Image

ഒരു പ്രകൃതിപക്ഷ കവിത (ജോസഫ് നമ്പിമഠം)

Published on 16 March, 2017
ഒരു പ്രകൃതിപക്ഷ കവിത (ജോസഫ് നമ്പിമഠം)
ചിറകെട്ടി തടഞ്ഞില്ലേ നിങ്ങള്‍
അണകെട്ടി തടഞ്ഞില്ലേ നിങ്ങള്‍
തടഞ്ഞിട്ടു മലിനമാക്കി മണലുമാന്തി
തകര്‍ത്തില്ലേ നിങ്ങള്‍ ?

ഒഴുകട്ടെ...
പുഴ ഒഴുകട്ടെ, തീരങ്ങളെ തഴുകിയും
ഭാഷകളെ പുണര്‍ന്നും
സംസ്കാരങ്ങളെ തലോടിയും
ഒഴുകട്ടെയനര്‍ഗ്ഗളമനുസ്യൂതം

ഉര്‍വ്വിയുടെ
ഉര്‍വ്വരതകളിലുള്‍പ്പൂവിടര്‍ത്തി
തരുലതകളില്‍ മരനിരകളില്‍
തരളതയുയര്‍ത്തി
മാമരവേരുകളില്‍ കുളിരു പടര്‍ത്തി
പുഴ ഒഴുകട്ടെ നിരന്തരം

നൈലു മാമസോണും വോള്‍ഗയും
മിസ്സിസ്സിപ്പിയുമൊഴുകട്ടെ
ഭൂഖണ്ഡങ്ങള്‍ താണ്ടിയും
ഗംഗയും യമുനയും ബ്ര്ഹമപുത്രയും
കാവേരിയും പന്പയും പെരിയാറു
മൊഴുകട്ടെ നിര്‍ഭയമനുസ്യൂത
മാസേതു ഹിമാചലം

അരുവികള്‍ പുഴകളാകട്ടെ
പുഴകള്‍ നദികളാകട്ടെ
നദികള്‍ മഹാപ്രവാഹങ്ങളാകട്ടെ
മഹാപ്രവാഹങ്ങളാഴികളാകട്ടെ
ആഴികള്‍ മഹാസമുദ്രങ്ങളാകട്ടെ

പിന്നെ, നീരാവിയായ് നീര്‍ക്കണമായ്
മേഘമായ് പെരുമഴയായ്
പതിക്കട്ടെ മണ്ണിന്റെ മാറില്‍ വീണ്ടും
പതിക്കട്ടെ മണ്ണിന്റെ മാറില്‍ വീണ്ടും
തുടരട്ടെ, നിരന്തമീ ചക്രതാളം
തുടരട്ടെ യഭംഗുരമീ പ്രകൃതിതാളം

പഞ്ചഭൂതങ്ങള്‍ക്കു വേലികെട്ടിത്തിരിക്കുന്ന
മണ്ണിനും വിണ്ണിനുമതിരുകള്‍ തീര്‍ക്കുന്ന
മര്‍ത്ത്യന്റെ വിഡ്ഢിത്തമോര്‍ത്ത്
അരുവികള്‍ ചിരിക്കുന്നു, പുഴകള്‍ കേഴുന്നു
നദികള്‍ വിതുന്പുന്നു, സാഗരമിരന്പുന്നു

സ്വാര്‍ത്ഥനാം മര്‍ത്ത്യന്റെ
നെഞ്ചിന്നു നേരെ വിരല്‍ ചൂണ്ടി
പുഴകള്‍ ചോദിക്കുന്നു, ആറുകളലറുന്നു
ചിറകെട്ടി തടഞ്ഞില്ലേ നിങ്ങള്‍
അണകെട്ടി തടഞ്ഞില്ലേ നിങ്ങള്‍
തടഞ്ഞിട്ടു മലിനമാക്കി മണലുമാന്തി
തകര്‍ത്തില്ലേ നിങ്ങള്‍?

ചിറപൊട്ടിച്ചൊഴുകട്ടെ ഞാന്‍
അണപൊട്ടിച്ചൊഴുകട്ടെ ഞാന്‍
തീരം തകര്‍ത്തൊഴുകട്ടെ ഞാന്‍
ഒഴുകി ലയിക്കട്ടെ ഞാനെന്നാത്മ സാഗരത്തില്‍
ഒഴുകി ലയിക്കട്ടെ ഞാനെന്നാത്മ സാഗരത്തില്‍.
Join WhatsApp News
Sudhir Panikkaveetil 2017-03-16 08:52:53
നല്ല കവിത.  കവിയുടെ ഹൃദയത്തിൽ നിന്നുമൊഴുകി വരുന്ന പുഴയായ കവിത. തീരങ്ങളെ തട്ടി തകർത്ത് ഒഴുകുന്ന പുഴ.നിലക്കാതെ അത് പ്രവഹിക്കട്ടെ. അഭിനന്ദനങ്ങൾ ശ്രീ നമ്പിമഠം. (വളരെ നീണ്ട ഒരു ഇടവേളക്കുശേഷം താങ്കൾ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ സർഗ്ഗ തീരങ്ങൾ കുളിരണിഞ്ഞു. ഹരിതഭംഗിയാർന്നു മലയാളം വീണ്ടും ലാലസിക്കട്ടെ)
വിദ്യാധരൻ 2017-03-16 20:04:37
കൊള്ളാം നിങ്ങടെ സ്വപ്നങ്ങളൊക്കയും  
കള്ളന്മാർ വാഴുന്ന നാട്ടിൽ നടപ്പില്ല 
പണ്ടൊരു വല്യമ്മ കാട്ടു തീ കണ്ടു കലികേറി 
ചൂലുമായി ചാടി തല്ലിക്കെടുത്തുവാൻ 
പിന്നത്തെ കാര്യം ഊഹിച്ചു കൂടെയോ 
ചൂലിന് പിടിച്ചു തീ ചാരമയുടൻ 
കേരളം മുഴുവനും കള്ളവർഗ്ഗം കേറി 
കേരവൃക്ഷംപോൽ തഴച്ചങ്ങു നില്ക്കുന്നു 
ചൂഷണം മോഷണം തട്ടിപ്പ് വെട്ടിപ്പ് 
കൂടാതെ തട്ടിക്കൊണ്ടുപോകലും പീഡനോം
അയ്യയ്യേ ! എന്തൊരു നാടാണ് നമ്മടെ 
അമ്മയേം പെങ്ങളേം കണ്ടാൽ അറിയാത്തോർ 
സ്വാർത്ഥത കേറി തലക്ക് പിടിച്ചിട്ടു 
മാന്തുന്നു വെട്ടുന്നു മണലും മരങ്ങളും 
നിൽക്കുന്ന വീടിൻ അടിത്തറ മാന്തിയവർ 
വിൽക്കും പത്തു കാശൊത്തു വാന്നാലുടൻ 
എന്നെന്റെ നാടൊന്നു  രക്ഷപെട്ടീടും 
ചുമ്മാതെ ഞാനും സ്വപ്നങ്ങൾ കാണുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക