Image

ഏറ്റവും മികച്ച രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ്

Published on 08 March, 2017
ഏറ്റവും മികച്ച രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ്
    ബെര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച രാജ്യമെന്ന ബഹുമതി ഇനി സ്വിറ്റ്‌സര്‍ലന്‍ഡിന് സ്വന്തം. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് തയാറാക്കിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. കാനഡയാണ് രണ്ടാമത്. ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ ജര്‍മനി ഈ വര്‍ഷം നാലാം സ്ഥാനത്താണ്. ഇന്ത്യ 25ാം സ്ഥാനം കണ്ടെത്തിയപ്പോള്‍ ട്രംപിന്റെ അമേരിക്ക ഏഴാം സ്ഥാനത്താണ്.

ജര്‍മനിയില്‍ നിരന്തരം സംഭവിച്ച ഭീകരാക്രമണങ്ങളും മെര്‍ക്കലിന്റെ കുടിയേറ്റ നയവും ജര്‍മനിയുടെ വീഴ്ചയ്ക്കു കാരണമായി. അതേസമയം, സംരംഭകത്വത്തില്‍ ജര്‍മനി ഒന്നാം സ്ഥാനം നേടി. എന്നാല്‍, പുതുതായി വ്യവസായം തുടങ്ങുന്നതിനുള്ള അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ഇരുപതാം സ്ഥാനത്താണ്. പൗരത്വത്തിന്റെ കാര്യത്തില്‍ ജര്‍മനി പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. വ്യവസായ സാധ്യത, ജീവിത നിലവാരം എന്നിവയുടെ കാര്യത്തിലും രാജ്യം പിന്നോട്ടു പോയി.

സ്വീഡന്‍, ഓസ്‌ട്രേലിയ, നോര്‍വേ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ന്യൂസിലന്‍ഡ്, ഫിന്‍ലാന്റ്, സിംഗപ്പുര്‍, ഇറ്റലി, ലക്‌സംബര്‍ഗ്, ഓസ്‌ട്രേലിയ, സ്‌പെയിന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. പട്ടികയില്‍ അവസാനത്തേത് ഇറാന്‍, അള്‍ജീറിയ, സെര്‍ബിയ എന്നീ രാജ്യങ്ങളാണ്. 

കുട്ടികള്‍ക്ക് ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വീഡന്‍ ഒന്നാമതും ഡെന്‍മാര്‍ക്ക്, കാനഡ, നോര്‍വേ, ഫിന്‍ലാന്റ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും ഇടം പിടിച്ചു. റിട്ടയര്‍മെന്റിന് ഏറ്റവും പറ്റിയ രാജ്യം ന്യൂസിലന്‍ഡാണ്. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യം സ്വീഡനാണ്. ഡെന്‍മാര്‍ക്ക്, കാനഡ, നോര്‍വേ, നെതര്‍ലാന്റ് എന്നിവയും തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്. വിദ്യാഭ്യാസത്തിന് ഏറ്റവും മുന്നില്‍ കാനഡയാണ്. യുകെ, ജര്‍മനി, ഓസ്‌ട്രേലിയ ഫ്രാന്‍സ് എന്നിവയും ആദ്യ അഞ്ചിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക