Image

താനൂരിലെ സംഘര്‍ഷത്തില്‍ സഭ പ്രക്ഷുബ്ധം

Published on 14 March, 2017
താനൂരിലെ സംഘര്‍ഷത്തില്‍ സഭ പ്രക്ഷുബ്ധം


 താനൂര്‍: മലപ്പുറം താനൂരിലെ സംഘര്‍ഷം സഭയിലും ചര്‍ച്ച, പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഒടുവില്‍ ഇറങ്ങിപ്പോക്ക്‌. താനൂരില്‍ ഞായറാഴ്‌ച രാത്രി മുതലുണ്ടായ മുസ്ലിംലീഗ്‌-സിപിഎം സംഘര്‍ഷത്തില്‍ മുസ്ലിം ലീഗ്‌ എംഎല്‍എ എന്‍ ഷംസുദ്ദീനാണ്‌ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്‌. സിപിഎംപൊലീസ്‌ തേര്‍വാഴ്‌ചയാണ്‌ താനൂരില്‍ നടക്കുന്നത്‌. 

സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ പൊലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്‌. സ്‌ത്രീകള്‍ അടക്കമുളളവരോട്‌ പൊലീസ്‌ മോശമായി പെരുമാറി. ഭീതിമൂലം ഇപ്പോഴും പലരും വീടുകളിലേക്ക്‌ തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ്‌ അനുഭാവിയുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ്‌ എറിഞ്ഞതാണ്‌ സംഘര്‍ഷങ്ങള്‍ക്ക്‌ തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി താനൂരില്‍ നിയമസഭാ സീറ്റ്‌ കൈവിട്ടപ്പോള്‍ മുതല്‍ മുസ്ലിംലീഗ്‌ അസഹിഷ്‌ണുത കാണിക്കുകയാണെന്ന്‌ വ്യക്തമാക്കി. സിപിഐഎം എംഎല്‍എ വരെ ആക്രമിക്കപ്പെട്ടു. 

32 പേര്‍ ഇതുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായെന്നും പൊലീസ്‌ വേണ്ട നടപടികള്‍ സ്വീകരിച്ച കാര്യവും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തുടര്‍ന്ന്‌ താനൂര്‍ എംഎല്‍എ വി.അബ്ദുറഹ്മാനെ സ്‌പീക്കര്‍ സംസാരിക്കാനായി ക്ഷണിച്ചു. പ്ലസ്‌ ടുക്കാരിയായ വിദ്യാര്‍ത്ഥിനിയെ മുസ്ലിംലീഗുകാര്‍ നടുറോഡില്‍ ആക്രമിച്ചെന്നും അസഹിഷ്‌ണുതയോടെയാണ്‌ ലീഗുകാരുടെ പെരുമാറ്റമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.


വിദേശത്ത്‌ നിന്നുളള ഫണ്ടുവെച്ചാണ്‌ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനമെന്നും അതിനാലാണ്‌ ഇവര്‍ ആക്രമണം നടത്തുന്നതെന്നും പറഞ്ഞു നിര്‍ത്തിയതോടെ പ്രതിപക്ഷത്തിന്റെ ബഹളം ആരംഭിച്ചു. അബ്ദുള്‍ റഹ്മാന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും സഭയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.

 തുടര്‍ന്ന്‌ സ്‌പീക്കര്‍ക്ക്‌ എതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഭരണപക്ഷം സ്‌പീക്കറെ വാടകയ്‌ക്ക്‌ എടുത്തിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമസഭയില്‍ കാണിക്കുന്ന അതേ അസഹിഷ്‌ണുത തന്നെയാണ്‌ താനൂരിലും മുസ്ലിംലീഗ്‌ കാണിക്കുന്നതെന്ന്‌ തുടര്‍ന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്‌പീക്കറെ അവഹേളിച്ച പ്രതിപക്ഷത്തിന്റേത്‌ ദുശാസന ചിരിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വി.അബ്ദുള്‍റഹ്മാന്റെ പരാമര്‍ശങ്ങള്‍ സഭയില്‍ നിന്നും നീക്കം ചെയ്യുന്നതായി സ്‌പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതിന്‌ പിന്നാലെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. 

താനൂരിലെ പൊലീസ്‌ അതിക്രമങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ തുടര്‍ന്ന്‌ മാധ്യമങ്ങളോട്‌  പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക