Image

സംവിധായകന്‍ ദീപനെ അനുസ്മരിച്ച് ജയറാം

Published on 13 March, 2017
സംവിധായകന്‍ ദീപനെ അനുസ്മരിച്ച് ജയറാം
ജീവിതത്തില്‍ ഏറ്റവുമധികം കഷ്ടപ്പെട്ട് എടുത്ത സിനിമ അഭപ്രാളിയിലെത്തുന്നത് കാണാന്‍ നില്‍ക്കാതെയാണ് സംവിധായകന്‍ ദീപന്‍ യാത്രയായതെന്ന് ജയറാം അനുസ്മരിച്ചു. ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ എന്ന ചിത്രത്തിന്റെ ഡബ്ബിങ് വരെ പൂര്‍ത്തിയായശേഷമാണ് ദീപന്‍ രോഗബാധിതനായതും ഒടുവില്‍ മരണത്തിന് കീഴടങ്ങിയതും. മികച്ചൊരു ആക്ഷന്‍ ത്രില്ലറായിരുന്നു സത്യയെന്നും ജയറാം പറഞ്ഞു.

“ഷാജി കൈലാസിന്റെ കൂടെ ദീപന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന കാലം മുതല്‍ക്കേ അദ്ദേഹവുമായി പരിചയമുണ്ട്. ഒരുപാട് വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് ഞങ്ങള്‍ക്കിടയില്‍. എന്റെ മാതമല്ല, ദീപന്‍ എല്ലാവരുടെയും സുഹൃത്താണ്. ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടില്ല എന്നേയുള്ളൂ.

ഷാജി കൈലാസിനെപ്പോലുള്ള സംവിധായകരുടെ ഒപ്പം വന്ന് ഒരുപക്ഷെ അവരേക്കാള്‍ നല്ല രീതിയില്‍ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ള ആളാണ്. പുതിയമുഖമൊക്കെ വന്നതിന് ശേഷം ഞാന്‍ ദീപനോട് അങ്ങോട്ടു ചോദിച്ചിട്ടുണ്ട്, നമ്മള്‍ എന്നാണ് ഒരു ചിത്രം ചെയ്യുക എന്ന്. പക്ഷെ രണ്ടാള്‍ക്കും സമയം ഒത്തു കിട്ടിയില്ല. എന്തായാലും ഒടുവില്‍ സത്യം എന്ന മികച്ച ആക്ഷന്‍ ത്രില്ലറിലേയ്ക്ക് ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചു.

ഷൂട്ടിങ് സമയത്തും ഇടയ്ക്ക് അദ്ദേഹം വല്ലാതെ ക്ഷീണിതനായിരുന്നു. എല്ലാ സമയത്തും അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നു ഞാന്‍. സിനിമയുടെ വര്‍ക്കുകളൊക്കെ, എന്റെ ഡബ്ബിങ് ഉള്‍പ്പെടെയുള്ളതെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. ഒരുപക്ഷെ, ദീപന്റെ ജീവിതത്തില്‍ അദ്ദേഹം ഏറ്റവും കഷ്ടപ്പെട്ട് ജീവന്‍ പകര്‍ന്ന ചിത്രമാണ് സത്യം. പക്ഷെ അത് കാണാനുള്ള ഭാഗ്യം ദൈവം കൊടുത്തില്ല”ജയറാം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക