Image

നീര്‍മാതള പൂക്കള്‍ തല്ലി പൊഴിയ്ക്കാതിരിക്കട്ടെ' (ജയ് പിള്ള)

Published on 07 March, 2017
നീര്‍മാതള പൂക്കള്‍ തല്ലി പൊഴിയ്ക്കാതിരിക്കട്ടെ' (ജയ് പിള്ള)
വിവാദങ്ങളുടെയും, വിമര്‍ശനങ്ങളുടെയും, അപവാദങ്ങളുടെയും കൂടപ്പിറപ്പായി മാറിയിരിക്കുകയാണ് നമ്മുടെ മലയാള മണ്ണ്. ഒരു പക്ഷെ സാങ്കേതികതയുടെ വളര്‍ച്ചയും  സാക്ഷരതയുടെ പൊലിമയും പിന്നെ ആരെയും വിമര്‍ശിക്കാനുള്ള മലയാളിയുടെ പ്രത്യേക കഴിവും കൂടി ആവുമ്പോള്‍ പലതും സീമകള്‍ കടക്കുന്നു. അറിഞ്ഞോ അറിയാതയോ ഇതൊക്കെ സംഭവിക്കുന്നു.

രാഷ്ട്രീയക്കാരും, നേതാക്കളും, ഭരണാധിപന്മാരും എല്ലാം ഇത് പോലുള്ള സത്യവും അസത്യവും ആയ ആരോപണങ്ങളില്‍ കട പുഴകി വീണിട്ടുണ്ട്. പക്ഷെ ഈ അടുത്ത കാലത്തു മാത്രം ആണ് മരണ ശേഷവും ആരോപണ പ്രത്യാരോപണങ്ങളില്‍ കേരളം മുഴുകുന്നത്. അതും സാഹിത്യ ലോകത്തേക്കും, കലാ കായിക ലോകത്തേക്കും കൂടി വ്യാപിച്ചു എന്ന് മാത്രം.

വാണിഭ കഥകളില്‍ കഴിഞ്ഞ വാരം കോരിത്തരിച്ച കൊച്ചു കേരളത്തില്‍ ഇന്ന് സംസാരം മലയാളത്തിന്റെ നീര്മാതളത്തെ കുറിച്ചാണ്. നമ്മുടെ മലയാള സാഹിത്യത്തിന്റെ സ്വന്തം മാധവിക്കുട്ടി എന്ന് നാം നെഞ്ചോടു ചേര്‍ത്ത് പറഞ്ഞിരുന്ന ഈ സാഹിത്യകാരിയെ വിമര്‍ശിക്കുവാന്‍ മാത്രം നാമ്മുടെ മലയാള ഭാഷാ സ്‌നേഹവും സാഹിത്യവും വളര്‍ന്നുവോ? ഒരു കാലഘട്ടത്തിന്റെ സാഹിത്യ ശബ്ദം ആയിരുന്നു കമല സുരയ്യ. എന്നു മുതല്‍ ആണ് വ്യക്തി എന്ന രീതിയില്‍ ഈ പ്രശസ്ത സാഹിത്യകാരി വിവാദങ്ങളുടെ തിരമാലയില്‍ പെട്ടത്? മതം മാറിയതാണോ ഇവര്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ്? മതവും ജാതിയും വിശ്വാസവും എല്ലാം വ്യക്തി സ്വാതന്ത്ര്യത്തില്‍ അധിഷിതമായിരിക്കെ ഇന്ത്യപോലെ ഇത്രയും സഹിഷ്ണുത ഊട്ടി ഉറപ്പിക്കുന്ന മണ്ണില്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തത്.

കേരളത്തിന്റെ അതി നൂതനവും, വ്യത്യസ്തവും ആയിരുന്ന ഒരു സാഹിത്യ സഞ്ചാരി ആയിരുന്നു കമല സുരയ്യ. എന്നും എപ്പോഴും പെണ്ണെഴുത്തുകള്‍ക്കും,  ആണെഴുത്തുകള്‍ക്കും ഒരു പോലെ അസൂയയും, വിമര്ശിക്കുന്നതിനും ഇടം നല്‍കിയ എഴുത്തുകള്‍ ആയിരുന്നു ആമി എന്ന മാധവി കുട്ടിയുടേത്. തന്റെ നിലപാടു
ള്‍, ചിന്തകള്‍, കാഴ്ചപാടുകള്‍ വിശകലനങ്ങള്‍ എല്ലാം സ്വന്തം എഴുത്തു കളിലൂടെ വായനക്കാര്‍ക്ക് സമ്മാനിച്ച അമൂല്യ എഴുത്തുകാരി.  ആണ്‍ പെണ്‍ എഴുത്തുകളുടെ സദാചാര വേലികള്‍ക്കപ്പുറം ഉള്ള തുറന്നെഴുത്തുകള്‍. തന്റെ ജീവിതത്തിന്റെ തന്നെ തുറന്നെഴുത്തുകള്‍ ആണ് മാധവിക്കുട്ടിക്ക് ആദ്യം ഹേതു ആയി ഭവിച്ചത്. അതും സാഹിത്യ ലോകത്തു നിന്നും. ഒരു പക്ഷെ കേരളം സാഹിത്യപരമായും, രാഷ്ട്രീയ പരമായും, മതപരമായും മാറ്റങ്ങള്‍ ഉള്‍കൊണ്ട് തുടങ്ങിയ 70 കളില്‍ "സത്യപ്രസ്താവം' ത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ, ചരിത്ര, സാമൂഹിക എഴുത്തുകള്‍ക്കു നേരെ ചൂണ്ടു വിരല്‍ നീട്ടി പിടിച്ച മലയാളിയുടെ സ്വന്തം കമല. സ്വന്തം കഥ അവര്‍ ഇങ്ങനെ തുറന്നടിച്ചു. "ഭര്‍ത്താവിന് തന്റെ മുലകളോടു താത്പര്യമില്ലെന്ന് തുറന്നെഴുതുന്ന കമല. വസ്ത്രമെല്ലാമഴിച്ചു കളഞ്ഞ് യോഗഗുരുവിനെ കാത്തിരുന്ന കമല, തന്റെ രോഗാവസ്ഥയില്‍ പരിചരിക്കാന്‍ എത്തിയ യുവതിയോട് ഭര്‍ത്താവിനു തോന്നുന്ന ലൈംഗിക ചോദനയെപ്പറ്റിയെഴുതിയ കമല. ഏകപക്ഷീയമാകുന്ന സെക്‌സിനെപ്പറ്റി ഭാഷാലങ്കാരങ്ങളില്ലാതെ പറഞ്ഞ കമല.  ഒരേസമയം ആത്മകഥയെന്നും സ്വപ്ന സാഹിത്യമെന്നും ഇതിനെ വായിക്കാമെന്നും പറഞ്ഞവര്‍; ഇത് പുതിയ പരീക്ഷണങ്ങള്‍ തേടിയുള്ള യാത്രയാണെന്ന് വിലയിരുത്തി.(എം.പി.അപ്പന്‍)..

സദാചാര കുത്തകകള്‍ ഇതിനെ സാഹിത്യ ലോകത്തു നിന്നും മാറ്റി നിറുത്തുകയും, സ്വന്തം കിടപ്പറകളില്‍ ഒളിച്ചു വച്ച് വായിച്ചു നിര്‍വൃതി അടയുകയും ചെയ്ത എഴുത്തുകള്‍ എന്ന് ഞാനിവിടെ എഴുതട്ടെ. ഈ ദഹനക്കേടുകള്‍ ഇന്നും മരണ ശേഷവും കമലാദാസ് എന്ന കമല സുരയ്യയെ പിന്തുടരുന്നു.

എന്താണ് കമലയുടെ രാഷ്ട്രീയ ജീവിതത്തിനു സംഭവിച്ചത്? തന്റെ ജീവിതത്തിലെ സ്വര്യ ജീവിതകാലം കേരളത്തിലെ പൂക്കാലങ്ങളില്‍, പച്ചപ്പുകളില്‍ ആസ്വദിച്ചു വന്ന മാധവികുട്ടി എന്നും ഒരു ഹിന്ദുവാദി ആയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ആത്മീയതയുടെ ലോകത്തേക്കും, ഏക ദൈവ വിശ്വാസത്തിന്റെ ഉറവിടം എന്ന വിശ്വാസ പ്രമാണങ്ങളിലേക്കും മലയാളത്തിന്റെ മാധവി ചുവടുമാറി. തികച്ചും വ്യക്തിപരവും, മാനസീകമായി തയ്യാറെടുപ്പുകള്‍ക്കു ശേഷവും ഉള്ള തീരുമാനം ആയിരുന്നു മാധവിക്കുട്ടിയുടെ കമല സുരയ്യ എന്ന മാറ്റം. തന്റെ ആത്മീയ തിരിച്ചറിവുകള്‍ ഏറ്റവും കൂടുതല്‍ താന്‍ അടുത്ത് നിന്ന ചേരിയായ ഹിന്ദു വാദികളുടെ ശത്രുതയ്ക്ക് തിരി തെളിച്ചു.

നിരവധി തവണ ഹിന്ദു മത നേതാക്കള്‍ അവരുമായി ചര്‍ച്ചകളും, വാഗ്വേദങ്ങളും നടത്തി.കേരളത്തിലെ ഹിന്ദു മത രാഷ്ട്രീയ നേതാവ് കുമ്മനം ഇങ്ങനെ ഒരു തുറന്ന പ്രസ്താവന തന്നെ നടത്തി. "‘എല്ലാവര്‍ക്കും മതപരിവര്‍ത്തനം നടത്താം. എന്നാല്‍ അറുപതു വര്‍ഷത്തോളം ജീവിച്ചുപോന്ന ഒരു സാഹചര്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്". ഇത് ആരോടെന്നില്ലാതെ ആകാശത്തിലേക്കു എറിഞ്ഞ വാക്കുകള്‍ അല്ല. മലയാളത്തിലെ എല്ലാ മത വിഭാഗങ്ങളെയും, സാഹിത്യകാരന്മാരെയും ബഹുമാനം ത്രസിക്കുന്ന രീതിയില്‍ കമലക്കു നല്‍കിയ ആദ്യ താക്കീതു ആയിരുന്നു അത്. അതേ താക്കീതിന്റെ പുത്തന്‍ പരിവേഷം ആണ് നാം ഇന്ന് കേള്‍ക്കുന്ന തര്‍ജ്ജമ സാഹിത്യ പുസ്തകത്തില്‍ കാണുവാന്‍ കഴിയുക.

1990 കളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഹിന്ദു മുസ്‌ലിം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഒരു പക്ഷെ ഉത്സവ പറമ്പുകളിലെ മത പ്രസംഗങ്ങള്‍ക്ക് പുതിയ മാനം കൈവന്നത്. "സംവാദം" എന്ന കൂട്ട് പേരോട് കൂടി വിവിധ മത പണ്ഡിതന്മാര്‍ ഉത്സവ പറമ്പുകളിലും, പ്രത്യേകം സജ്ജീകരിച്ച വേദികളിലും സംവാദങ്ങള്‍ അരങ്ങേറി. എന്റെ ഓര്‍മ്മ ശരിയെങ്കില്‍ 1993 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കു പഴയ മന്ത്രി ടി ഒ ബാവയുടെ മകന്‍ ടി ബി ഹാഷിം, ആലുവയിലെ പ്രമുഖ വ്യവസായിയും ആയിരുന്ന മുഹമ്മദ് എന്നിവയുടെ കൂടെ ആണ് ആദ്യവും അവസാനവും ആയി ഞാന്‍ അബ്ദുല്‍ സമദ് സമദാനി എന്ന വാഗ്മിയെ, പ്രാസംഗീകനെ നേരില്‍ കാണുന്നത്. അന്ന് ഞങ്ങള്‍ സംസാരിച്ച വിഷയം ഇസ്‌ലാം മതത്തിലെ നോയമ്പ് കാലത്തെ "ലൈലത്തുല്‍ ഖദിര്‍" എന്ന പരമോന്നത ദിനത്തെ പറ്റി ആയിരുന്നു. BA,MA ഒന്നും രണ്ടും റാങ്ക് ജേതാവ്, നിയമ ബിരുദം, Mphil, ഇതെല്ലാം കൂടാതെ തത്വശാസ്ത്രത്തില്‍  .

ജന സമ്മതനും, വാഗ്മിയും ആയ ഇദ്ദേഹവും ആയി മാധവിക്കുട്ടി പല തവണ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് കമലയെ ഇസ്‌ലാം മതം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുന്നതില്‍ ഇദ്ദേഹം നല്ല പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും, മറ്റു മത ഗ്രന്‌ഥങ്ങളെയും, ആചാര അനുഷ്ഠാനങ്ങളെയും, കച്ചവട മത വിശ്വാസങ്ങളെയും വായനയുടെയും തന്റെ അറിവിന്റെയും, വിജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച ജനപ്രതിനിധി കൂടിയാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് ഇദ്ദേഹം ഇപ്പോള്‍ വിവാദങ്ങളിലേക്ക് കടന്നു വരുന്നത്?!

എല്ലാം രാഷ്ട്രീയ വല്‍ക്കരിക്കുന്ന നമ്മുടെ പുതു സംസ്കാരത്തോട്, സമൂഹത്തിനോട് കമല സുരയ്യ ഇങ്ങനെ തുറന്നു പറഞ്ഞു

‘സാക്ഷാല്‍ ഗുരുവായുരപ്പനെ മുഹമ്മദ് എന്ന് വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നെന്നും നിങ്ങള്‍ ജീസസിനെ ഇഷ്ടപ്പെടുമ്പോലെ ഞാന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെന്നും”.  ഇത്രയും തുറന്നു പറഞ്ഞ ആളെ സദാചാര കുപ്പായക്കാര്‍ വീണ്ടും വീണ്ടും ക്രൂശില്‍ തറച്ചു. കമലയുടെ ജീവിതത്തിലും വിശ്വാസത്തിലും എഴുത്തിലും നിറയുന്നത് സത്യസന്ധതയുടെ മനസ്സുതുറക്കല്‍ മാത്രം ആണ്. അതില്‍ അഭിരമിച്ചുള്ള ജീവിതം, പ്രണയം, മനസ്സില്‍ ഏറെ നാളായി ആഗ്രഹിക്കുന്ന സ്‌നേഹത്തിന്റെ തലോടല്‍ മനസിലാക്കാന്‍ ഒരു മതാന്ധമനസിന് സാധിക്കില്ല. സങ്കല്‍പ്പങ്ങളിലെ യാത്രകളിലാണ് കമല ജീവിച്ചത്. എഴുത്തും പറച്ചിലും വിശ്വാസവും എല്ലാം യാത്രകളായിരുന്നുവെന്നു സഹൃദയനായ ഒരു വായനക്കാരന് ഒരു പക്ഷെ എന്നും വിശ്വാസമായിരിക്കും. എന്നാല്‍ ഇപ്പോള്‍ സമദാനിയുടെ ആവശ്യം അതൊന്നും അല്ല. കമല സുരയ്യയുടെ കനേഡിയന്‍ സുഹൃത്തായ മെര്‍ലി വിസ്‌ബോര്‍ഡ് എഴുതിയ ദി ക്യൂന്‍ ഓഫ് മലബാറിന്റെ മലയാള തര്‍ജ്ജമയില്‍ ഉള്‍പ്പെട്ട തന്റെ പേര് പിന്‍വലിക്കണം എന്നതാണ്. എന്ത് കൊണ്ട് സമദാനിയുടെ പേര് ഈ തര്‍ജ്ജമയില്‍ പരാമര്‍ശിക്കപ്പെട്ടു.? തന്റെ പ്രിയ സുഹൃത്തിനോട് (മെര്‍ലി) കമല സമദാനിയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാണ് സുരേഷ് എം ജി യുടെ വിവര്‍ത്തനം ആയ "പ്രണയത്തിന്റെ രാജകുമാരി"യില്‍ കുറിച്ചിരിക്കുന്നത് . ഇന്ഗ്ലീഷ് പുസ്തകത്തില്‍ പറയുന്ന സാദിഖ് അലി എങ്ങിനെ സമദാനി ആയി എന്ന് നമുക്ക് അറിയില്ല എങ്കിലും, പ്രണയവും, സ്‌നേഹവും, മനസ്സിന്റെ കാമവും വായനക്കാര്‍ക്കു പച്ചയായ അക്ഷരണകളിലൂടെ മലയാളിക്ക് സമ്മാനിച്ച കമലാദാസിന്, ആമിക്ക്, അവസാനമായി കമലാസുരയ്യക്ക് ഇങ്ങനെ ഒരു സ്‌നേഹിതയുടെ പ്രാതിനിധ്യം ആവശ്യമായിരുന്നോ സ്വന്തം പ്രണയം വിളിച്ചു പറയുവാന്‍?ഇനി ഇത് സുരേഷിന്റെ മനസ്സിന്റെ സ്വപ്ന സഞ്ചാരം (പേര് പരാമര്‍ശം ) മാത്രം ആയിരിക്കുമോ?

അലിയുമായുള്ള പ്രണയത്തെ കുറിച്ച് കമല ഇങ്ങനെ എഴുതി...

"''''എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. ഒരു രാജകുമാരന്റെ ചിരി. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങള്‍ ചെയ്യുവാന്‍ അയാള്‍ക്കാകും. അഞ്ചു മണിക്കൂര്‍ വരെ നീളും അയാളുടെ പ്രസംഗങ്ങള്‍. ഒരു നവജാത ശിശുവിന്റെ കരച്ചിലോളം ശുദ്ധതയുള്ള തന്റെ ശബ്ദത്താല്‍ അയാള്‍ക്ക് തന്റെ സദസ്സിനെ ഒരു നാലുവരി കവിത ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാസ്മരികതയിലെന്ന പോലെ പിടിച്ചിരുത്തുവാനാകും.''......

തന്റെ സംഭാഷണ ശൈലി, പാണ്ഡിത്യം, ഇട തൂര്‍ന്ന മുടി, വെളുത്ത പല്ല്, അസാമാന്യ നിഷ്കളങ്കതയുള്ള ചിരി എന്നിവയെല്ലാം കൊണ്ടാണ് സാദിഖ് അലി കമലയെ ആകര്‍ഷിച്ചത്. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കുവാന്‍ അനുവദിക്കുമോ എന്ന് സാദിഖ്് അലി ചോദിച്ചു. അവരിരുവരും ചൂരല്‍ കസേരയിലിരുന്ന്, ചിരിച്ചുകൊണ്ട് പ്ലം കേക്ക് തിന്നുന്ന ഫോട്ടോയെടുത്തു. ''ആദ്യതവണ കണ്ടപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തൊക്കെ സംസാരിച്ചു എന്നത് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. പക്ഷേ, അന്ന് കാലത്ത് മുതല്‍ പൊടുന്നനെ ...

ഞങ്ങളുടെ വീട്ടിലേക്ക് പൊട്ടിച്ചിരികള്‍ കടന്നുവന്നു. ആ ചിരി ശൂന്യമായ ഓരോ വിടവുകളും നികത്തിക്കൊണ്ടിരുന്നു.''

എന്ന് തുടങ്ങി .....

സാദിഖ് അലിക്ക് രണ്ട് ഭാര്യമാരുണ്ട്. എന്നാല്‍ ഒരു മുസ്ലിം എന്ന നിലയില്‍ നാലു ഭാര്യമാര്‍ വരെയാകാം. അദ്ദേഹം കമലയെ തന്റെ നാട്ടിന്‍ പുറത്തെ വീട്ടില്‍  താമസിക്കുവാന്‍ ക്ഷണിച്ചു. ഒരു മാസത്തെ തുടര്‍ച്ചയായ, അഗാധമായ,  ബന്ധത്തിനുശേഷം കമല അയാളുമൊത്ത് പ്രണയത്തിലായിരുന്നു. അതിനാല്‍ കമല ക്ഷണം സ്വീകരിച്ചു. പ്രണയപ്രണയേതാക്കള്‍ ദീര്‍ഘദീര്‍ഘം സംസാരിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഭക്ഷണം വിളമ്പിയിരുന്നത് കമലയുടെ വേലക്കാരി മിനിയോ അല്ലെങ്കില്‍ സാദിഖ്അലിയുടെ രണ്ടാമത്തെ ഭാര്യയോ ആയിരുന്നു. അവര്‍ക്ക് ഒരു പണ്ഡിത എന്ന നിലയില്‍ കമലയോട് ബഹുമാനമായിരുന്നു. അവരുടെ ഗ്രാമത്തിലെ ഉത്സവത്തിനായൊരുക്കിയ വിരുന്നിന്, കമല, തന്റെ കാറില്‍ സാദിഖ് അലിയുടെ കുടുംബത്തിനെ യാത്രയാക്കി. അവര്‍ അപ്രത്യക്ഷരാകുന്നത് കമല നോക്കി നിന്നു. പിന്നെ ഒന്ന് വിശ്രമിക്കുവാന്‍ തീരുമാനിച്ചു' ഞാനുറങ്ങുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് സാദിഖ് അലി എന്റെയടുക്കലെത്തുന്നത്. അയാള്‍ എന്നെ പുണര്‍ന്നു. അയാള്‍ മന്ദം മന്ദമാണ് ശ്വസിച്ചിരുന്നത്"

കമല പിന്നീട് പറഞ്ഞു. അങ്ങനെ അവസാനം വൃദ്ധയായപ്പോള്‍ ഞാന്‍ സത്യമായും പ്രണയത്തിലായി.... താന്‍ ഇതുവരെ അനുഭവിക്കാത്ത....

വരെയുള്ള നീണ്ട വരികളിലൂടെ നമുക്ക് സഞ്ചരിക്കാം.ഒരു യഥാര്‍ത്ഥ മനസ്സിന്റെ തുറന്നു പറച്ചിലുകള്‍ ആണവ.

സാദിഖ് അലി ആരും ആയിക്കൊള്ളട്ടെ. എഴുത്തുകാരിയുടെ സ്വകാര്യതകള്‍ എന്തുമായിക്കൊള്ളട്ടെ. നാം എന്തിനു വ്യക്തി സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തണം. കേരളത്തിന്റെ രാഷ്ട്രീയ എഴുത്തുകളുടെ   കാലത്തുനിന്നും, ആണെഴുത്തുകളുടെയും, പെണ്ണെഴുത്തുകളുടെയും കവചങ്ങളില്‍ നിന്നും എന്നും വേറിട്ട് നിന്ന മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെ വരികള്‍, തൂലികയുടെ മഷി വീണ്ടും പുനര്‍ജ്ജനിക്കുവാനായിട്ടു വേണം നാം പ്രാര്‍ത്ഥിക്കുവാന്‍. മലയാളത്തിന്റെ പ്രിയ പ്രണയിനിയെ എന്നും നീര്‍മാതളം പോലെ പൂത്തുലയുവാനായി വിടുക. വിമര്ശനങ്ങളിലൂടെ "പൂത്തുലഞ്ഞ നീര്മാതളപ്പൂവുകള്‍ തല്ലി പൊഴിയ്ക്കാതിരിക്കട്ടെ"
നീര്‍മാതള പൂക്കള്‍ തല്ലി പൊഴിയ്ക്കാതിരിക്കട്ടെ' (ജയ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക