Image

കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച്‌ മണിപ്പൂര്‍ ഗവര്‍ണര്‍

Published on 13 March, 2017
കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച്‌  മണിപ്പൂര്‍ ഗവര്‍ണര്‍

 മണിപ്പൂര്‍: മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച്‌ രാജ്‌ ഭവന്‍. നിലവില്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ഒക്രം ഇബോബി സിങിനോട്‌ രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ നജ്‌മ ഹെപ്‌ത്തുള്ള വ്യക്തമാക്കി.

 പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ നടപടികള്‍ ആരംഭിക്കാന്‍ ഒക്രം ഇബോബി സിങിനോട്‌ രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി മണിപ്പൂര്‍ രാജ്‌ ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും കഴിയാതെ വന്നതോടെ തൂക്കു മന്ത്രിസഭയാണ്‌ മണിപ്പൂരില്‍ ഉണ്ടാവുക. 

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണയുണ്ടെന്ന്‌ ബിജെപിയും അറിയിക്കുന്നു. കോണ്‍ഗ്രസിന്‌ 28ഉം ബിജെപിക്ക്‌ 21ഉം എംഎല്‍എമാരാണ്‌ ഉള്ളത്‌. കേവല ഭൂരിപക്ഷത്തിന്‌ 31 അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടത്‌.

നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ വാക്കാല്‍ പറയുമ്പോള്‍ ഇവരുടെ പിന്തുണ കത്തുമായി ബിജെപി ഗവര്‍ണറെ കണ്ടെതായാണ്‌ വിവരം. നാഗാ പീപ്പിള്‍സ്‌ ഫ്രണ്ടിന്റേയും എന്‍പിപിയുടേയും സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്ന്‌ അവകാശപ്പെടുന്ന ബിജെപി 32 പേരുടെ പിന്തുണ ഗവര്‍ണറെ അറിയിച്ചതായും കത്തുകള്‍ നജ്‌മ ഹെപ്‌ത്തുള്ളക്ക്‌ ബോധ്യപ്പെട്ടതായും സൂചനയുണ്ട്‌.

ഇതോടെ ഗോവയ്‌ക്ക്‌ പിന്നാലെ മണിപ്പൂരിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരം പിടിക്കുന്ന തരത്തിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

 തനിക്ക്‌ വ്യക്തമായ പിന്തുണയുണ്ടെന്നും രാജിവെക്കില്ലെന്നുമായിരുന്നു ബിജെപിയുടെ അവകാശ വാദത്തോടുള്ള ഒക്രം ഇബോബി സിങിന്റെ ആദ്യ പ്രതികരണം. ഗവര്‍ണര്‍ കടുത്ത നിലപാടെടുത്തതോടെ 24 മണിക്കൂറിനകം രാജിവെക്കുമെന്ന്‌ കാവല്‍ മുഖ്യമന്ത്രി നിലപാട്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക