Image

അങ്കമാലി ഡയറീസ്: തനി ലോക്കല്‍, സൂപ്പര്‍

Published on 10 March, 2017
അങ്കമാലി ഡയറീസ്: തനി ലോക്കല്‍, സൂപ്പര്‍
അങ്കമാലി ഡയറീസ്. മലയാളത്തില്‍ അടുത്തകാലത്തൊന്നും ഇത്ര റിയലിസ്റ്റിക്കായഒരു സിനിമ പിറന്നിട്ടില്ല. ഡബിള്‍ ബാരല്‍ എന്ന ഉണ്ടയില്ലാ തോക്കും കൊണ്ടു വന്നു പോയ ലിജോ ജോസ് തന്നെയോ ഈ ചിത്രം സംവിധാനം ചെയ്തതെന്ന് നമുക്കു തോന്നിപ്പോകും നമുക്ക് പരിചിതമായതെങ്കിലും ഏറെക്കുറെ അന്യമായി തന്നെ നില്‍ക്കുന്ന ഒരു ജീവിതപരിസരത്തെ തികഞ്ഞ കൈയ്യടക്കത്തോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച സംവിധായകനെ അഭിനന്ദിക്കുക തന്നെ വേണം.

ഒരവസരത്തിലും ഈ സിനിമ പ്രേക്ഷകനെ കൈവിടുന്നില്ല. പെരുനാളും ഉത്സവവും ആഘോഷങ്ങളും പ്രണയവുമൊക്കെയായി ജീവിക്കുന്ന കുറേ ചെറുപ്പക്കാര്‍. പ്രായത്തിന്റെ ചോരത്തിിളപ്പില്‍ അടിപിടിയും ബഹളവുമൊക്കെയായി തകര്‍ത്തടിച്ചു ജീവിക്കുകയാണ്. മുന്‍പിന്‍ ചിന്തകളൊന്നും അവരെ ഭരിക്കുന്നതേയില്ല. അങ്ങനെ നിരവധിയാ.യ പ്രശ്‌നങ്ങളില്‍ ആവേശത്തോടെ ചാടിക്കയറുകയും ഒടുവില്‍ അതില്‍നിന്നും തലയൂരാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

അങ്കമാലിക്കാരുടെ ജീവിതവും അവിടുത്തെ കുറേ ചെറുപ്പക്കാരും. ഭാഷയും രൂപവും പെരുമാറ്റത്തിലെ സ്വാഭാവികതയും പ്രേക്ഷകനെ രണ്ടു മണിക്കൂര്‍ അങ്കമാലിയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതേയില്ല. ചിത്രത്തിലെ ചില കഥാപാത്രങ്ങള്‍ എപ്രകാരം അങ്ങനെയായി എന്നുള്ളത് ഫ്‌ളാഷ്ബാക്കിലൂടെപറയുന്നുണ്ട്. ആദ്യപകുതി മുഴുവന്‍ പ്രണയവും അതിന്റെ പരാജയവും അതേതുടര്‍ന്ന് കൂട്ടുകാരുടെ സംഭാഷണങ്ങളും അടിപിടിയും കശപിശയുമൊക്കെയായി ആദ്യപകുതി അവസാനിക്കുന്നു.

എന്നാല്‍ കഥയുടെ രണ്ടാം പകുതിയാണ് ഗംഭീരം. ആദ്യഭാഗത്തെ നിഷ്പ്രഭമാക്കിക്കൊണ്ടുളള കഥാഖ്യാന രീതിയാണ് സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ തുടങ്ങുന്ന സാധാരണ അടിപിടിയില്‍ നിന്നും ഉയിരെടുക്കുന്ന കത്തിക്കുത്തിലേക്കും നീങ്ങുകയാണ്. ഈ സംഭവത്തിന്റെ കുരുക്കുകളില്‍ പെട്ടുപോകുന്ന ചെറുപ്പക്കാര്‍ പിന്നീട് അതില്‍ നിന്ന് രക്ഷപെടാനും നില്‍ക്കാനമുള്ള പോരാട്ടങ്ങളാണ് പിന്നീട് നടത്തുന്നത്.

പരിചയമുള്ള മുഖങ്ങള്‍ ഈ സിനിമയില്‍ കുറവാണ്. നായകനായി എത്തിയ ആന്റണി നല്ല കരുത്തുള്ള പ്രകടനം തന്നെ കാഴ്ചവച്ചു. 86 പുതിയ ചെറുപ്പക്കാരാണ് ഈ ചിത്രത്തില്‍. എല്ലാവരും തന്നെ മികച്ച അഭിനയവും പുറത്തെടുത്തു. ഒന്നിനൊന്നു മെച്ചം എന്നു പറയാം. അവരുടെ ജീവിതസാഹചര്യങ്ങളുടെ പാരുഷ്യം അവരുടെ മനസിലെ പ്രണയത്തില്‍ പോലുമുണ്ട്. അതിഗംഭീരമായ സാങ്കേതികതയോ പശ്ചാത്തല സംഗീതമോ കൊണ്ട് പ്രേക്ഷകരുടെമുന്നില്‍ കണ്‍കെട്ടു കാണിക്കാതെ നല്ല അസല്‍ രീതിയില്‍ തന്നെ കഥ പറഞ്ഞുപോയിരിക്കുന്നു ലിജോ ജോസ്. ഇത്രയും പുതിയ ചെറുപ്പക്കാരം വച്ച് പടമെടുക്കാനുള്ള ആര്‍ജവം കാണിച്ചതിനാണ് ആദ്യം അഭിനന്ദനം വേണ്ടത്. ചെമ്പന്‍ വിനോദിന്റെ തിരക്കഥ ആദ്യസംരംഭമാണെന്ന് പറയില്ല. നല്ല മികവുണ്ട്. അങ്കമാലിക്കാരുടെ ജീവിതം, ഇതുപോലെ ഒരു ലോക്കല്‍ വിഭാഗത്തിന്റെ ജീവിതം ഇത്ര അടുതതുനിന്നു അഭ്രപാളികളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന്റെ തിരക്കഥക്കും ഗണ്യമായ പങ്കുണ്ട്.

ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരാള്‍. വളരെ രസകരമായ ഫ്രെയിമുകള്‍ഒരുക്കുന്നതോടൊപ്പം ക്‌ളൈമാക്‌സിലെ ദൈര്‍ഘ്യമേറിയ രംഗം ചിത്രീകരിക്കുന്നതില്‍ അദ്ദേഹം വളരെ മികവു കാട്ടി. കഥാപാത്രങ്ങള്‍ക്കൊപ്പം സിനിമയുടെ തുടക്കം മുതല്‍ഗിഗീഷ് ഓടുകയായിരുന്നു എന്നു വേണം പറയാന്‍.

സുബ്രഹ്മണ്യപുരം പോലുള്ള റിയലിസ്റ്റിക് സിനിമകള്‍ തമിഴില്‍ മാത്രമല്ല, ആഞ്ഞുപിടിച്ചാല്‍ മലയാളത്തിലും പിറവിയെടുക്കുമെന്ന് തെളിയിച്ചു നമ്മുടെ ചുണക്കുട്ടികള്‍.
അങ്കമാലി ഡയറീസ്: തനി ലോക്കല്‍, സൂപ്പര്‍അങ്കമാലി ഡയറീസ്: തനി ലോക്കല്‍, സൂപ്പര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക