാശി പിടിച്ചിരുന്നു. കേരളത്തില്‍ പിന്നീടുണ്ടായ ഭൂപരിഷ്ക്കരണം അന്നത്തെ വിപ്‌ളവത്തിന്റെ പ്രതിഫലനമായിരുന്നുവെന്നു അജിത വിശ്വസിക്കുന്നു. ജന്മികള്‍ക്കെതിരായ സമരങ്ങള്‍ കാരണം ഭൂപരിഷ്ക്കരണ ബില്ലുകള്‍ പാസായി. ജന്മിത്വം ഇല്ലാതായി. അതിന്റെയെല്ലാം ക്രെഡിറ്റ് മാര്‍സിസ്റ്റ് പാര്‍ട്ടി എടുക്കുന്നുണ്ടെങ്കിലും ജന്മിത്വം അവസാനിപ്പിക്കാനുള്ള മൗലിക കാരണം നക്‌സലുകളുടെ 1970 കളിലെ വിപ്ലവ പ്രസ്ഥാനമായിരുന്നു. മാര്‍സിസ്റ്റുകള്‍ ഭൂപരിഷ്ക്കരണങ്ങള്‍ക്ക് മുമ്പോട്ടു വന്നില്ലായിരുന്നെങ്കിലും അത് നടപ്പാക്കാന്‍വേണ്ടി വീണ്ടും അതിനായുള്ള വിപ്ലവങ്ങള്‍ കേരളമണ്ണില്‍ നിന്നും പൊട്ടിപ്പുറപ്പെടുമായിരുന്നു.

1968 നവംബര്‍ ഇരുപത്തിരണ്ടാം തിയതി 300 പേരുള്ള ഗൊറില്ലകള്‍ തലശേരി പോലീസ് സ്‌റ്റേഷനും പിന്നീട് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനും ആക്രമിച്ചിരുന്നു. അതിനു ശേഷം ആ ഗ്രൂപ്പ് ഒളിവിലായിരുന്നു. രണ്ടുദിവസം കഴിഞ്ഞു സായുധ ധാരികളായ നക്‌സല്‍കാര്‍ തോക്കും നാടന്‍ ബോംബുമായി പുല്‍പ്പള്ളി വയനാട് സ്‌റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം അനേക പോലീസുകാര്‍ മുറിവേല്‍ക്കുകയും മരിക്കുകയുമുണ്ടായി. അക്കൂടെ വയര്‍ലസ് ഓപ്പറേറ്ററായിരുന്ന ഒരു പോലീസുകാരനും മരിച്ചു. അടുത്തടുത്തു രണ്ടുസംഭവങ്ങളായി നടന്ന തലശേരി,പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ച കേസുകളില്‍ അജിതമാത്രമേ സ്ത്രീയായി ഉണ്ടായിരുന്നുള്ളൂ.

ചെറുകിട കൃഷിക്കാരെയും കൂലിപ്പണി ചെയ്തുകൊണ്ടിരുന്നവരെയും ആദിവാസികളെയും ജന്മി മുതലാളിമാര്‍ അടിമകളെപ്പോലെ പീഡിപ്പിച്ചിരുന്നു. നിത്യവൃത്തിയ്ക്കു ജോലിചെയ്യുന്ന ദരിദ്രരായവരെ മുതലാളിമാര്‍ മൃഗീയമായി ഉപദ്രവിച്ചാലും കേസുകളുമായി ചെന്നാല്‍ സ്ഥലത്തുള്ള പോലീസുകാര്‍ മുതലാളിമാരുടെയൊപ്പമേ നില്‍ക്കുവായിരുന്നുള്ളൂ. നീതി ലഭിക്കാത്ത അത്തരം ബൂര്‍ഷാ വ്യവസ്ഥിതിയില്‍ ജന്മിമാരെയും പോലീസുകാരെയും നക്‌സലുകള്‍ അവരുടെ ശത്രുക്കളായി പ്രഖ്യാപിച്ചു. ഈ പോലീസാക്രമണശേഷം സായുധരായ നക്‌സലുകള്‍ വയനാട്ടിലെ ഉള്‍വനങ്ങളില്‍ കയറി ഒളിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അജിതയുള്‍പ്പടെയുള്ളവരെ അറസ്റ്റു ചെയ്തു.

അജിത എന്നും അച്ഛന്റെ കുട്ടിയായിരുന്നു. അവര്‍ ഇന്നും അങ്ങനെ അഭിമാനിക്കുന്നു. രാഷ്ട്രീയമായ ചിന്താഗതികള്‍ അവരുടെ മനസ്സില്‍ പൊട്ടിമുളച്ചത് അച്ഛനില്‍ നിന്നായിരുന്നു. അടിച്ചു തല്ലി വളര്‍ത്തുകയെന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. അച്ഛനൊന്നു മുഖം കറുപ്പിച്ചാല്‍ അജിതയ്ക്കു വിഷമമാകുമായിരുന്നു. സ്‌നേഹവാത്സല്യങ്ങളോടെ ആ പിതാവെന്നും മോളോയെന്നോ മോളൂട്ടിയെന്നോ വിളിക്കുമായിരുന്നുള്ളൂ. അങ്ങനെ അച്ഛനുമായി അവര്‍ക്ക് സുദൃഢമായ ഒരു ആത്മബന്ധമുണ്ടായിരുന്നു. എന്നാല്‍ അജിതയുടെ 'അമ്മ അങ്ങനെയായിരുന്നില്ല. ചെറിയ കാര്യത്തിനും കൂടെ കൂടെ അവര്‍ തമ്മില്‍ വഴക്കുണ്ടാക്കുമായിരുന്നു.'അമ്മ മന്ദാകിനി ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു നാസ്തിക ചിന്തകയായിരുന്നു. ഇരുവരും തീവ്രവിപ്ലവ മുന്നണിയിലെ സജീവ പ്രവര്‍ത്തകരായി ഒന്നിച്ചു പ്രവര്‍ത്തിച്ചു. അജിതയുടെ അച്ഛന്‍ കുന്നിക്കല്‍ നാരായണന്‍ 1979ല്‍ മരിച്ചു. അമ്മ മന്ദാകിനി 2006 ഡിസംബര്‍ പതിനേഴാംതീയതിയും മരിച്ചു. മരിക്കുമ്പോള്‍ അവര്‍ക്ക് എണ്‍പത്തിയൊന്നു വയസു പ്രായമുണ്ടായിരുന്നു.

അമ്മ മന്ദാകിനി ഒരു ഗുജറാത്തി ബ്രാഹ്മണ സ്ത്രീയായിരുന്നെങ്കിലും അന്തപ്പുരത്തിനുള്ളില്‍ മാത്രം ജീവിതം ഒതുക്കി വെച്ചിരുന്നില്ല. സാമൂഹിക സാംസ്ക്കാരിക തലങ്ങളില്‍ പൊതുജനങ്ങളുമായി എന്നും നല്ല സമ്പര്‍ക്കമുണ്ടായിരുന്നു. ഇറച്ചിയും മീനും കഴിക്കുമായിരുന്നു. എല്ലാവരോടും സ്വതന്ത്രയായി പ്രവര്‍ത്തിക്കുന്ന ഒരു സ്വഭാവമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. മന്ദാകിനി 'ക്യുറ്റ് ഇന്‍ഡ്യ' സമരത്തില്‍ ഗാന്ധിജിയോടൊപ്പം പങ്കെടുത്തിരുന്നു. അതിനുശേഷം മാവോ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കുന്നിക്കല്‍ നാരായണനുമായി അടുത്തത്. പിന്നീട് രണ്ടുപേരും വിവാഹം കഴിക്കാതെ തന്നെ ഒന്നായി ജീവിക്കാന്‍ തുടങ്ങി. അജിതയുടെ ജനന ശേഷം കുടുംബം കോഴിക്കോടേയ്ക്ക് മാറി താമസിച്ചു.

ജാതിയില്‍ താണ തിയ്യ കുടുംബത്തില്‍ നിന്നും വിവാഹം ചെയ്തതില്‍ മന്ദാകിനിയുടെ കുടുംബത്തിന് അജിതയുടെ അച്ഛന്‍ കുന്നിക്കല്‍ നാരായണനെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു. അറിഞ്ഞുകൂടാത്ത ഗുജറാത്തി ഭാഷയില്‍ ബന്ധുജനങ്ങളോടു സംസാരിക്കുന്നതിലും അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു 'അമ്മ മന്ദാകിനിക്കുണ്ടായിരുന്നത്. താലി കഴുത്തിലില്ലാഞ്ഞതും പ്രശ്‌നമായിരുന്നു. ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി കല്യാണമായിരുന്നു അവരുടേത്. വിവാഹത്തിന് പാര്‍ട്ടിയിലെ ഒരു സീനിയര്‍ പ്രവര്‍ത്തകന്‍ കാര്‍മ്മികത്വം വഹിച്ചിരുന്നു. ലളിതമായി നടന്ന കല്യാണത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കളും സംബന്ധിച്ചിരുന്നു. അങ്ങനെയാണ് അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായത്.

ഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലതും ഇടതുമായി പിളര്‍ന്ന സമയം ഏതു പാര്‍ട്ടിയില്‍ ചേരണമെന്ന ആശയസംഘര്‍ഷങ്ങള്‍ ഭൂരിഭാഗം സഖാക്കളുടെ മനസുകളില്‍ ആഞ്ഞടിച്ചിരുന്നു. പിളര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തീവ്രഗ്രൂപ്പായ വിഭാഗം നക്‌സല്‍ബാരി പാര്‍ട്ടി രൂപീകരിച്ചു. ബംഗാളിലായിരുന്നു തുടക്കം. അതിന്റെ അലയടികള്‍ കേരളത്തിലും മുഴങ്ങാന്‍ തുടങ്ങി. കുന്നിക്കല്‍ നാരായണനായിരുന്നു ആദികാലങ്ങളിലെ നക്‌സല്‍ പാര്‍ട്ടിയുടെ പ്രമുഖന്‍. അക്കാലഘട്ടത്തില്‍ കിട്ടാവുന്ന മാവോയുടെ തത്ത്വങ്ങളടങ്ങിയ ലഘുലേഖകളും പുസ്തകങ്ങളും അദ്ദേഹം വായിക്കുമായിരുന്നു. പീക്കിങ് റേഡിയോ ശ്രദ്ധിക്കാനും വലിയ താല്പര്യമായിരുന്നു. തീവ്രചിന്തകള്‍ അടങ്ങിയ മാവോയിസം പ്രചരിപ്പിക്കുന്നതു കാരണം നാരായണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ആരെയും കൂസാക്കാതെ നക്‌സല്‍ബാരി മുന്നേറ്റത്തിനായി അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിച്ചു. സംഘടന വളരുംതോറും സര്‍ക്കാരിനും തലവേദനയായി തീര്‍ന്നിരുന്നു.

നക്‌സലിസം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലത്ത് കുന്നിക്കല്‍ നാരായണനൊപ്പം ഫിലിപ്പ് എം പ്രസാദ്, കെ.പി. നാരായണന്‍, വര്‍ഗീസ് മുതല്‍പേര്‍ പ്രവര്‍ത്തിച്ചിരുന്നു. 1968 നവംബര്‍ ഇരുപത്തിയെട്ടാം തീയതി കുന്നിക്കല്‍ നാരായണന്റെയും വര്‍ഗീസിന്റെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണമുണ്ടായപ്പോള്‍ അവരോടൊപ്പം അജിതയുമുണ്ടായിരുന്നു. അറുപതംഗ നക്‌സലുകള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച വേളയില്‍ അജിതയുടെ പ്രായം പതിനെട്ടു വയസ്സായിരുന്നു. നക്‌സല്‍ ബാരികളുടെ സംഘിടതമായ ഈ ആക്രമണം നാടിനെ മുഴുവന്‍ നടുക്കി. പിറ്റേദിവസത്തെ പ്രഭാത വാര്‍ത്തകളിലെ തലക്കെട്ട് നക്‌സല്‍ബാരികള്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ ആക്രമത്തെപ്പറ്റിയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ അടയ്ക്കാത്തോട് എന്ന സ്ഥലത്തുവെച്ച് അജിതയെ അറസ്റ്റ് ചെയ്തു.

അജിതയെ സംബന്ധിച്ച് ജയില്‍ പീഡനം കഠിനമായിരുന്നു. പീഡനങ്ങളും യാതനകളും നല്‍കിയിരുന്നു. ആരോടും സംസാരിക്കാന്‍ സാധിക്കാതെ ഏകാന്തമായ ഒരു തടവറയായിരുന്നു അവര്‍ക്ക് നല്‍കിയിരുന്നത്. നിയമങ്ങള്‍ തെറ്റി സംസാരിച്ചാല്‍ മാനസികമായ പീഡനങ്ങളും കൊടുക്കുമായിരുന്നു. ഒരിക്കല്‍ ജയിലിലുണ്ടായിരുന്ന ഒരു യുവതി അജിതയോടു സംസാരിച്ചതിന് അവരുടെ മുമ്പില്‍വെച്ച് ആ യുവതിയെ ജയിലധികൃതര്‍ മൃഗീയമായി തല്ലി. ചിലപ്പോള്‍ ജയിലില്‍ കിടന്ന മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുമായിരുന്നു. ജയിലില്‍ കിടക്കുന്ന ലൈംഗികത്തൊഴിലാളികളുടെ ജീവിത നിലവാരം കാണുമ്പോഴായിരുന്നു അജിതയുടെ മനസിനെ വേദനിപ്പിച്ചിരുന്നത്. ജീവിക്കാന്‍ വേണ്ടി കൊച്ചു പെണ്‍കുട്ടികളും ലൈംഗികം വിറ്റുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരിക്കല്‍ ജയിലിലായാലും പുറത്തുപോയാല്‍ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അതേ തൊഴിലുകള്‍ അവര്‍ തുടര്‍ന്നുകൊണ്ടിരുന്നു.

അജിത ജയില്‍വിമോചിതയായ ശേഷം സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ക്കു കാരണവും ഇത്തരം ദുഃഖകരങ്ങളായ സംഭവങ്ങളായിരുന്നു. ഏകാന്തമായ സെല്ലുകളില്‍ അവര്‍ വായനയും തുടര്‍ന്നുകൊണ്ടിരുന്നു. എട്ടു വര്‍ഷത്തെ ജയില്‍ വാസത്തിനുള്ളില്‍ തിരികെ നാട്ടില്‍ വന്നപ്പോള്‍ കേരളത്തിന്റെ പശ്ചാത്തലവും സ്ഥിതിഗതികളും പാടേ മാറിപ്പോയിരുന്നു. ജനങ്ങളുടെ സ്‌നേഹം അവര്‍ക്ക് ആര്‍ജിക്കാന്‍ സാധിച്ചിരുന്നു. സാമൂഹിക തലങ്ങളിലും ജനസേവനത്തിനും അടരാടുന്ന അജിതയെ മറ്റൊരു തരത്തിലുള്ള വിപ്ലവകാരിണിയായി ജനം മാനിക്കാന്‍ തുടങ്ങി. മാദ്ധ്യമങ്ങളുടെ ചിന്താശക്തികള്‍ക്കും മാറ്റം വന്നു. ഇപ്പോള്‍ അവരെയും നക്‌സലൈറ്റ് നീക്കങ്ങളെയും പുകഴ്ത്തിക്കൊണ്ടാണ് പത്രങ്ങളില്‍ പഴയകാല സ്മരണകള്‍ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ വരാറുള്ളത്. വര്‍ഗീയ വാദികള്‍ ട്രെയിന്‍ തകര്‍ക്കുമ്പോഴും കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോഴും നിസഹായരായ ദളിത ജനത്തെ പീഡിപ്പിക്കുമ്പോഴും അത്തരം കഥകള്‍ വിപ്‌ളവങ്ങളായി സിനിമകളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍ നക്‌സല്‍ വിപ്ലവം അങ്ങനെയുള്ളതല്ല. ദളിതരെയും ദരിദ്രരെയും പീഡിപ്പിക്കുന്നവരെയും വര്‍ഗീയ ശക്തികളെയും നശിപ്പിക്കുകയെന്നതായിരുന്നു നക്‌സല്‍ബാരികളുടെ ലക്ഷ്യം.

ജീവപര്യന്തം തടവുശിക്ഷ കിട്ടിയ അജിത എട്ടുവര്‍ഷം കഴിഞ്ഞു ജയില്‍ വിമോചിതയായി. അതിനുശേഷം സ്ത്രീകളുടെ ഉന്നമനത്തിനായും ക്ഷേമത്തിനായുമുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. 'ബോധന' എന്ന സംഘടനയില്‍ക്കൂടിയാണ് അവരുടെ പ്രവര്‍ത്തന മേഖലകള്‍ ആരംഭിച്ചത്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഈ സംഘടന കൈകാര്യം ചെയ്യുന്നു. സമൂഹത്തില്‍ എല്ലാ തലങ്ങളിലും സ്ത്രീയെ അവഗണിക്കുന്ന നിലപാടാണുള്ളത്. ഇടതു പ്രസ്ഥാനങ്ങള്‍ പോലും സ്ത്രീകളെ നാടാകെ അവഹേളിക്കുന്നതും കാണാം. ഇവകളെല്ലാം സസൂഷ്മം മനസിലാക്കിയ അജിത സമൂഹത്തില്‍ നിലവിലുളള ഉച്ഛനീചത്വങ്ങളെയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെയും ആരുടേയും മുഖം നോക്കാതെ ചോദ്യം ചെയ്തു വരുന്നു.

സ്ത്രീകളുടെ ക്ഷേമത്തിനായി 'അന്വേഷി വുമണ്‍' എന്ന പ്രസ്ഥാനത്തിനും രൂപം നല്‍കി. അവിടെ കൗണ്‍സിലിംഗ് ആണ് പ്രധാനമായുള്ളത്. പൊതു സമൂഹത്തിലും ഈ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു. സ്ത്രീ സമരങ്ങള്‍, പെണ്‍വാണിഭങ്ങള്‍ മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ 'അന്വേഷി' പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഓടിയെത്താറുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ക്ക് സമരങ്ങളും നടത്തിയിട്ടുണ്ട്. വളരെയധികം മാറ്റങ്ങള്‍ സംഘടന കൈവരിച്ചു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവര്‍ ഓടിയെത്തുന്ന ഒരു അഭയകേന്ദ്രവും കൂടിയാണിത്. പലവിധ സെമിനാറുകള്‍, ക്‌ളാസുകള്‍ ഇവിടെ നടത്തുന്നു. ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ഇന്ന് സംഘടന വളര്‍ന്നു വലുതായിരിക്കുന്നു. പലതരം കേസുകള്‍ അവിടെ വരുന്നുണ്ടെങ്കിലും ഗാര്‍ഹിക വഴക്കുകളും പീഡനങ്ങളുമാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ 'അമ്മയും മക്കളും തമ്മിലോ, സഹോദരര്‍ സഹോദരികള്‍ തമ്മിലോ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലോ എങ്ങനെയുമാവാം. അവരുടെയെല്ലാം പ്രശ്‌നങ്ങളെ ശ്രവിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കഴിവും പരിചയവുമുള്ള കൗണ്‍സിലര്‍മാരും അവിടെ പ്രവര്‍ത്തിക്കുന്നു.

മദ്യപിച്ചു വരുന്ന ഭര്‍ത്താക്കന്മാര്‍, സ്ത്രീധനം ചോദിച്ചു വരുന്ന ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ബഹുവിധ പ്രശ്‌നങ്ങളിലൂടെയാണ് സ്ത്രീകള്‍ അജിതയുടെ സഹായത്തിനെത്തുന്നത്. കൂടെ കൂടെ പ്രശ്‌നങ്ങളുമായി വരുന്ന സ്ത്രീകള്‍ക്ക് പിന്നീട് പോവാനൊരിടം ഇല്ലാതെയാകും. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരെ താമസിക്കാന്‍ അഭയ കേന്ദ്രങ്ങളുമുണ്ട്. അവരെയും അവരുടെ മക്കളെയും പ്രശ്‌നങ്ങള്‍ തീരുന്നവരെ താമസിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് സ്കൂളില്‍ പോവാനുള്ള സൗകര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്നു. എന്നിട്ടു അവരുടെ മാനസിക ശക്തി വീണ്ടെടുക്കാന്‍ ശ്രമിക്കും. ചിലര്‍ക്ക് ആത്മഹത്യാ പ്രവണതകളും കാണും. ചില സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ഒന്നിനും കൊള്ളുകയില്ലായെന്നുള്ള തോന്നലും ഉണ്ടാകാറുണ്ട്. അജിതയുടെ മേല്‍നോട്ടത്തില്‍ സ്വന്തമായി ഒരു ലൈബ്രറിയുമുണ്ട്. അവിടെ പതിനായിരക്കണക്കിന് പുസ്തകങ്ങളും ഇരുന്നൂറില്‍പ്പരം അംഗങ്ങളുമുണ്ട്.

രാഷ്ട്രീയ വീക്ഷണത്തില്‍ അജിതയുടെ സഹയാത്രികനായിരുന്നു യാക്കൂബ്. അജിത ജയിലില്‍ നിന്ന് വന്നശേഷം അവര്‍ തമ്മില്‍ സ്‌നേഹത്തിലുമായി, വിവാഹവും കഴിച്ചു. യാക്കൂബ് പറയുന്നു, "പ്രീഡിഗ്രി പഠിക്കുന്ന കാലങ്ങളില്‍ ജോലി കിട്ടാന്‍ യാതൊരു സാധ്യതയുമില്ലായിരുന്നു. തൊഴിലില്ലായമ രൂക്ഷമായ കാലവും. അറിവുകിട്ടാന്‍ കോളേജിന്റെ ആവശ്യവുമില്ല. അങ്ങനെയിരിക്കെ അജിത ജയിലില്‍ നിന്ന് പുറത്തു വരുന്ന വിവരം കിട്ടി. അജിതയ്ക്ക് സ്വീകരണം കൊടുക്കാന്‍ കര്‍ഷക തൊഴിലാളിയായി വയനാട്ടില്‍ പോയി. അക്കാലത്ത് ജീവിക്കാനായി എല്ലാ പണികളും, റോഡ് വെട്ടും ചെയ്യുന്ന കാലങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. അജിതയുമായി പരസ്പ്പരം തമ്മില്‍ കണ്ടുമുട്ടി. ഇഷ്ടമായി. പിന്നീട് വിവാഹവും നടന്നു."

അജിതയ്ക്ക് ഒരു മകളും ഒരു മകനുമുണ്ട്. മകള്‍ 'ഗാര്‍ജി' പേരുകേട്ട ഒരു എഴുത്തുകാരിയാണ്. അനേക ഇംഗ്ലീഷ് നോവലുകളും എഴുതിയിട്ടുണ്ട്. അജിതയുടെ പത്രാധിപ നേതൃത്വത്തില്‍ 'സംഘടിത' എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നു. സ്ത്രീകള്‍ മാത്രം എഴുതുന്ന ഈ മാസിക 2010ല്‍ ആരംഭിച്ചു. പ്രഗത്ഭരായ പല സ്ത്രീകളും ഈ സാഹിത്യ സമാഹാരത്തില്‍ എഴുത്തുകാരായുണ്ട്. സാംസ്കാരികവും രാഷ്ട്രീയപരവുമായ അറിവുകള്‍ നിരത്തിക്കൊണ്ട് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ 'സംഘടിത' മാസിക താല്പര്യം കാണിക്കുന്നു. അജിതയെഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ ഇംഗ്ലീഷ് പതിപ്പുമുണ്ട്.

അജിത ഇന്ന് മദ്ധ്യവയസ്ക്കയാണ്. അവര്‍ അപകടകാരിയോ ഭയാനകമായ കണ്ണുകളോടുകൂടിയ പഴയ വിപ്ലവകാരിയോ അല്ല. കാലം അവരെ മാറ്റിയെടുത്തു. എന്നാലും ഇന്നും അവര്‍ സംസാരിക്കാറുള്ളത് ചൂഷിത വര്‍ഗങ്ങള്‍ക്കെതിരെയും നിഷ്കളങ്കര്‍ക്കു വേണ്ടിയും ഭൂമിയില്ലാത്ത ദരിദര്‍ക്കു വേണ്ടിയുമാണ്. അവരുടെ യുദ്ധം തോക്കുകള്‍ കൊണ്ടല്ല. മനുഷ്യരെ ബൗദ്ധിക തലങ്ങളില്‍ ബോധവാന്മാരാക്കുന്ന ആയുധങ്ങളാണ് ഇന്നവര്‍ ഉപയോഗിക്കുന്നത്. അവരില്‍ ഇന്ന് പുതിയൊരു മനുഷ്യസ്ത്രീ അവതരിച്ചിരിക്കുന്നു. പരിവര്‍ത്തനാത്മകങ്ങളായ ലക്ഷ്യങ്ങളോടെ സ്ത്രീക്കള്‍ക്കായി രൂപീകരിച്ച 'അന്വേഷി'യെന്ന സംഘടനയും 'ബോധന' എന്ന സംഘടനയും മനുഷ്യരെ സന്മാര്‍ഗ നിലവാരങ്ങളിലേക്ക് ബോധവല്‍ക്കരിക്കുകയെന്നതാണ് ലക്ഷ്യം.

1993ല്‍ സ്ഥാപിതമായ 'അന്വേഷി' ആയിരക്കണക്കിന് കേസുകളില്‍ ഇതിനകം പരിഹാരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. പേരുകേട്ട രാഷ്ട്രീയ പ്രഭുക്കന്മാരുടെ ലൈംഗിക വലകള്‍ പൊട്ടിച്ചുകൊണ്ട് അവരെ പൊതുജനമദ്ധ്യേ അപഹാസ്യരാക്കാനും സാധിച്ചു. കൊച്ചു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കും ലൈംഗിക പീഡകര്‍ക്കുമെതിരെ പ്രതിഷേധങ്ങളും മഹായോഗങ്ങളും സംഘടിപ്പിക്കാറുണ്ട്. ഉന്നത രാഷ്ട്രീയക്കാരുടെ പലരുടെയും പകല്‍മാന്യത വെളിച്ചത്തു കൊണ്ടുവരാനും സാധിച്ചു. 1997ല്‍ സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യന്റെ പങ്കും കുപ്രസിദ്ധമായിരുന്നു. ഇടുക്കിയിലുള്ള സ്കൂളില്‍ പഠിക്കുന്ന ഒരു കൊച്ചുകുട്ടിയെ പ്രമുഖ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ അനേകര്‍ ഒരു മാസത്തോളം ദുരുപയോഗം ചെയ്തു. ആ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ദൂരസ്ഥലങ്ങളില്‍പ്പോലും കൊണ്ടുപോയി പീഡിപ്പിച്ചതും പത്രങ്ങളിലെ കൊട്ടിഘോഷിക്കപ്പെട്ട വാര്‍ത്തകളായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതം നഷ്ടപ്പെട്ടപ്പോള്‍ അതിനുത്തരവാദികളായവര്‍ ഇന്നും സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്നു. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കുര്യനെതിരായ പ്രചരണങ്ങളില്‍ അജിതയും പങ്കെടുത്തിരുന്നു. ആ വര്‍ഷം ലോകസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിനു കുര്യന്‍ പരാജിതനായി. ജനങ്ങളെ മണ്ടന്മാരാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പലവിധ അടവുകളും കാണും. അത്തരക്കാരായ സാമൂഹിക ദ്രോഹികളുടെ നട്ടെല്ലൊടിക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനും അജിത മുമ്പില്‍ തന്നെയുണ്ട്. കൈകളില്‍ ചെങ്കൊടിക്ക് പകരം കറതീര്‍ന്ന ജീവകാരുണ്യത്തിന്റെ സ്‌നേഹമാണ് അജിതയെന്ന വിപ്ലവകാരിയില്‍ ഇന്നു നിറഞ്ഞിരിക്കുന്നത്.
(തുടരും)
കെ.അജിതയുടെ അതിവിപ്ലവങ്ങളും സാംസ്ക്കാരിക പോരാട്ടങ്ങളും- 3 (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക