Image

ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് വര്‍ധിക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 March, 2017
ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് വര്‍ധിക്കും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്കയുടെ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ്(ഫെഡ്) പ്രതീക്ഷിച്ചതുപോലെ പലിശ നിരക്ക് 0.25 പോയിന്റ് ഉയര്‍ത്തി. അതായത് ഫലത്തില്‍ 0.75 മുതല്‍ 1 ശതമാനം വരെ വര്‍ധനവ് അനുഭവപ്പെടാം. ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് അടുത്തു തന്നെ മെയിലില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ഉയര്‍ത്തിയതായി നോട്ടിസ് ലഭിക്കുമെന്ന് സാമ്പത്തികവിദഗ്ദ്ധന്‍ പറയുന്നു. ഒബാമ കെയര്‍ വരും എന്ന് അറിഞ്ഞതു മുതല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയവും മറ്റും ഉയര്‍ത്തുവാന്‍ ആരംഭിച്ചു. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച പ്രക്രിയ ഇപ്പോഴും തുടരുന്നു. ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കും എന്ന് അഭ്യൂഹം ഉണ്ടായതു മുതല്‍ വീടിന് വേണ്ടി എടുക്കുന്ന മോര്‍ട്ട്‌ഗേജ് ലോണ്‍(30 വര്‍ഷത്തേയ്ക്ക്) 3.65% ല്‍ നിന്ന് 4.31 % ആയി ഉയര്‍ന്നു.
അടുത്ത 60 ദിവസത്തിനുള്ളില്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ ഹോം എക്ക്വിറ്റി ലൈന്‍സ് ഓഫ് ക്രെഡിറ്റ് വേരിയബിള്‍ ഇന്ററസ്റ്റ് ഡെറ്റ് എന്നിവയ്ക്ക് കുറഞ്ഞത് ഒരു ശതമാനമെങ്കിലും പലിശ ഉയരുമെന്ന് ബാങ്ക്‌റേറ്റ് ഡോട്ട്‌കോമിന്റെ ചീഫ് ഫെനാന്‍ഷ്യല്‍ അനാലിസ്റ്റ് ഗ്രെഗ് മക്‌ബ്രൈഡ് പറയുന്നു. ഇവയുടെ പലിശനിരക്കുകള്‍ ഫെഡിന്റെ പലിശ നിരക്കിനെ ആശ്രയിച്ചാണ് ഉയരുകയും താഴ്കുകയും ചെയ്യുന്നത്. പല ബാങ്കുകളെയും മറ്റു സമീപിച്ച് സീറോ ഇന്ററസ്റ്റ് റേറ്റില്‍ ലോണുകള്‍ ഉറപ്പിച്ച് ലോക്ക് ഇന്‍ ചെയ്യുവാന്‍ ഇതാണ് ഏററവും അനുയോജ്യമായ സമയം. എന്നാല്‍ വാഹനങ്ങള്‍ക്കും ചില സാധനങ്ങള്‍ക്ക് ലഭിക്കുന്ന ഇന്റൊറഡക്ടറി ഓഫറുകള്‍ക്കും മാത്രമേ ഈ പ്രയോജനം ലഭിക്കൂ. ഗൃഹവായ്പകള്‍ക്ക് സാമ്പത്തിക സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന പലിശ നല്‍കിയേ മതിയാകൂ എന്നും മക്‌ബ്രൈഡ് കൂട്ടിച്ചേര്‍ക്കുന്നു.

30 വര്‍ഷത്തെ ഗൃഹവായ്പകളുടെ പലിശനിരക്ക് ഈ വര്‍ഷാവസാനമാകുമ്പോള്‍ 5% ന് അടുത്തെത്താനാണ് സാധ്യത. 2008 ല്‍ സാമ്പത്തികമാന്ദ്യം ഉണ്ടാകുന്നതിന് മുന്‍പ് ഒരിക്കലും പലിശ നിരക്ക് 5% ല്‍ കുറഞ്ഞിരുന്നില്ല.

ഫെഡ് ഈ വര്‍ഷം ഒന്നോ രണ്ടോ തവണ കൂടി ഷോര്‍ട്ട് ടേം പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ചിലര്‍ പ്രവചിക്കുന്നു. ഇങ്ങനെ സംഭവിച്ചാലും ഉപഭോക്താക്കളുടെ മേല്‍ 1.5 % ല്‍ അധികം അധികപലിശനിരക്ക് ചുമത്തപ്പെടുകയില്ല എന്നാണ് അനുമാനം.

2008 ഡിസംബര്‍ മുതല്‍ നിലവിലുണ്ടായിരുന്ന കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കലാണ് 2015 ഡിസംബറിലും 2016 ഡിസംബറിലും ഇല്ലാതായത്. ഫെഡ് ചെയര്‍ ജാനറ്റ് യെല്ലന്റെ അഭിപ്രായത്തില്‍ ഈ നടപടികള്‍ നാണ്യപ്പെരുപ്പം തടയാന്‍ ആവശ്യമായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാലത്ത് ഫെഡ്ട്രഷറിനോട്ടുകള്‍ വാങ്ങിക്കൂട്ടി. 900 ബില്യണ്‍ ഡോളറില്‍ കുറവായിരുന്ന ബാലന്‍സ് ഷീറ്റ് ഇപ്പോള്‍ ഏതാണ്ട് 4.5 ട്രില്യന്‍ ഡോളറിലെത്തി നില്‍ക്കുന്നു.
ട്രമ്പ് ഭരണകൂടം അധികാരത്തില്‍ വന്നത് വലിയ സാമ്പത്തിക നയങ്ങളുമായാണ്. ഷോര്‍പ്പറേറ്റ് നികുതി കുറയ്ക്കുക, നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുക ആന്തര ഘടകം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ചെലവഴിക്കുക എന്നിവയാണ് പദ്ധതികള്‍. ഇത് നടപ്പിലായാല്‍ വലിയ സാമ്പത്തിക വളര്‍ച്ച ഉണ്ടാകും. നാണ്യപെരുപ്പവും പിന്നാലെ ഉണ്ടാവും. അപ്പോള്‍ ഫെഡിന് വീണ്ടും ഇടപെട്ട് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടിവരും.

ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് വര്‍ധിക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക