Image

ന്യൂവാര്‍ക്ക് -ഏഥന്‍സ്-ദുബായി എമിറേറ്റ്‌സ് ഫ്‌ളൈറ്റിന് തുടക്കം

ജോര്‍ജ് തുമ്പയില്‍ Published on 16 March, 2017
ന്യൂവാര്‍ക്ക് -ഏഥന്‍സ്-ദുബായി എമിറേറ്റ്‌സ് ഫ്‌ളൈറ്റിന് തുടക്കം
ന്യൂജേഴ്‌സി: പ്രതിഷേധ ആരവങ്ങള്‍ക്കിടെ ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനം ജലസ്വാഗതം (വാട്ടര്‍ വെല്‍ക്കം) ഏറ്റുവാങ്ങി പറന്നിറങ്ങി. ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് എമിറേറ്റ്‌സിന്റെ കന്നിയാത്രയായിരുന്നു ഇത്. ഇരുവശത്തു നിന്നും ജലതോരണങ്ങള്‍ പോലെ വെള്ളം ചീറ്റിച്ചു കൊണ്ടാണ് പുതിയ വിമാന സര്‍വ്വീസിനെ ന്യൂവാര്‍ക്ക് വിമാനത്താവള അധികൃതര്‍ സ്വാഗതം ചെയ്തത്. എയര്‍പോര്‍ട്ട് അധികൃതരും എമിറേറ്റ്‌സ് അധികൃതരും ന്യൂവാര്‍ക്ക് നഗരസഭ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ദുബായില്‍ നിന്നും രാവിലെ 10.50-നു പുറപ്പെട്ട് ഏഥന്‍സിലെ സ്റ്റോപ്പ് ഓവറിനു ശേഷം ന്യൂവാര്‍ക്കിലെത്തിയ ഇ.കെ 209-നെ വരവേറ്റത്. ഈ 777-300 ഇ.ആറിന്റെ വരവോടെ എമിറേറ്റ്‌സിന്റെ പന്ത്രാണ്ടാമത്തെ അമേരിക്കന്‍ ഗേറ്റ്‌വേ ആയിരിക്കുകയാണ് ന്യൂവാര്‍ക്ക്. ഇപ്പോള്‍ നിലവില്‍ ജെഎഫ്‌കെ എയര്‍പോര്‍ട്ടില്‍ നിന്നും എമിറേറ്റ്‌സിന് നാലു ഫ്‌ളൈറ്റുകളുണ്ട്. അതേസമയം, എമിറേറ്റ്‌സിന്റെ പുതിയ സര്‍വീസിനെതിരെ ഇരുനൂറോളം വരുന്ന എയര്‍പോര്‍ട്ട് ജീവനക്കാര്‍ മാര്‍ച്ച് 12ന് പ്രതിഷേധപ്രകടനം നടത്തി. യുഎസ് ഓപ്പണ്‍ സ്‌കൈസ് എയര്‍ സര്‍വീസ് എഗ്രിമെന്റിന് വിരുദ്ധമായി എമിറേറ്റ്‌സ്, ഇതിഹാദ് എയര്‍വെയ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയ്ക്ക് 50 ബില്യണ്‍ ഡോളര്‍ സ്റ്റേറ്റ് സബ്‌സിഡിയായി ലഭിച്ചുവെന്ന് യുഎസ് എയര്‍ലൈനുകള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം ഗള്‍ഫ് എയര്‍ലൈനുകള്‍ നിഷേധിക്കുന്നു.

തങ്ങളുടെ എയര്‍ലൈന്‍ കുടുംബത്തിനൊപ്പം എമിറേറ്റ്‌സ് ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ന്യൂവാര്‍ക്ക് ഹബിന്റെ ജനറല്‍ മാനേജര്‍ ഡയേനെ പപ്പെയാന്നി പറഞ്ഞു. ഏഥന്‍സ് മാര്‍ക്കറ്റിനെ സംബന്ധിച്ചിടത്തോളം പുതിയ സര്‍വീസ് ഒരു ഗംഭീര മുന്നേറ്റമാണന്ന് ഏഥന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടിവ് യിയാന്നിസ് പരാസ്ചിസ് പറഞ്ഞു. സര്‍വീസ് നടത്തുന്ന ബോയിംഗ് 777-300 ഇആര്‍ വിമാനത്തിന് ജിഇ 90 എന്‍ജിന്‍, ഫസ്റ്റ് ക്ലാസില്‍ എട്ട് സീറ്റുകള്‍, 42 ബിസിനസ് സീറ്റുകള്‍, 304 ഇക്കണോമി സീറ്റുകളും 19 ടണ്‍ കാര്‍ഗോ കപ്പാസിറ്റിയുമുണ്ട്. ദുബായില്‍ നിന്നും പ്രാദേശിക സമയം രാവിലെ 10.50ന് പുറപ്പെട്ട് ഉച്ച തിരിഞ്ഞ് 2.25ന് ഏഥന്‍സിലെത്തുകയും 4.40ന് അവിടെ നിന്നും പുറപ്പെട്ട് ന്യൂവാര്‍ക്കില്‍ രാത്രി 10 മണിക്കെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എമിറേറ്റ്‌സിന്റെ ഇകെ 210 ഫ്‌ളൈറ്റ് രാത്രി 11.45 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 3.05ന് ഏഥന്‍സിലെത്തും. ഇവിടെ നിന്നും 5.10ന് പുറപ്പെട്ട് 11.50ന് ദുബായില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഏഥന്‍സിലെത്തുന്നവര്‍ക്ക് പാര്‍തനോണ്‍, അക്രോപൊലിസ്, ഒളിമ്പ്യന്‍ സിയൂസ് ക്ഷേത്രം തുടങ്ങിയ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്. സന്റോറിനി, മൈകോനോസ്, കോര്‍ഫു, റോഡ്‌സ് തുടങ്ങിയ ഗ്രീക് ഐലന്‍ഡുകളും ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാം. ഏഥന്‍സിന്റെ വിനോദസഞ്ചാര മേഖലയിലേക്ക് ഈ സര്‍വീസ് ഒരു മുതല്‍ക്കൂട്ടാവുമെന്നു കരുതുന്നു.
ന്യൂവാര്‍ക്ക് -ഏഥന്‍സ്-ദുബായി എമിറേറ്റ്‌സ് ഫ്‌ളൈറ്റിന് തുടക്കംന്യൂവാര്‍ക്ക് -ഏഥന്‍സ്-ദുബായി എമിറേറ്റ്‌സ് ഫ്‌ളൈറ്റിന് തുടക്കംന്യൂവാര്‍ക്ക് -ഏഥന്‍സ്-ദുബായി എമിറേറ്റ്‌സ് ഫ്‌ളൈറ്റിന് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക