Image

നിശ്ശബ്ദ രോദനം (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 07 March, 2017
നിശ്ശബ്ദ രോദനം (കവിത: മഞ്ജുള ശിവദാസ് റിയാദ്)
നാരിയാമിവള്‍ നിന്‍റെ സൃഷ്ടിയല്ലേ,
നിന്ദിച്ചകറ്റുന്നതെന്തിനെന്നും.
തൊട്ടാലശുദ്ധമാകാനത്രശുദ്ധയായ്
സൃഷ്ടിച്ചതെന്തിനെന്നൊന്നു ചൊല്‍ക.
ഭ്രഷ്ടു കല്‍പിച്ചിത്രകറ്റീടുവാന്‍ മാത്രം
എങ്ങിനെ ഭ്രഷ്ടയായെന്നു ചൊല്‍ക.
പഴിയല്ല പാവമീ പെണ്ണിന്‍ വിലാപം,
പറയുവാന്‍ നീ തന്നെ ഏകാശ്രയം.

സൃഷ്ടിക്കു കൂട്ടായിരിക്കുവാന്‍ പാകം
വിശേഷമാം ജന്മമായ് സൃഷ്ടിച്ചു നീ.
വൈശിഷ്ട്യമറിയാത്ത ഹീനരാകാം
അധിക്ഷേപിച്ചെന്നും അകറ്റി നിര്‍ത്തി.

നീയല്ല സൃഷ്ടിക്കു നിയമം പടച്ചതും,
നീയല്ലനാചാര വന്മതില്‍ തീര്‍ത്തതും,
നീയല്ലീ പെണ്ണിന്നശുദ്ധി കല്‍പ്പിച്ചതും,
നീചനാം മര്‍ത്യന്‍റെ തന്ത്രമെല്ലാം.
നീതി ഹനിക്കും കുതന്ത്രമെല്ലാം.

തീണ്ടാപ്പാടകലമീ സ്ത്രീക്കു വിധിച്ചവര്‍
നൊന്തു പെറ്റുണ്ണിക്കു സോമജമൂട്ടുന്നൊ
രമ്മയാമിവളെക്കാള്‍ യോഗ്യരെന്നോ!!
ഇവരുമീയുദര സന്താനങ്ങളപ്പോള്‍
അശുദ്ധ രക്തത്താല്‍ ഉടലെടുത്തോര്‍,
പെറ്റവളെക്കാള്‍ അശുദ്ധി പേറുന്നവര്‍.

ശ്രേഷ്ഠയാം ശക്തയാം പൂജ്യയാം –
നിന്‍ സൃഷ്ടി അപരന്‍റെ പാവയായ് വാണിടുന്നു.
അതിരുകള്‍ക്കുള്ളില്‍ പെട്ടുഴറിടുന്നു,
അനീതിക്കു പാത്രരായ് വിങ്ങിടുന്നു.

ഹൃത്തു പവിത്രമാണെന്നാലുമപരന്‍റെ
പാപത്തിന്‍ കറയവള്‍ പേറിടുന്നു,
പാപിയായ് മുദ്രണം ചെയ്തിടുന്നു,
ഇവര്‍ പാതകളൊക്കെ അടച്ചിടുന്നു.

നേരായ് ഗമിക്കുന്ന നാരിക്കഴല്‍ തീര്‍ക്കും
നേരു ഹനിപ്പോരെ പോറ്റുന്ന പീഠങ്ങള്‍
ഏറുമീ മണ്ണിലെ വാസത്തേക്കാള്‍
ദുസ്സഹമല്ല മറ്റൊന്നും ഭൂവില്‍....
നിശ്ശബ്ദ രോദനം (കവിത: മഞ്ജുള ശിവദാസ് റിയാദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക