Image

ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് ഏകീകരണം പിന്‍വലിക്കുക: ദമാം ഒഐസിസി

Published on 10 March, 2017
ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് ഏകീകരണം പിന്‍വലിക്കുക: ദമാം ഒഐസിസി
   ദമാം: ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്രതിമാസ ട്യൂഷന്‍ ഫീസ് ഏകീകരിച്ച സ്‌കൂള്‍ അധികൃതരുടെ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സൗദി അറേബ്യയില്‍ പുതുതായി നിലവില്‍ വന്നുകൊണ്ടിരിക്കുന്ന നിയമ പരിഷ്‌ക്കാരങ്ങളിലൂടെ ഇടത്തരക്കാരായ പ്രവാസികള്‍ക്ക് കുടുംബവുമൊത്ത് സൗദിയില്‍ കഴിയുകയെന്നത് വലിയൊരു വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍ ദമാം ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു. തിരിച്ചുപോക്കിന്റെ വക്കിലെത്തി നില്‍ക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ തീരുമാനം ഇരുട്ടടിയാണെന്നും, ഇതിനെതിരെ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം രക്ഷാകര്‍തൃ സമൂഹത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഒഐസിസി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധിയാളുകളാണ് ഫീസ് ഏകീകരണ തീരുമാനത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒഐസിസിയെ ബന്ധപ്പെടുന്നത്. മാനേജ്‌മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ രക്ഷകര്‍ത്താക്കളുടെ വോട്ടുകള്‍ നേടി നേതൃത്വത്തിലെത്തിയവര്‍ രക്ഷാകര്‍ത്താക്കളുടെ ന്യായമായ ആവലാതികള്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകണം. എംബസിയും ഹയര്‍ബോര്‍ഡും ഫീസ് ഏകീകരണത്തിന് ആവശ്യപ്പെട്ടപ്പോള്‍ നിലവില്‍ സൗദി അറേബ്യയിലെ പുതിയ നിയമ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി പ്രവാസി കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഫീസ് ഏകീകരണം അസാധ്യമാണെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ബോധ്യപ്പെടുത്തണമായിരുന്നു. അക്കാര്യത്തില്‍ ജുബൈല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. ആയതിനാല്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ അപക്വമായ തീരുമാനം പിന്‍വലിച്ച് നിലവിലെ ഫീസ് ഘടന തുടണമെന്ന് ഒഐസിസി ദമാം റീജണല്‍ പ്രസിഡണ്ട് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ. സലിമും ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക