Image

തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്‌ ഓണ്‍ലൈന്‍ ഒപ്പുശേഖരണം

Published on 13 March, 2017
തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്‌  ഓണ്‍ലൈന്‍ ഒപ്പുശേഖരണം


ശശി തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്‌ ഓണ്‍ലൈന്‍ പ്രചാരണം. രണ്ടു വര്‍ഷത്തിന്‌ ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്‌ ഒപ്പു ശേഖരണം ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ കോണ്‍ഗ്രസ്‌ പ്രസിഡന്റിനും എഐസിസിക്കും യുപിഎക്കും സമര്‍പ്പിക്കും.

'2019 തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഡോക്ടര്‍ ശശിതരൂര്‍' എന്നാണ്‌ ഒപ്പുശേഖരണ പത്രികയുടെ തലക്കെട്ട്‌. ഒരു ജനാധിപത്യരാജ്യത്തിന്റെ വിജയത്തിനായി ദീര്‍ഘവീഷണമുള്ള പ്രധാനമന്ത്രിയെയാണ്‌ നമുക്കാവശ്യമെന്ന്‌ പറഞ്ഞാണ്‌ അപേക്ഷ ആരംഭിക്കുന്നത്‌.

 
ശശി തരൂരിനെക്കുറിച്ചുളള വിവരണമാണ്‌ പിന്നാലെ. ശശി തരൂരിന്റെ അനുഭവ പരിചയവും യോഗ്യതകളും പറയുന്നുണ്ട്‌. ഐക്യരാഷ്ട്ര സഭയിലെ സേവനങ്ങളാണ്‌ എടുത്ത്‌ പറഞ്ഞിട്ടുള്ളത്‌. ഇംഗ്ലീഷ്‌, ഹിന്ദി, ഫ്രഞ്ച്‌, മലയാളം എന്നീ ഭാഷകള്‍ അറിയാം. 

ഐക്യരാഷ്ട്ര സഭയിലെ ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യയെ സേവിക്കാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌. ബ്രിട്ടനില്‍ ജനിച്ച്‌ അമേരിക്കയില്‍ ദീര്‍ഘനാള്‍ ജോലി ചെയ്‌ത തരൂരിന്‌ രണ്ട്‌ രാജ്യങ്ങളുടെയും പൗരത്വം ലഭിക്കുമായിരുന്നിട്ടും ഇന്ത്യയ്‌ക്ക്‌ വേണ്ടി നിരസിച്ചെന്നും അപേക്ഷയില്‍ പറയുന്നു. 

എളുപ്പവഴിയിലൂടെ രാജ്യ സഭാ എംപിയാവാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. യോഗ്യതയും ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള ശശി തരൂരിന്‌ ലോകനേതാക്കളുമായി ഇന്ത്യയെ ബന്ധപ്പെടുത്താന്‍ കഴിയുമെന്നും അപേക്ഷയില്‍ അവകാശപ്പെടുന്നു.

 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നന്മക്കായും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും എന്ന്‌ പറഞ്ഞാണ്‌ അപേക്ഷ അവസാനിക്കുന്നത്‌. പോള്‍ ട്രിവാന്‍ഡ്രം എന്നയാളുടെ പേരിലാണ്‌ അപേക്ഷ. 3800ലധികം ആളുകള്‍ ഇതുവരെ ശശി തരൂരിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ച്‌ ഒപ്പിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക