Image

കേരള പുരാണ പാരായണ സംഘടനാ കണ്‍വന്‍ഷനില്‍ മാത്യു നെല്ലിക്കുന്നിന് ആദരം

Published on 15 March, 2017
കേരള പുരാണ പാരായണ സംഘടനാ കണ്‍വന്‍ഷനില്‍ മാത്യു നെല്ലിക്കുന്നിന് ആദരം
കൊല്ലം: കേരളീയ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കിയ പുരാണ ഇതിഹാസ ഗ്രന്ഥങ്ങള്‍ ഭക്തിയോടും ഉപാസനയോടും കൂടി വര്‍ഷങ്ങളായി പാരായണം ചെയ്തുവരുന്ന കേരള പുരാണ പാരായണ സംഘടനയുടെ സംസ്ഥാനതല സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ പ്രമുഖ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ മാത്യു നെല്ലിക്കുന്നിന് ആദരം. ആറാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ആമ്പാടി മാസിക ഏര്‍പ്പെടുത്തിയ, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് ഹൂസ്സ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റു കൂടിയായ മാത്യു നെല്ലിക്കുന്നിന് ലഭിച്ചത്. താമരക്കുളം റെഡ്യാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. 

ആമ്പാടി മാസികയുടെ ആറാം വാര്‍ഷിക പതിപ്പ് എന്‍.കെ പ്രേമചന്ദ്രന്‍, തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. അതേസമയം, പുരാണ പാരായണക്കാര്‍ പാര്‍ശവല്‍ക്കരിക്കപ്പെട്ട വിഭാഗമാണെന്നും ഭാരതീയ സംസ്‌കൃതിയുടെ മൂല്യങ്ങള്‍ കുടികൊള്ളുന്ന പുരാണ ഗ്രന്ഥങ്ങളുടെ പുനര്‍വായന ജീവിതവത്തിയാക്കിയവരാണിവരെന്നും ഇവര്‍ക്ക് നല്‍കിവന്ന പെന്‍ഷന്‍ കൊടുക്കാതിരിക്കുന്നത് ക്രൂരമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. ആമ്പാടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഭദ്രദീപം കൊളുത്തിയത്. കെ.സി രാജന്‍, ഡോ. എം.ആര്‍ തമ്പാന്‍, പ്രതാപ വര്‍മ തമ്പാന്‍, കെ.എ റഷീദ്, സെലീന അശോക്, രാധാകൃഷ്ണന്‍ പെരുമ്പിലേത്ത്, എം. ദേവദാസ്, പ്രസന്നല്‍ ചെല്ലപ്പള്ളി, അയത്തില്‍ തങ്കപ്പന്‍, കൊയ്പ്പള്ളി രാമകൃഷ്ണന്‍, ആശ്രാമം ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകളിലുടെ അമേരിക്കന്‍ മലയാളി ആസ്വാദകര്‍ക്ക് സുപരിചിതനായ മാത്യു നെല്ലിക്കുന്ന് 1974ലാണ് അമേരിക്കയിലെത്തിയത്. ടെക്‌സസ് മലയാളികളുടെ കലാ-സാഹിത്യ വാസനകളെ പ്രോല്‍സാഹിപ്പിക്കുക എന്ന സര്‍ഗ ലക്ഷ്യത്തോടെ ഹൂസ്റ്റണില്‍ ജ്വാലാ ആര്‍ട്‌സിന് രൂപം നല്‍കി. കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. രജനി മാസിക, മലയാളി പത്രാധിപ സമിതിയംഗം, കേരള നാദം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, കേരള വീക്ഷണം എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994ലെ ഫൊക്കാന അവാര്‍ഡ്, 1995ലെ വിദേശ മലയാളി സാഹിത്യവേദി അവാര്‍ഡ്, കൊടുപ്പുന്ന സ്മാരക പുരസ്‌കാരം, മഹാകവി ജി സാമാരക അവാര്‍ഡ്, 1999ലെ അക്ഷയ പുരസ്‌കാരം, ഭാഷാഭൂഷണം പ്രവാസി അവാര്‍ഡ് തുടങ്ങി നിരവധി എണ്ണപ്പെട്ട ബഹുമതികള്‍ക്ക് പാത്രീഭൂതനായിട്ടുണ്ട്. ഭാഷാ കേരളം മാസികയുടെ ചീഫ് എഡിറ്റര്‍ പദവിയും അലങ്കരിക്കുന്ന ഇദ്ദേഹം ലേഖനം, ഹാസ്യം എന്നീ മേഖലകളിലും സാന്നിധ്യമറിയിക്കുന്നു. ഗ്രേസിയാണ് ഭാര്യ. നാദിയ, ജോര്‍ജ് എന്നിവര്‍ മക്കള്‍. 

കേരള പുരാണ പാരായണ സംഘടനാ കണ്‍വന്‍ഷനില്‍ മാത്യു നെല്ലിക്കുന്നിന് ആദരം
Join WhatsApp News
അഡിക്ഷൻ 2017-03-15 15:03:13
അവാർഡ് ഒരു അഡിക്ഷനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക