Image

മലയാളത്തിന്റെ പച്ചപ്പുകള്‍ ഇറോമിന് ഇടം നല്‍കുമോ?! (ജയശങ്കര്‍ പിള്ള)

Published on 15 March, 2017
മലയാളത്തിന്റെ പച്ചപ്പുകള്‍ ഇറോമിന് ഇടം നല്‍കുമോ?! (ജയശങ്കര്‍ പിള്ള)
ഒരു വനവാസകാലത്തിനും,ജന സമ്പര്‍ക്കത്തിനുമൊടുവില്‍ സമര കാഹളങ്ങളുടെ,പ്രതിക്ഷേധങ്ങളുടെ,ജനാധിപത്യത്തിന്റെയും,സാക്ഷരതയുടെയും നാടായ മലയാള മണ്ണിലേക്ക് ഇറോം ശര്‍മ്മിളയെ പറിച്ചു നട്ടിരിക്കുന്നു.അതും ഇന്ന് കേരളത്തിന്റെ ഏറ്റവും അവഗണിക്കപ്പെട്ടത് എന്ന് മാറി മാറി വരുന്ന അധികാരി വര്‍ഗ്ഗത്തെ പ്രതിപക്ഷവും,മറ്റു സാമൂഹിക പരിഷ്കര്‍ത്താക്കളും നിരന്തരമായി ഓര്‍മിപ്പിക്കുന്ന,മുറവിളികള്‍ ഉയരുന്ന അട്ടപ്പാടി എന്ന മലയോര പ്രദേശം.

പെരുമരങ്ങള്‍ പിഴുതു നടുമ്പോള്‍ ഉണ്ടാവുന്ന എല്ലാ ബാലാരിഷ്ഠകളും ഇവരെയും ബാധിക്കും എന്നത് പകല്‍ പോലെ സത്യവും ആണ്.മലയാളത്തിലെ പല എഴുത്തുകളും വായിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന ഒരു സത്യം ഉണ്ട്,ഇറോം ശര്‍മിള എന്ന വ്യക്തിയുടെ പ്രവര്‍ത്തിയോ ജീവിതമോ എന്തായിരുന്നു എന്ന് യാതൊരു വിധ ധാരണകള്‍ ഇല്ലാത്തവര്‍ വരെ ആണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്?

നീണ്ട 16 വര്ഷം ഒരു നാടിനു വേണ്ടി പൊരുതിയ വനിത.യുവത്വത്തില്‍ ഏതു മനുഷ്യര്‍ക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളും അഭിലാഷങ്ങളും നാട്ടിലെ വനിതാ സംരക്ഷണത്തിന്റെയും നീതി തുല്യതയ്ക്കു വേണ്ടിയും സ്വയം മാറ്റി വച്ച് പ്രക്ഷോഭം നയിച്ചവള്‍.അധികാരികള്‍ക്കും,യൂണിഫോ ഇട്ട ഏമാന്‍ മാരുടെ സ്ത്രീ ശരീര മോഹങ്ങളോടും ആക്രമണങ്ങളോടും ധൈര്യമായി പോരാടിയവള്‍. ഇവയെല്ലാം അവരുടെ ചുരുങ്ങിയ വിവരങ്ങള്‍ മാത്രം.സ്ത്രീ കളോടുള്ള ആക്രമണങ്ങള്‍ പ്രതിക്ഷേധിച് നഗ്‌നരായി സമൂഹത്തോട് പ്രതിഷേധിച്ചവള്‍...

ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രലോഭനങ്ങളില്‍ വഴങ്ങാതെ ഇന്ത്യയുടെ ഭരണ ക്രമങ്ങള്‍ക്കു അനുസരിച്ചു തിരഞ്ഞെടുപ്പില്‍ ആ ദേശം ഭരിക്കുന്ന മുഖ്യന് എതിരെ മത്സരിച്ചതാണോ തെറ്റ്?അതോ ബന്ധുക്കളും,വേണ്ടപ്പെട്ടവരും സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കാന്‍ ശ്രെമിച്ച ഇറോം വഴങ്ങാതിരുന്നതോ? മത രാഷ്ട്രീയങ്ങളുടെ ഭീഷണികളില്‍ വഴങ്ങി കൊടിക്കീഴില്‍ അണി നിരക്കാതിരുന്നതോ? സ്വന്തം ജീവനും,ജീവിതവും തന്നെ ആയുധവും,ലക്ഷ്യ പ്രാപ്തിക്കുള്ള മാര്‍ഗ്ഗവും ആയി സ്വീകരിച്ചു യാതനയും,ദുരിതവും അനുഭവിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി 16 വര്ഷം പോരാടിയതാണോ ഇവര്‍ ചെയ്ത തെറ്റ് ?

തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗം മാത്രം ആണ്.അതില്‍ ജയവും തോല്‍വിയും ഒരു അവസാന തീര്‍പ്പും അല്ല.90 വോട്ടുകളില്‍ ആദ്യത്തേതോ അവസാനത്തേതോ ഇറോമോന്റേതാണ്.ചിലപ്പോള്‍ സ്വന്തം നാടിനു വേണ്ടി സ്വയം അര്‍പ്പിച്ച അവകാശവും.ഒന്ന് മാത്രം പറയട്ടെ... ഇറോം നിങ്ങളെ നിങ്ങളുടെ ജന്മ നാടിനു ലഭിക്കുവാന്‍ യോഗ്യതയില്ല.അവര്‍ക്കു വേണ്ടത് ഇന്നിന്റെ വ്യവസ്ഥിതികളെ നയിക്കുന്ന ജാതി മത രാഷ്ട്രീയ സങ്കര ഇനങ്ങളെ ആണ്.

കേരള മണ്ണില്‍ മലബാര്‍ മേഖല സമരങ്ങളുടെയും ലഹളകളുടെയും തീക്കളങ്ങള്‍ ആയിരുന്നു.ഇന്നും സ്ഥിതി മറിച്ചാണ് എന്ന് പറയാറായിട്ടില്ല.ഇന്ന് നിങ്ങള്‍ നില്‍ക്കുന്ന അട്ടപ്പാടിയിലെ മണ്ണിനു പറയുവാന്‍,യാതനയുടെയും,കഷ്ടപ്പാടിന്റെയും,ഓരം ചേര്‍ക്കലിന്റെയും കഥകള്‍ മാത്രം ആണുള്ളത്.തിരസ്കരിക്കപ്പെട്ട അവകാശങ്ങളുമായി സാക്ഷരതയുടെയും,സോഷ്യലിസ്‌റ്, കൊണ്‌ഗ്രെസ്സ് പാര്‍ട്ടികളുടെയും ,കക്ഷികളുടെയും വാഗ്ദാനങ്ങളില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍ പെരുവിരലില്‍ മഷി ഉണക്കിയവര്‍ ആണ്. നില്‍പ് സമരത്തിനും,കാടിളകിയ പല അഭിപ്രായങ്ങള്‍ക്കും ഇടം നല്‍കിയവര്‍.

നില്‍പ് സമര നായികയെ പാര്‍ട്ടി വശത്താക്കി.അത് പോലെ ഓരം ചേര്‍ക്കപ്പെടുന്നവര്‍ക്കു വേണ്ടി വാദിക്കുന്നവരും,വാദിച്ചിരുന്നവരും കളങ്ങള്‍ പലതു മാറി ചവിട്ടുകയും,കൊടികാലുകള്‍ പലതും മാറി പിടിച്ചവരും ആണ്. അതില്‍ ഇന്ന് നിങ്ങളെ പ്രലോഭിപ്പിക്കുന്ന നവ നൂതന ആശയങ്ങള്‍ അകമേ ഉള്‍കൊണ്ട തൊഴിലാളി പ്രസ്ഥാനവും പെടും.

കേരള ജനതയും,രാഷ്ട്രീയവും നിങ്ങളെ ഉള്‍കൊള്ളുവാന്‍ ചിലപ്പോള്‍ ഇനിയും വനവാസ കാലങ്ങള്‍ ഏറെ വേണ്ടി വരും.സാധാരണക്കാരനായ ഒരു സിനിമാ പ്രവര്‍ത്തകന്‍ ( സിനിമ എന്ന് പറയുന്നതാണ് ഉത്തമം) സ്വന്തം ചിലവില്‍ അട്ടപ്പാടി മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ വിമര്‍ശിച്ച മലയാളികള്‍ ആണ് ഞങ്ങള്‍.മലബാറിന്റെ മണ്ണില്‍ അടുത്തകാലത്ത് ഉണ്ടായ മാവോയിസ്‌റ് വേട്ട കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിട്ടില്ല. അതും ചില രാഷ്ട്രീയ കലാ പ്രകടനങ്ങളാണ് എന്ന് പറയപ്പെടുന്നു.

പ്രശ്‌നങ്ങള്‍ ഏറെ ആണ് മലബാറിന് പറയുവാനുള്ളതും,തീര്‍ക്കുവാനുള്ളതും,അത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,സാമൂഹിക സംവിധാനങ്ങള്‍ക്കും അറിവുള്ളതും ആണ്.അതങ്ങിനെ തന്നെ നിലനിര്‍ത്തികൊണ്ട് പോകുന്നതിലും പ്രശ്‌നങ്ങളെ പഠിച്ചു പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിലും മാറിവന്ന സമിതികളും,ഭരണങ്ങളും വിജയിച്ചിട്ടും ഉണ്ട്.ജനകീയ നന്മയും,ഉയര്‍ച്ചയും,ജീവിത സാഹചര്യങ്ങളില്‍ ഉള്ള ഉയര്‍ച്ചയും ആണ് ഇറോം നിങ്ങള്‍ ഈ മണ്ണിനു വാഗ്ദാനം നല്‍കുന്നത് എങ്കില്‍ അത് വളരെ തന്മയത്തത്തോടെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും,അതികായന്മാരും ഒന്നിച്ചു നിന്ന് നിങ്ങള്‍ക്ക്

നടത്തി തരും. ഇന്ന് നിങ്ങളുടെ നാട് നിങ്ങളെ ഓരം ചേര്‍ത്തതു പോലെയോ അതിലും ഭംഗിയായോ .. ഒരിക്കലും അഴിക്കാന്‍ പറ്റാത്ത കുരുക്കുകള്‍ ആണ് മലയോര മേഘലയില്‍ അവര്‍ തീര്‍ത്തിരിക്കുന്നത്.അതിനു പറയുവാന്‍ വന നശീകരണത്തിന്റെയും,സുഗന്ധ ദ്രവ്യ കച്ചവടത്തിന്റെയും,സ് ത്രീ ചൂഷണത്തിന്റെയും,ഭൂമി കൈയ്യേറ്റത്തിന്റെയും ആയുവേദ റിസോര്‍ട് ഗവേഷണങ്ങളുടെയും ഒക്കെ ശക്തമായ അടിവേരുകള്‍ ഉണ്ട്.

മണിപ്പൂരിന്റെ മണ്ണില്‍ നിന്നും മലയാളത്തിലേക്കുള്ള പറിച്ചു നടലില്‍ തായ്‌വേരറ്റുപോയ പെരുമരമായി നിങ്ങള്‍ മാറാതിരിക്കട്ടെ. മലയാളത്തിന്റെ പച്ചപ്പുകള്‍ ഇറോമിന് ഇടം നല്‍കുമോ എന്ന ചോദ്യം കാറ്റില്‍ ഉലയുന്ന ഇറോമിന്റെ മുടിയിഴകള്‍ പോലെ എന്നും അവശേഷിക്കുമോ?
മലയാളത്തിന്റെ പച്ചപ്പുകള്‍ ഇറോമിന് ഇടം നല്‍കുമോ?! (ജയശങ്കര്‍ പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക