Image

ലോക വനിതാദിനം: കേളി കുടുംബവേദി സെമിനാര്‍ സംഘടിപ്പിച്ചു

Published on 11 March, 2017
ലോക വനിതാദിനം: കേളി കുടുംബവേദി സെമിനാര്‍ സംഘടിപ്പിച്ചു
റിയാദ്: ലോക വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ 'വനിതാ ക്ഷേമവും സുരക്ഷയും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ദാരിദ്യ്രത്തെ രൂക്ഷമാക്കുന്ന ഭരണകൂട നയങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തെ നിര്‍ണയിക്കുന്ന ഫ്യൂഡല്‍ മേധാവിത്വ അധികാര ബന്ധങ്ങള്‍ക്കും സ്ത്രീകളുടെ മാനസിക ശാരീരികാവസ്ഥകളെ നിയന്ത്രിക്കുന്ന ആണ്‍കോയ്മ മൂല്യങ്ങള്‍ക്കുമെതിരെ ഒരേസമയം സമരം ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഇന്ത്യയില്‍ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളതെന്ന് സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്വന്തം വീടിന്റെ അടച്ചിട്ട വാതിലുകള്‍ക്കുള്ളിലും സ്ത്രീ സുരകഷിതയല്ല. വാഹനങ്ങളും കടയും കന്‌പോളവും കടല്‍ത്തീരവും മൈതാനവും സ്ത്രീകള്‍ക്കിന്നു പേടിസ്വപ്നമാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി സെക്രട്ടറി റഷീദ് മേലേതില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സീബ അനിരുദ്ധന്‍ മോഡറേറ്ററായി. പ്രിയ വിനോദ് പ്രബന്ധം അവതരിപ്പിച്ചു. കെ എംസിസി വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗം റെജുല മനാഫ്, സിന്ധു ഷാജി, മാജിദ ഷാജഹാന്‍, സുനിത അശോകന്‍, അഡ്വ. നബിലാ കാഹിം, ഷൈനി അനില്‍, റെജി സുരേഷ്, സന്ധ്യ പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക