Image

ഉയര്‍ന്ന വരുമാനക്കാര്‍ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 157 ബില്യന്‍ ഡോളറിന്റെ നികുതിയിളവ്

ഏബ്രഹാം തോമസ് Published on 13 March, 2017
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 157 ബില്യന്‍ ഡോളറിന്റെ നികുതിയിളവ്
വാഷിംഗ്ടണ്‍: ജോയിന്റ് കമ്മിറ്റി ഓണ്‍ ടാക്‌സേഷന്റെ കണക്കനുസരിച്ച് ഒബാമ കെയര്‍ റദ്ദാക്കുവാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പാസ്സായാല്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 157 ബില്യണ്‍ ഡോളറിന്റെ നികുതിയിളവ് ലഭിക്കും. പ്രതിവര്‍ഷം ഒരു മില്യന്‍ ഡോളറോ അതിലധികമോ വരുമാനം ഉള്ളവരെയാണ് ഉയര്‍ന്ന വരുമാനക്കാരായി കണക്കാക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടോ ഡെമോക്രാറ്റിക് പാര്‍ട്ടിയോടോ പ്രത്യേകിച്ച് മമതയില്ലാത്ത കമ്മിറ്റിയാണിത്.

സാധാരണയായി നികുതിയിളവ് നല്‍കുമ്പോള്‍ അതിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുക ഉന്നത വരുമാനക്കാര്‍ക്കാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രമേയങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ ഉന്നത വരുമാനക്കാര്‍ക്ക് മാത്രമേ ഇളവ് നല്‍കൂ എന്നതാണ് വിമര്‍ശനം. അഫോഡബിള്‍ കെയര്‍ ആക്ട്(ഒബാമ കെയര്‍) 2010 നിര്‍ദ്ദേശിക്കുന്ന ഉന്നത വരുമാനക്കാരുടെ നികുതി വര്‍ധന മൂലധന ലാഭത്തിനും നിക്ഷേപ വരുമാനത്തിനും ആയിരുന്നു. ഇത് വേണ്ടെന്ന് വയ്ക്കുവാനാണ് പുതിയ നിര്‍ദ്ദേശം.

രണ്ട് ലക്ഷം ഡോളര്‍ മുതല്‍ ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊണ്ണൂറ്റി ഒന്‍പതു ഡോളര്‍ വരെ പ്രതിവര്‍ഷ വരുമാനം ഉള്ളവര്‍ക്ക് ഒരു നല്ല തുകയുടെ നികുതി ഇളവ് ലഭിക്കും. പുതിയ നിയമം പാസ്സായാല്‍ അതിലെ രണ്ട് വകുപ്പുകള്‍ പ്രകാരം മൊത്തം 274 ബില്യണ്‍ ഡോളറിന്റെ നികുതി ഇളവുകള്‍ ഉണ്ടാകും. ഇതു മുഴുവന്‍ 2 ലക്ഷം ഡോളറോ അതില്‍ അധികമോ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കായിരിക്കും ലഭിക്കുക എന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ ടാക്‌സേഷന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫും യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ പ്രൊഫസറുമായ എഡ് വേഡ് ക്ലൈന്‍ബാര്‍ഡ് പറഞ്ഞു. നിക്തുയിളവ് സമ്പന്നര്‍ക്ക് മാത്രം ലഭിക്കുവാന്‍ കാരണമുണ്ട്. അഫോഡബിള്‍ കെയറിന് പണം കണ്ടെത്താന്‍ ഇവരുടെ നികുതി ഭാരമാണ് വര്‍ധിപ്പിച്ചത്. 2 ലക്ഷത്തില്‍ താഴെ വരുമാനം ഉള്ളവരുടെ നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചില്ല. വര്‍ധന പ്രാബല്യത്തില്‍ വന്ന 2010 ല്‍ മൂലധന ലാഭം തുച്ഛമായിരുന്നു. ജോര്‍ജ് ഡബ്ലിയു ബുഷ് ഭരണകാലത്ത് നികുതിനിരക്ക് 20% ല്‍ നിന്ന് 15% ആയി കുറച്ചു. അഫോഡിബിള്‍ കെയര്‍ ആക്ടില്‍ 3.8 % നികുതി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഉയര്‍ന്ന വരുമാനക്കാര്‍ മൂലധന നിക്ഷേപ നേട്ടത്തിന് നല്‍കേണ്ടത് 23.8 % ആണ്. 1970കളിലും 1980 കളിലും 1990 കളിലും ഉണ്ടായിരുന്ന നികുതി നിരക്കുകളെക്കാള്‍ കുറവാണിത്. കോണ്‍ഗ്രഷനല്‍ ബജറ്റ് ഓഫീസ്(സിബിഒ) റിപ്പബ്ലിക്കന്‍ പദ്ധതികള്‍ നടപ്പില്‍ വന്നാല്‍ അഫോഡബിള്‍ കെയര്‍ ആക്ട് റദ്ദാക്കിയാല്‍ അധിക ചെലവ് എന്തായിരിക്കും എന്ന് വിശകലനം ചെയ്ത് വിവരം പ്രസിദ്ധീകരിക്കും. അധിക ചെലവ് എന്നാല്‍ കമ്മി ഉയരും എന്നാണ് അര്‍ത്ഥം.

കുറെ അധികം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഡെമോക്രാറ്റിക് ജനപ്രതിനിധികള്‍ തങ്ങളുടെ വോട്ടര്‍മാരുമായി കോണ്‍ഫറന്‍സ് കോള്‍ നടത്തുന്നു. വോട്ടര്‍മാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോള്‍ നടത്തുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രധാന ചര്‍ച്ചാവിഷയം ഒബാമ കെയറാണ്. തങ്ങളുടെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഒബാമ കെയര്‍ തുടരണമെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ട് സംഘടിപ്പിക്കുവാനാണ് ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഉയര്‍ന്ന വരുമാനക്കാര്‍ക്ക് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 157 ബില്യന്‍ ഡോളറിന്റെ നികുതിയിളവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക