Image

നിയമസഭയില്‍ 50 വര്‍ഷം : കെഎം മാണിക്ക്‌ സഭയുടെ ആദരം

Published on 15 March, 2017
നിയമസഭയില്‍ 50 വര്‍ഷം :  കെഎം മാണിക്ക്‌ സഭയുടെ ആദരം


തിരുവനന്തപുരം: നിയമസഭയില്‍ അരനൂറ്റാണ്ട്‌ പൂര്‍ത്തിയാക്കിയ കെഎം മാണിയെ സഭയില്‍ ആദരിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയണ്‌ സഭയില്‍ കെഎം മാണിയെ അനുമോദിച്ചത്‌. രാഷ്ട്രീയ മുന്നണികളും സഖ്യങ്ങളും അഭിരുചികളും മാറി വന്നു, പക്ഷേ അപ്പൊഴെക്കെ മാറാത്ത സാന്നിധ്യമായി കെഎം മാണി സഭയില്‍ ഉണ്ടായിരുന്നെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഭാ നടപടികളില്‍ നിഷ്‌കര്‍ഷതയും കൃത്യതയും പാലിക്കുന്ന കെഎം മാണിയുടെ രീതി പുതിയ നിയമസഭാ സാമാജികര്‍ക്ക്‌ മാത്യകയാണെന്ന്‌ സ്‌പീക്കര്‍ പി ശ്രീരാമകൃഷണന്‍ പറഞ്ഞു. ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണ്‌ മാണിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടുന്ന അപൂര്‍വ വ്യക്തികളുടെ ഇടയിലേക്കാണ്‌ മാണി ഉയര്‍ന്നിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 

മാണി കൈവരിച്ചത്‌ സമാനതകളില്ലാത്ത നേട്ടമാണെന്നും അമ്പത്‌ വര്‍ഷം ഇടതടവില്ലാത്ത സഭയിലുണ്ടായി എന്നതാണ്‌ മാണിയുടെ പ്രത്യകത എന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു.

പലകാര്യങ്ങളിലും ഇന്ത്യക്ക്‌ മാത്യകയായ കേരളം കെഎം മാണിയുടെ അരനൂറ്റാണ്ട്‌ പിന്നിട്ട രാഷ്ട്രീയ ജീവിതത്തിലൂടെ പുതിയൊരു റെക്കോര്‍ഡ്‌ കൂടി ഇന്ത്യക്കും ലോകത്തിനും മുന്നില്‍വെച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ അഭിപ്രായപെട്ടു. 

അമേരിക്കയിലെ വിസ്‌കോസിന്‍ സെനറ്റില്‍ 1962 മുതല്‍ തുടര്‍ച്ചായ വിജയിച്ചു വരുന്ന ഫ്രെഡെ റിസറിന്റെ വിജയത്തിനു തുല്യമാണ്‌ കെഎം മാണിയുടേതെന്നും കേരളത്തിന്റെ ഫ്രെഡേ റിസറാണ്‌ കെഎം മാണിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

അഭിനന്ദാര്‍ഹമായ നേട്ടമാണ്‌ കെഎംമാണിയുടേതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. 

കേരള നിയമസഭയില്‍ അമ്പത്‌ വര്‍ഷം പിന്നിടുന്നുവെന്നത്‌ മാത്രമല്ല കെഎം മാണിയെന്ന പകരക്കാരനില്ലാത്ത രാഷ്ട്രീയ നേതാവിന്റെ പ്രത്യേകത. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നയാള്‍ ഏറ്റവും കൂടുതല്‍ ബജറ്റ്‌ അവതരിപ്പിച്ചയാള്‍, ഒരേ മണ്ഡലത്തെ പ്രതിനീധികരിച്ചയാള്‍ അങ്ങനെ പോകുന്നു മാണിയുടെ നേട്ടങ്ങള്‍. 

 വിരസമായിരുന്ന ബജറ്റ്‌ അവതരണത്തില്‍ പുതിയൊരു ശൈലി കേരളത്തില്‍ ആദ്യം പരീക്ഷിച്ചതും ഇദ്ദേഹം തന്നെയാണ്‌. 13 ബജറ്റുകള്‍ കെഎം മാണി ഇതുവരെ അവതരിപ്പിച്ചു. 1967ലാണ്‌ മാണി ആദ്യമായി നിയമസഭയില്‍ എത്തിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക