Image

സ്ത്രീകള്‍ക്ക് തുല്യതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പൊതുസമൂഹത്തിന്റെ ചുമതല: നവോദയ കുടുംബവേദി

Published on 13 March, 2017
സ്ത്രീകള്‍ക്ക് തുല്യതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പൊതുസമൂഹത്തിന്റെ ചുമതല: നവോദയ കുടുംബവേദി

 
റിയാദ്: സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുകയും അവരുടെ അവകാശങ്ങളെകുറിച്ച് കൃത്യമായി സ്ത്രീപുരുഷ സമുഹം ബോധവത്കരിക്കപ്പെടുന്നതോടെ മാത്രമേ ഇന്നു സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളും സ്ത്രീ വിരുദ്ധ സമീപനങ്ങളും ഇല്ലാതാകൂവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രീത ധനഞ്ജന്‍. നവോദയ കുടുംബവേദി റിയാദില്‍ സംഘടിപ്പിച്ച വനിതാ ദിനാചരണം ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

ഭരണഘടന നല്‍കിയ സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്നും മാറ് മറക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പഴയ വര്‍ണ വ്യവസ്ഥയിലേക്ക് സ്ത്രീകളെ നയിക്കുന്ന ഫാസിസ്റ്റ് ശക്തികളേയും മതമൗലിക വാദികളേയും പൊതുസമൂഹം കരുതി ഇരിക്കണമെന്നും പ്രീത ഓര്‍മിപ്പിച്ചു. 

വനിതാദിന പ്രമേയം സബ്‌ന സിദ്ധീഖ് അവതരിപ്പിച്ചു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന മൗലികമായ പ്രശ്‌നങ്ങളെ പ്രബുദ്ധതയോടെ പുരുഷസമൂഹവും മനസിലാക്കാന്‍ തയാറാവണമെന്നും സ്ത്രീ സമൂഹത്തിന്റെ എക്കാലത്തേയും ലക്ഷ്യമായ തുല്യവേതനം ലിംഗസമത്വം എന്നിവ നേടിയെടുക്കുന്നതും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനവും പീഡനങ്ങളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ശക്തി ആര്‍ജിക്കാനും ജാതി മതദേഭമെന്യേ സ്ത്രീ സമൂഹത്തിന് കഴിയണമെന്നും സബ്‌ന സിദ്ധീഖ് ആഹ്വാനം ചെയ്തു. 

കുടുംബവേദി ചെയര്‍മാന്‍ നിഷാ അഹമ്മദ് അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, ട്രഷറര്‍ ജയകുമാര്‍, കണ്‍വീനര്‍ ദീപ ജയകുമാര്‍, ധന്യ മനോഹര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹ്‌സിന ഹനീഫ, ഗോപിക സതീഷ്, ജഹാന്‍ഷാ, സുബൈര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക