Image

വനിത അഭയ കേന്ദ്രത്തില്‍ നിന്നും രണ്ട് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 07 March, 2017
വനിത അഭയ കേന്ദ്രത്തില്‍ നിന്നും രണ്ട് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: തൊഴില്‍ത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ എത്തപ്പെട്ട ഇന്ത്യക്കാരായ രണ്ടു വീട്ടുജോലിക്കാരികള്‍, നവയുഗം സാംസ്‌കാരികവേദിയുടെയും, സൗദി അധികൃതരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനികളായ താജ്, മുംതാസ്സ് എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
മുംതാസ് അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമില്‍ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. ആദ്യമൂന്ന് മാസം ശമ്പളം കൃത്യമായി കിട്ടിയെങ്കിലും, പ്രയാസമേറിയ ജോലിയും, അതുമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും കാരണം നാലുമാസങ്ങള്‍ക്കുശേഷം അവര്‍ ആ വീട് ഉപേക്ഷിച്ച്, സൗദി പോലീസിന്റെ സഹായത്തോടെ, വനിതാ അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ മുംതാസിനോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും, ഇന്ത്യന്‍ എംബസ്സിയില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും മുംതാസിന്റെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍, മുംതാസിന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സര്‍ സമ്മതിച്ചു. മുംതാസ് തന്നെയാണ് സ്വന്തം വിമാനടിക്കറ്റ് എടുത്തത്.

താജ് നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമില്‍ ഹൌസ്‌ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സ്‌പോണ്‍സറുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ഭര്‍ത്താവിനോടൊത്ത് താമസിയ്ക്കാന്‍ അനുവദിയ്ക്കാം എന്ന വാഗ്ദാനമുള്‍പ്പെടെ പല ഉറപ്പുകളും നല്കിയിട്ടാണ് താജിനെ സ്‌പോണ്‍സര്‍ ജോലിയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല, രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യിയ്ക്കുകയും, ഭര്‍ത്താവിനോട് ഫോണില്‍ സംസാരിയ്ക്കാന്‍ പോലും അനുവദിച്ചില്ല എന്നും താജ് പറയുന്നു. ഒടുവില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും, സ്‌പോണ്‍സര്‍ താജിനെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കുകയും ചെയ്തു. താജിന്റെ ഭര്‍ത്താവിന്റെ അപേക്ഷപ്രകാരം കേസില്‍ ഇടപെട്ട മഞ്ജു മണിക്കുട്ടന്‍, സ്‌പോണ്‍സറുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും, ഒടുവില്‍ സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കുകയും ചെയ്തു. താജിന് ഭര്‍ത്താവ് വിമാനടിക്കറ്റ് എടുത്ത് കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, മുംതാസും,താജ്ജും നാട്ടിലേയ്ക്ക് മടങ്ങി.

വനിത അഭയ കേന്ദ്രത്തില്‍ നിന്നും രണ്ട് ഇന്ത്യക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക