Image

നാവില്‍ രുചിയേറ്റുന്ന കൊക്കക്കോളയുടെ മധുര വിവാദം (എ.എസ് ശ്രീകുമാര്‍)

Published on 07 March, 2017
നാവില്‍ രുചിയേറ്റുന്ന കൊക്കക്കോളയുടെ മധുര വിവാദം (എ.എസ് ശ്രീകുമാര്‍)
കൊക്കക്കോള ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക്  തമിഴ്‌നാട്ടില്‍ നിരോധനം വന്ന വാര്‍ത്ത നമ്മള്‍ കേട്ടു. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഇവ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്തത്. കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം പോലും ഇല്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയിലും ഈ കമ്പനികള്‍ ജലമൂറ്റ് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ പെപ്‌സിയും കൊക്കക്കോളയും വില്‍ക്കരുതെന്നു നേരത്തെ തന്നെ സംഘടനകള്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് നടപ്പിലായത്.

തമിഴ്‌നാട്ടില്‍ നിരോധിച്ചു...കേരളത്തിലുള്ളവര്‍ കൊക്ക കോളയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനൊരു ബിസിനസ് ചരിത്രമുണ്ട്. ആ ചരിത്രത്തിന് ഈ മാര്‍ച്ച് 12ന് 123 വര്‍ഷം തികയുന്നു....ആഗോള ജനകീയ ലഘുപാനീയമായ കൊക്ക കോള അഥവാ കോക്ക് ആദ്യമായി കുപ്പികളില്‍ നിറച്ചു വില്‍ക്കാന്‍ തുടങ്ങിയത് എന്നുതൊട്ടാണ്...? 1894, മാര്‍ച്ച് 12 മുതലെന്ന് ഉത്തരം.   കോക്കിനുമുമ്പും കോളകള്‍-സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ബഹുവിധ രൂപത്തിലും രുചിയിലും ഉണ്ടായിരുന്നു. അവയുടെ നുരഞ്ഞു പൊന്തുന്ന മധുര ചരിത്രം ഒരുകവിള്‍ കോക്ക് നുകരുംപോലെ ഉന്‍മേഷപ്രദമാണ്. കോക്കിന് ''ഹാപ്പി ബെര്‍ത്ത് ഡേ'' പറഞ്ഞ് പാനീയങ്ങളുടെ രസവേരുകള്‍ തേടാം...

ലഘുപാനീയങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രപ്പഴക്കമുണ്ട്. കാട്ടരുവികളില്‍ കുളിക്കുന്നതും ധാതുജലം (മിനറല്‍ വാട്ടര്‍) കുടിക്കുന്നതും മൂലം അസുഖങ്ങള്‍ ഭേദമാകുമെന്ന് പുരാതന സമൂഹം വിശ്വസിച്ചിരുന്നു. ആദിമകാലത്തെ സോഫ്റ്റ് ഡ്രിങ്ക് സര്‍ബത്താണെന്ന് കരുതുന്നു. മധ്യകാലഘട്ടത്തില്‍, ഇന്നത്തെ മിഡില്‍ ഈസ്റ്റിലാണ് ഇത് ഉത്പാദിപ്പിച്ചിരുന്നത്. ഔഷധച്ചെടികളും പഴങ്ങളും പൂക്കളും അരച്ചുണ്ടാക്കുന്ന ജ്യൂസായിരുന്നു ഇത്. ഇന്നത്തെ ലഘുപാനീയങ്ങളെല്ലാം കാര്‍ബണേറ്റ് ചെയ്യപ്പെട്ടവയാണ്. 1265 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലാണ് പ്രകൃതിദത്തമായി കാര്‍ബണേറ്റ് ചെയ്ത ആദ്യ പാനീയം രംഗപ്രവേശം ചെയ്യുന്നത്. 'ഡാന്‍ഡിലെയോണ്‍', 'ബര്‍ഡോക്ക്' എന്നിവയായിരുന്നു അന്നത്തെ പ്രമുഖ ബ്രാന്‍ഡുകള്‍. ഡാന്‍ഡിലെയോണ്‍, ബര്‍ഡോക്ക് എന്നീ ചെടികളില്‍ നിന്നാണ് പ്രസ്തുത പാനീയം ഉണ്ടാക്കിയിരുന്നത്. ഇവയുടെ പരിഷ്‌കത രൂപങ്ങള്‍ ഇന്നും മാര്‍ക്കറ്റിലെ ബെസ്റ്റ് സെല്ലറാണ്.

ഔഷധ സമ്പന്നമായ കാട്ടരുവികളിലും നീര്‍ച്ചോലകളിലും കുമിളകള്‍ പൊന്തുന്നതു കാണാറുണ്ടല്ലോ. കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ പ്രവര്‍ത്തനം മൂലമാണിത്. പുരാതന സമൂഹം ഇതു മനസ്സിലാക്കിയിട്ടില്ലെന്നത് തീര്‍ച്ച. എങ്കിലും അവര്‍ അറിയാതെ ഈ ധാതു ജലത്തില്‍ കുളിച്ചും അത് കുടിച്ചും അസുഖങ്ങള്‍ മാറ്റുകയും ഉന്മേഷം വീണ്ടെടുക്കുകയും ചെയ്തിരുന്നു. കുമിളകള്‍ രൂപം കൊള്ളുന്ന പ്രകൃതി പ്രതിഭാസമാണ് കൊക്കൊ കോള പോലുള്ള പാനീയങ്ങളുടെ കണ്ടുപിടിത്തത്തിന്റെ ശാസ്ത്രീയ അടിസ്ഥാനം. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ തേനും നാരങ്ങയും ചേര്‍ത്തുകൊണ്ടുള്ള 'നീംബു പാനി' എന്ന കാര്‍ബണേറ്റ് ചെയ്യാത്ത ലഘുപാനീയം ദീര്‍ഘനാള്‍ മാര്‍ക്കറ്റിലുണ്ടായിരുന്നു. 

മനുഷ്യന്‍ നിര്‍മിച്ച ആദ്യത്തെ കാര്‍ബണേറ്റ് ചെയ്ത പാനീയത്തിന്റെ ഉപജ്ഞാതാവ് ജോസഫ് പ്രീസ്റ്റ്‌ലി ആണ്. 'ലഘുപാനീയ വ്യവസായത്തിന്റെ പിതാവ്' എന്നാണ് ഈ ഇംഗ്ലണ്ടുകാരന്‍ അറിയപ്പെടുന്നത്. ടോര്‍ബേണ്‍ ബെര്‍ഗ്മാന്‍ പിന്നീട് ജലം കാര്‍ബണേറ്റ് ചെയ്യുന്ന സംവിധാനം കണ്ടുപിടിച്ചു. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി രുചിയേറിയ ലഘുപാനീയങ്ങള്‍ യൂറോപ്പില്‍ പലയിടത്തും ഇറങ്ങി. 1800കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ 'സോഡാ വാട്ടര്‍' ജനങ്ങളുടെ ഇഷ്ട പാനീയമായിരുന്നു. 

കോക്കിന്റെ കഥയിലേക്ക്...ലോകത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള കാര്‍ബണേറ്റ് ചെയ്യപ്പെട്ട ലഘുപാനീയമാണ് കോക്ക്. 1884ല്‍, അറ്റ്‌ലാന്റയില്‍ വച്ചാണ്, കൊക്ക കോള ആദ്യമായി ഉണ്ടാക്കിയത്. കോക്കിന്റെ ഉപജ്ഞാതാവായ ജോണ്‍ സ്റ്റിത്  പെംബെര്‍ടണ്‍ കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്‌റ്റോര്‍ ഉടമയായിരുന്നു. അദ്ദേഹം ഒരിനം കൊക്കാ വൈന്‍ നിര്‍മ്മിക്കുകയും അതിനെ 'പെംബെര്‍ടണ്‍സ് ഫ്രെഞ്ച് വൈന്‍ കൊക്കാ' എന്ന പേരില്‍ വില്പന നടത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. ഫ്രഞ്ചുകാരനായ ആഞ്ചെലോ മാരിയാനി ഉണ്ടാക്കിയ 'വിന്‍ മാരിയാനി' എന്ന കൊക്കാ വൈനില്‍ നിന്നാണ് ആല്‍ക്കഹോള്‍ അടങ്ങിയ ഈ പുതിയ പാനീയം വികസിപ്പിച്ചെടുത്തത്.

അടുത്ത വര്‍ഷം ഫുള്‍ടണ്‍ കൗണ്ടി മദ്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ, പെംബെര്‍ടണ്‍ ഈ പാനീയത്തില്‍ നിന്ന് ആല്‍ക്കഹോള്‍ ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങി. പുതിയതായി ഉണ്ടാക്കിയ ആല്‍ക്കഹോള്‍ രഹിതമായ പാനീയത്തിന്, അദ്ദേഹം കൊക്ക കോള എന്ന് പേരിട്ടു. ഉന്മേഷദായകമായ കൊക്ക ഇലകളും, നറുമണം പരത്തുന്ന കോള കുരുക്കളും ഫോര്‍മുലയില്‍ ഉണ്ടായിരുന്നു. ഒരു ഗാലന്‍ കൊക്ക കോള സിറപ്പില്‍ 140 ഗ്രാം കൊക്കാ ഇലകള്‍ ആണ് ചേര്‍ത്തിരുന്നത്. 1886 മെയ് എട്ടാം തീയതി അറ്റ്‌ലാന്റയിലെ 'ജകൊബ്‌സ് ഫാര്‍മസി'യിലാണ് കൊക്ക കോളയുടെ ആദ്യവില്പന നടന്നത്. ആദ്യ എട്ടു മാസങ്ങളില്‍ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങള്‍ മാത്രമായിരുന്നു വില്പന. ഈ പുതിയ പാനീയത്തിന്റെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്‌ലാന്റ ജേര്‍ണലില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് അസുഖങ്ങള്‍ക്കുള്ള മറുമരുന്നെന്ന നിലയില്‍, ഒരു ഗ്ലാസിന് അഞ്ചു സെന്റ് എന്ന നിരക്കിലാണ് കൊക്കകോള ആദ്യകാലത്ത് വിറ്റിരുന്നത്.

1887ല്‍, പെംബെര്‍ടണ്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം അസാ ഗ്രിഗ്ഗ്‌സ് കാന്‍ഡ്‌ലര്‍ എന്നയാള്‍ക്ക് വില്‍ക്കുകയുണ്ടായി. തുടര്‍ന്ന് 1888ല്‍, അസാ ഗ്രിഗ്ഗ്‌സ് കാന്‍ഡ്‌ലര്‍ കൊക്ക കോള കോര്‍പറേഷന്‍ എന്ന കമ്പനി രൂപവത്കരിച്ചു. അതേ വര്‍ഷം തന്നെ, പെംബെര്‍ടണ്‍ ഉടമസ്ഥാവകാശത്തിന്റെ ബാക്കി, മറ്റു മൂന്നു പേര്‍ക്കു കൂടി കൈമാറി: ജെ.സി. മെയ്ഫീല്‍ഡ്, എ.ഒ. മര്‍ഫി, ഇ.എച്. ബ്ലഡ്‌വര്‍ത് എന്നിവരായിരുന്നു അവര്‍. അതേ സമയം തന്നെ, പെംബെര്‍ടണിന്റെ മകന്‍ ചാര്‍ലി പെംബെര്‍ടണ്‍, കൊക്കകോളയുടെ മറ്റൊരു രൂപം, സ്വന്തം രീതിയില്‍ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. അങ്ങനെ, ഒരേ സമയം, കൊക്കകോളയുടെ മൂന്നു പതിപ്പുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു.

കൊക്ക കോളയുടെ രാസഘടന ഒരു വാണിജ്യ രഹസ്യമാണ്. വളരെ കുറച്ചു ഉദ്യോഗസ്ഥര്‍ക്കു മാത്രമേ, ശരിയായ രാസഘടന അറിയാവൂ എന്നാണ് കരുതപ്പെടുന്നത്. ഏണസ്റ്റ് വൂഡ്രഫ് എന്ന മുന്‍മേധാവി, ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത ഒരു വിപണന തന്ത്രം കൂടിയാണിത്. എന്നാല്‍ 'ഫോര്‍ ഗോഡ്, കണ്ട്രി ആന്റ് കൊക്കകോള' എന്ന തന്റെ പുസ്തകത്തില്‍, മാര്‍ക്ക് പെന്‍ഡെര്‍ഗ്രാസ്റ്റ് കൊക്ക കോളയുടെ ഘടന ഇപ്രകാരമാണെന്ന് പറയുന്നു...സിട്രേറ്റ് കഫീന്‍, വാനില സത്ത്, ദ്രവ കൊക്കൊ സത്ത്, സിട്രിക് ആസിഡ്, നാരങ്ങ സത്ത്, പഞ്ചസാര, വെള്ളം, പിന്നെ കാരമെല്‍, മധുരനാരങ്ങ, പുളിനാരങ്ങ, കറുക, മല്ലി, ജാതി, നെറോലി എന്നിവയുടെ സത്തിന്റെ മിശ്രിതം.

കൊക്കകോളയുടെ നിര്‍മ്മാണവും വിതരണവും വികേന്ദ്രീകൃതമായ രീതിയില്‍ ആണ് നടക്കുന്നത്. കൊക്കകോള കമ്പനി പാനീയത്തിന്റെ ഗാഢത കൂടിയ സിറപ്പ് മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരമായി വ്യത്യസ്തങ്ങളായ ഭാഗങ്ങളില്‍ വിപണനാവകാശം നേടിയിട്ടുള്ള കമ്പനികള്‍ക്ക് ഈ സിറപ്പ് വില്‍ക്കുക മാത്രമാണ് കമ്പനി ചെയ്യുന്നത്. ഈ ബോട്‌ലിങ് കമ്പനികള്‍, സിറപ്പും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നാം അറിയുന്ന കൊക്ക കോള ഉണ്ടാക്കി, കുപ്പികളിലോ ക്യാനുകളിലോ നിറച്ചു വില്പന നടത്തുന്നു. അതതു പ്രദേശങ്ങളില്‍, പരസ്യങ്ങളുടേയും വിപണനതന്ത്രങ്ങളുടേയും ചുമതല ഇത്തരം കമ്പനികള്‍ക്കായിരിക്കും. ബോട്‌ലിങ് കമ്പനികള്‍ പ്രാദേശികമായ രുചിഭേദങ്ങള്‍ക്കനുസരിച്ചാണ് കൊക്കകോളയിലെ മധുരത്തിന്റെ അളവു നിയന്ത്രിക്കുന്നത്. തന്മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന കൊക്കകോളയുടെ രുചിയും വ്യത്യസ്തമായിരിക്കും.

ജോണ്‍ പെംബെര്‍ട്ട്ണിന്‍ന്റെ വ്യാപാരപങ്കാളിയായ ഫ്രാങ്ക് മേസണ്‍ റോബിന്‍സണ്‍ ആണ് 1885ല്‍ കൊക്ക കോള എന്ന വ്യാപാര നാമം രൂപപ്പെടുത്തിയതും, ലോഗോ ഉണ്ടാക്കിയതും. ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലിപിരൂപത്തിന് 'സ്‌പെന്‍സേറിയന്‍ സ്‌ക്രിപ്റ്റ്' എന്നാണ് പേര്‍. 1915ല്‍, അലക്‌സാന്‍ഡര്‍ സാമുവല്‍സണ്‍ എന്ന സ്വീഡന്‍ കുടിയേറ്റക്കാരനാണ് കൊക്ക കോളയുടെ കുപ്പി രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്കകോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ അമ്ലത നിമിത്തം സാരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകര്‍ പറയുന്നുണ്ട്.

ചെറുപ്രായത്തില്‍ വളരെയധികം കൊക്കകോള കഴിക്കുന്നത് നല്ലതല്ല എന്നാണ് മിക്ക ന്യൂട്രിഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, സ്ഥിരമായി ലഘുപാനീയങ്ങള്‍ കഴിക്കുന്നവരില്‍, കാത്സിയം, മഗ്‌നീഷിയം, അസ്‌കൊര്‍ബിക് ആസിഡ്, റൈബൊഫ്‌ലാവിന്‍, വിറ്റാമിന്‍ എ എന്നിവയുടെ ആഗിരണം കുറ്ച്ചു മാത്രമേ ഉള്ളു എന്നാണ്. മാത്രവുമല്ല, ഈ പാനീയത്തില്‍ കൂടിയ അളവില്‍ കാണപ്പെടുന്ന കഫീന്‍, കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തുന്നു. കോക്കിനെതിരെ ഇന്ത്യയിലും ഒരു വന്‍വിവാദം പൊട്ടിപ്പുറപ്പെട്ടു. സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയറന്മെന്റ് (സി. എസ്. ഇ), പെപ്‌സിയിലും കൊക്ക കോളയിലും മറ്റും, അനുവദനീയമായതില്‍ വളരെക്കൂടുതല്‍ ലിന്‍ഡേന്‍, ഡി.ഡി.ടി, മാലതിയോണ്‍, ക്ലോറോ പൈറിഫോസ് മുതലായ വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തി. ഏറ്റവും ഒടുവില്‍ കേരളത്തിലും കോക്ക് വിരുദ്ധ സമരപരമ്പര അരങ്ങേറി. പാലക്കാട് ജില്ലയിലെ, പ്ലാച്ചിമടയില്‍ ഏഷ്യയിലെ ഏറ്റവും വലിയ കൊക്ക കോള ഫാക്ടറി സ്ഥാപിച്ചു. വന്‍ഭൂഗര്‍ഭജലനിക്ഷേപത്തിന്റെ കേന്ദ്രത്തിലാണ് പ്ലാച്ചിമട.

ഇളവുകളും ആനുകൂല്യങ്ങളും കൊടുത്തുകൊണ്ട് അപ്പോഴത്തെ സര്‍ക്കാര്‍ കോളയെ ക്ഷണിക്കുകയും, പെരുമാട്ടി പഞ്ചായത്ത് ഫാക്ടറി തുടങ്ങുന്നതിന് അനുമതി നല്‍കുകയും ചെയ്തു. വന്‍ഭൂവുടമകളില്‍ നിന്ന് നാല്പതോളം ഏക്കര്‍ സ്ഥലം വാങ്ങി ഫാക്ടറി പണിത്, ആറു ഭീമന്‍ കുഴല്‍കിണറുകള്‍ കുഴിച്ചു്, പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലാച്ചിമട ഗ്രാമവാസികള്‍, തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പു് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകള്‍ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാല്‍ മലിനവും ഉപയോഗശൂന്യവും മാത്രമല്ല, ആരോഗ്യത്തിനു ദോഷകരവും കൂടിയായിരുന്നു. കുടിക്കാനും കുളിയ്ക്കാനും ഉപയോഗിക്കുന്നവരില്‍ വയറിളക്കവും തലകറക്കവും കാണപ്പെട്ടു. നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച കമ്പനി വളം എന്ന പേരില്‍ വിതരണം ചെയ്ത രാസ മാലിന്യങ്ങള്‍ ഉപയോഗിച്ച കൃഷി ഭൂമി മുഴുവന്‍ തരിശായി. ഇതോടെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ സമരം ആരംഭിക്കുകയും ദീര്‍ഘകാലത്തെ സമരത്തിനു ശേഷം ഫാക്ടറി അടച്ച് പൂട്ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. മയിലമ്മ എന്ന ആദിവാസി വനിതയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. അങ്ങനെ കോക്ക് ഒരേ സമയം ഇഷ്ട ഡ്രിങ്കും വിവാദ പാനീയവുമാകുന്നു. 

നാവില്‍ രുചിയേറ്റുന്ന കൊക്കക്കോളയുടെ മധുര വിവാദം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Mathew V. Zacharia 2017-03-07 07:51:56

Interesting and informational. I recall and taste my first Cococola in New Delhi in the month of June 1964. Wow! what a refreshment it was.

Mathew V. Zacharia, NEW YORK.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക