Image

മൈഗ്രെയ്ന്‍ സ്ത്രീകളില്‍ വിഷാദരോഗ സാധ്യത കൂട്ടുന്നു

Published on 23 February, 2012
മൈഗ്രെയ്ന്‍ സ്ത്രീകളില്‍ വിഷാദരോഗ സാധ്യത കൂട്ടുന്നു
ഹൂസ്റ്റണ്‍: കൊടിയ തലവേദനയായ മൈഗ്രെയ്ന്‍ സ്ത്രീകളില്‍ വിഷാദരോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തല്‍. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയിലെ വിദഗ്ധര്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 

മൈഗ്രെയ്‌നും വിഷാദരോഗവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന സമഗ്ര പഠനമാണ് ഇതെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയിലെ വിദഗ്ധന്‍ തോബിയാസ് കുര്‍ത്ത് പറഞ്ഞു. വിഷാദരോഗം തടയാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മൈഗ്രെയ്ന്‍ രോഗികള്‍ക്കു നല്‍കാന്‍ ഈ കണ്ടെത്തല്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിഷാദരോഗ ബാധിതരല്ലാത്ത 36,154 സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവരില്‍ 6,456 പേര്‍ മൈഗ്രെയ്ന്‍ ബാധിതരോ ഒരിക്കലെങ്കിലും മൈഗ്രെയ്ന്‍ അനുഭവിച്ചവരോ ആയിരുന്നു. പതിനാല് വര്‍ഷത്തോളം നടത്തിയ നിരീക്ഷണത്തില്‍ ഇവരില്‍ 3,971 സ്ത്രീകള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി കണ്ടെത്തി. 

തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ഗ്ലൂട്ടാമേറ്റം എന്ന രാസവസ്തു അടിഞ്ഞുകൂടുമ്പോഴാണു മൈഗ്രെയ്ന്‍ ഉണ്ടാവുക. അസഹ്യമായ തലവേദനയുണ്ടാക്കുന്ന മൈഗ്രെയ്ന്‍ നാലു മണിക്കൂര്‍ മുതല്‍ മൂന്നു ദിവസം വരെ നീണ്ടുനില്‍ക്കാം. തലയുടെ പ്രത്യേക ഭാഗത്തുണ്ടാവുന്ന വിങ്ങല്‍, തലകറക്കം, ഛര്‍ദ്ദി, പ്രകാശവും ശബ്ദവും നേരിടാനുള്ള ബുദ്ധിമുട്ട് എന്നിവയാണു ലക്ഷണങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക