Image

പുരസ്‌കാരത്തിനുള്ള അര്‍ഹതയില്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

Published on 08 March, 2017
പുരസ്‌കാരത്തിനുള്ള അര്‍ഹതയില്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മാന്‍ഹോളും സംവിധായിക വിധു വിന്‍സന്റിനും പുരസ്‌കാരത്തിനുള്ള അര്‍ഹതയില്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാര്‍ഡിനോട് കുറച്ചെങ്കിലും നീതി പുലര്‍ത്താമായിരുന്നു. സിനിമ എന്നാല്‍ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച വിധു വിന്‍സെന്റിനോട് യാതൊരു വിരോധവുമില്ല എന്നും താരങ്ങളുടെയൊന്നും അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീ എന്ന നിലയ്ക്ക് ആദരവേ ഉള്ളുയെന്നും പറഞ്ഞുകൊള്ളട്ടെ.

വിഷയതീവ്രതയുടെ പേരില്‍ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതില്‍ മാന്‍ഹോള്‍ വിജയിച്ചു എന്നേ ഞാന്‍ പറയൂ. ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാര്‍ഡ് വിധുവോ ആ സിനിമയോ അര്‍ഹിക്കുന്നതല്ലെന്ന തോന്നലാണ് മാന്‍ഹോളും കഴിഞ്ഞവര്‍ഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയില്‍ ശക്തമായി എനിക്കുള്ളത്. വിധുവിന്റെ മനസ് ഈ അവാര്‍ഡിനെ ഉള്ളാലെ ആഘോഷിക്കാതിരിക്കട്ടെയെന്നും എന്റെയുള്‍പ്പെടെയുള്ള വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയില്‍ അടുത്തചിത്രത്തിലേക്ക് കുതിക്കട്ടെയെന്നും ആശിക്കുന്നു.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് കൊടുത്ത തീരുമാനം ഒരു സന്തോഷമുണ്ടാക്കുന്നു. അര്‍ഹമായ അവാര്‍ഡുകള്‍ കിട്ടാതെ പോയ മഹേഷിന്റെ പ്രതികാരം നിരാശയുമുണ്ടാക്കുന്നു.

NB: ഇതിന്റെ പേരില്‍ ലോഡുകണക്കിന് തെറിവിളിയും അധിക്ഷേപവുമൊക്കെ വരുമെന്ന് അറിയാം. കൊതിക്കെറുവാണെന്നു പറഞ്ഞു ആളുവന്നേക്കാം. അവരോട്: സെക്‌സി ദുര്‍ഗ അവാര്‍ഡിനയച്ചിരുന്നില്ല എന്നകാര്യം അറിയിക്കട്ടെ. തെറിവിളിക്കുമ്പോള്‍ അങ്ങനെ ഒരാരോപണം മാറ്റിനിര്‍ത്തിയിട്ട് ആയിക്കോളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക