Image

മിഷേലിന്റെ മരണം: ബന്ധുവിനെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 13 March, 2017
മിഷേലിന്റെ മരണം: ബന്ധുവിനെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപെട്ട കേസില്‍ ബന്ധുവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെയാണ്‌ പൊലീസ്‌ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തത്‌. 

മിഷേലിന്റെ മരണത്തില്‍ പൊലീസ്‌ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപെട്ട്‌ പിറവത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗമാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. വഹന സര്‍വ്വീസുകള്‍ക്ക്‌ തടസമില്ല.

മിഷേലിന്റെ ഫോണിലേക്ക്‌ ക്രോണിന്റെ സംശയകരമായ ഫോണ്‍ കോളുകളും സന്ദേശങ്ങളും വന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. മരിക്കുന്നതിന്റെ തലേ ദിവസം 57 സന്ദേശങ്ങളും മരിച്ച ദിവസം 32 സന്ദേശങ്ങളും മിഷേലിന്റെ ഫോണിലേക്ക്‌ ക്രോണിന്‍ അയച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തി. 

അഞ്ചു തവണ ഇയാള്‍ മിഷേലിനെ ഫോണില്‍ വിളിച്ചിട്ടുമുണ്ട്‌. പൊലീസ്‌ ചോദ്യം ചെയ്യലില്‍ മിഷേലിന്റെ മരണത്തില്‍ ക്രോണിന്‌ പങ്കുള്ളത്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

`താന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്‌ തിങ്കളാഴ്‌ച്ച അതറിയും' എന്ന്‌ സംഭവദിവസം വിളിച്ചപ്പോള്‍ മിഷേല്‍ പറഞ്ഞതായി ഇയാള്‍ മൊഴി നല്‍കി. മിഷേലിന്‌ ക്രോണിന്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്‌ സൈബര്‍ ഫോറന്‍സിക്‌ വിഭാഗത്തിന്റെ സഹായം തേടി.

കേസിന്റെ തുടരന്വേഷണ ചുമതല ഡിജിപി ക്രൈംബ്രാഞ്ചിനു കൈമാറി. എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിക്കുക.
അകന്ന ബന്ധുവായ ക്രോണിന്‍ ഒരു കുടുംബചടങ്ങിനിടെയാണ്‌ മിഷേലിനെ പരിചയപെടുന്നത്‌. 

ഛത്തീസ്‌ഗഡില്‍ ജോലി ചെയ്യുന്ന ഇയാള്‍ മിഷേലിനെ ഫോണില്‍ വിളിച്ച്‌ നിരന്തരം ശല്യം ചെയ്‌തിരുന്നു എന്ന്‌ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. കലൂര്‍ പള്ളിയില്‍ വെച്ച്‌ നേരില്‍ കണ്ട്‌ ഇയാള്‍ മിഷേലിനെ ഉപദ്രവിച്ചതായി കൂട്ടുകാരിയുടെ മൊഴിയുമുണ്ട്‌.

ശ്വാസകോശത്തില്‍ വെള്ളം കയറിയാണ്‌ മിഷേലിന്റെ മരണ കാരണമെന്നാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. ആരെങ്കിലും കായലിലേക്ക്‌ തള്ളിയിട്ട്‌ പെണ്‍കുട്ടിയെ അപായപെടുത്തിയതാകമെന്ന വീട്ടുകാരുടെ സംശയവും പൊലീസ്‌ അന്വേഷിക്കും.

മിഷേലിന്റെ മരണത്തില്‍ ക്രോണിനുള്ള പങ്ക്‌ വ്യക്തമായതോടെ ഛത്തീസ്‌ഗഡില്‍ നിന്ന്‌ വിളിച്ചുവരുത്തിയാണ്‌ ക്രോണിനെ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇയാള്‍ മിഷേലിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നാണ്‌ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക