Image

ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു

Published on 08 March, 2017
ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു

      വിയന്ന: യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയില്‍ പൗരോഹിത്യ സന്യസ്ത സമര്‍പ്പണ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ പൗരോഹിത്യത്തിന്റെ പത്താം വാര്‍ഷികാഘോഷം വിയന്ന സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ നടന്നു. 

ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സിറിയക് തിയോളോജിയില്‍ ഉപരിപഠനം ചെയ്തുകൊണ്ടിരിക്കുന്ന റവ. ഗബ്രിയേല്‍ റന്പാച്ചന്‍, ഫാ. യാസിര്‍ അത്തല്ല, ഫാ. റിനോ ജോണ്‍, ഡീക്കന്‍ നോഹ മാര്‍ക്കോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷെവലിയാര്‍ കുര്യാക്കോസ് തടത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ചേലപ്പുറത്ത്, ജോളി തുരുത്തുമ്മേല്‍, പ്രദീപ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ഇടവകയിലെ ഭക്ത സംഘടനകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ പള്ളിയുടെ സ്‌നേഹോപഹാരം, ഇടവകയുടെ പ്രധാന ശുശ്രുഷകനായിരിക്കുന്ന എല്‍ദോ പാല്പാത് ഫാ. ജോഷിക്കു സമ്മാനിച്ചു. ഗബ്രിയേല്‍ റന്പാച്ചനും യാക്കോബ് പടിക്കകുടിയും പൊന്നാടകള്‍ അണിയിച്ചു. വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. 

2007 മാര്‍ച്ച് നാലിനാണ് ഫാ. ജോഷി മലബാര്‍ ഭദ്രാസനത്തിനുവേണ്ടി ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോന്‍ മോര്‍ ഫിലക്‌സിനോസില്‍ നിന്നും പൗരോഹിത്യ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അച്ചന്‍ മാത്തമാറ്റിക്‌സില്‍ ബിരുദം നേടുകയും കുറച്ചുകാലം പ്രീ സെമിനാരിയന്‍ ആയി വണ്ടിപ്പെരിയാറിനടുത്ത് വാളാര്‍ഡി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ. സക്കറിയ തോറാന്പിലിനോടൊപ്പം (ഇപ്പോഴത്തെ മോര്‍ പീലക്‌സിനോസ് സക്കറിയ മെത്രാപ്പോലീത്ത, ഡയറക്ടര്‍, തൂത്തൂട്ടി, മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം, കോട്ടയം) ശുശ്രൂഷ ചെയ്യുകയും തുടര്‍ന്ന് 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ മുളന്തുരുത്തി, വെട്ടിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

2007 മാര്‍ച്ച് നാലിന് മാതൃ ഇടവകയായ അന്പുകുത്തി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശ പട്ടവും കശീശ പട്ടവും സ്വീകരിച്ചു. 2007 മുതല്‍ 2010 വരെ കണ്ണൂര്‍ ജില്ലയിലെ കുടിയാന്മല, വഞ്ചിയം, ഉളിക്കല്‍, പാലിയാട്, തലശേരി എന്നീ ഇടവകകളിലും 2010 മുതല്‍ 2013 വരെ മലബാര്‍ ഭദ്രാസനത്തിലെ മാനന്തവാടി, പയ്യംപള്ളി, മാണിക്കോട, മീനങ്ങാടി എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 

വയനാട് അന്പലവയല്‍ വെട്ടിക്കാട്ടില്‍ മര്‍ക്കോസ് മേരി ദന്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് ഫാ. ജോഷി. 2014 മുതല്‍ വിയന്ന സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ വികാരിയായിരിക്കുന്നതോടൊപ്പം വിയന്ന യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ബിരുദവും സാല്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സിറിയക് തീയോളജിയില്‍ ബിരുദാനന്തര ബിരുദത്തിലും പഠനങ്ങള്‍ നടത്തുകയാണ് ഫാ. ജോഷി. 

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക