Image

അമേരിക്കന്‍ കുടിയേറ്റപ്പഴക്കത്തിന്റെ 'വെന്‍' പരമേശ്വര വിജയം-1 (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 17 March, 2017
അമേരിക്കന്‍ കുടിയേറ്റപ്പഴക്കത്തിന്റെ 'വെന്‍' പരമേശ്വര വിജയം-1 (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
അമേരിക്കയിലേയ്ക്കുള്ള ആദ്യ കുടിയേറ്റക്കാരിലൊരുവനായി മനംനിറഞ്ഞ പഠനമോഹങ്ങളോടെയാണ് 63 വര്‍ഷം മുമ്പ് വെന്‍ പരമേശ്വരന്‍ എന്ന തൃശൂരുകാരന്‍ കല്‍ക്കത്തയില്‍ നിന്ന് കപ്പല്‍ കയറുന്നത്. ഇഷ്ട ഭക്ഷണം കിട്ടാതെ വലഞ്ഞ് 30 ദിവസം നീണ്ട യാത്രയ്‌ക്കൊടുവില്‍ നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണില്‍ ഇറങ്ങി അമേരിക്കന്‍ മണ്ണിലൂടെ നടക്കുമ്പോള്‍ കൈവശമുണ്ടായിരുന്നത് വെറും പത്ത് ഡോളര്‍. പിന്നെ ഉന്നത പഠനത്തിനും ഒരു ജോലിക്കുമായുള്ള ഓട്ടപ്പാച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വപ്നതുല്യമായ ഒരു ജൈത്രയാത്രയ്ക്ക് വഴിമാറുകയായിരുന്നു. ലോകമറിഞ്ഞ ഇന്ത്യന്‍ നയതന്ത്രജ്ഞയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പു നേടി 1954ല്‍ തന്റെ 24-ാമത്തെ വയസ്സില്‍ ഏഴുകടലുകള്‍ കടന്ന് ഭൂമിയിലെ സ്വര്‍ഗത്തിലെത്തിയ ഈ മലയാളി ബ്രാഹ്മണന്‍ തന്റെ പ്രായോഗിക ബുദ്ധിയും പരിശ്രമ ശീലവും പെരുമാറ്റ ഭംഗിയും കൊണ്ട് വെട്ടിപ്പിടിച്ച സാമ്രാജ്യത്തോട് ചേര്‍ത്തു വയ്ക്കാന്‍ സമാനമായ മറ്റൊന്നില്ല.

കര്‍മഭുമിയിലെ 63 സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഈ കാരണവര്‍ക്ക് പ്രായം 86 കഴിഞ്ഞിരിക്കുന്നു. സ്റ്റെനോഗ്രാഫര്‍ പദം, യു.എന്‍ ഇന്ത്യന്‍ മിഷനിലെ ജോലി, ഉന്നത ബിരുദങ്ങള്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രിയും, നയതന്ത്രജ്ഞനും, ഇന്ത്യയിലെ ശക്തനായ രണ്ടാമത്തെ വ്യക്തിയെന്ന് ടൈം മാഗസിന്‍ പുകഴ്ത്തിയ മലയാളിയുമായ വി.കെ കൃഷ്ണമേനോന്റെ ഇഷ്ട പ്രൈവറ്റ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, യു.എന്‍ അഡൈ്വസര്‍, സ്റ്റോക്ക് ബ്രോക്കര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദരിക്കപ്പെടുന്ന അംഗം, 1965ല്‍ അമേരിക്കയിലെ നാഷണല്‍ ജൂനിയര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് 'ഔട്ട് സ്റ്റാന്‍ഡിങ് യംഗ് മാന്‍ ഓഫ് അമേരിക്ക' അവാര്‍ഡ് നല്‍കി അംഗീകരിച്ച അപൂര്‍വ വ്യക്തിത്വം, തുടങ്ങി എണ്ണപ്പെട്ട പദവികള്‍ക്കും പട്ടങ്ങള്‍ക്കും പാത്രീഭൂതനായ വെന്‍ പരമേശ്വരന്റെ 'വെന്നി'നും ഉണ്ട് രസകരമായ പ്രത്യേകത.

യഥാര്‍ത്ഥ പേര് വെങ്കിടാചലം പരമേശ്വരന്‍ എന്നാണ്. ഈ വെങ്കിടാചലത്തെ വെട്ടിച്ചുരുക്കിയാണ് 'വെന്‍' എന്നാക്കിയത്. അമേരിക്കക്കാര്‍ക്ക് നാക്കുളുക്കാതെ പരമേശ്വരനെ വിളിക്കാനാണീ ഷോര്‍ട്ട് ഫോം. മാത്രമല്ല വെന്നിന് ഒരു ആംഗലേയ ചുവയുമുണ്ടല്ലോ. ന്യൂജേഴ്‌സിയിലും കൊളംബിയയിലും പഠിക്കുന്ന കാലത്ത് സഹപാഠികള്‍ ഇദ്ദേഹത്തെ വിളിച്ചിരുന്നത് 'വെന്‍ വാരന്‍' എന്നായിരുന്നു. അങ്ങനെ അമേരിക്കക്കാരെ വിഷമിപ്പിക്കാതിരിക്കാന്‍ നടത്തിയ പേരു മാറ്റം തന്നെ പെരുമയായി മാറിയ, അമേരിക്കന്‍ മലയാളി സമൂഹത്തിലെ സമാരാധ്യനായ മുത്തഛന് അസാധാരണമായ ഒട്ടേറെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുവാനുണ്ട്. അവയാകട്ടെ പുതുതലമുറയ്ക്കുള്ള അത്യപൂര്‍വ പാഠപുസ്തകങ്ങളുമാണ്. ഇ-മലയാളിയുടെ അനുവാചകര്‍ക്കായി വെന്‍ പരമേശ്വരന്‍ തുറന്നു വച്ച സുന്ദര സുരഭിലമായ ജീവിത പുസ്തകത്തിലെ സുവര്‍ണ അധ്യായങ്ങള്‍ നമുക്കൊന്ന് മറിച്ചു നോക്കാം...

? നാട്ടിലെ പശ്ചാത്തലം...
* ഞങ്ങളുടെ നാട് തൃശൂരിലെ പൂങ്കുന്നത്താണെങ്കിലും ഞാന്‍ ജനിച്ചത് കൊയ്‌ലാണ്ടിയിലാണ്. അച്ഛന്‍ സ്റ്റേഷന്‍ മാസ്റ്ററായിരുന്നതിനാല്‍ പലയിടങ്ങളിലേയ്ക്കും ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിരുന്നു. കൊയ്‌ലാണ്ടി ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി പാസായത്. പിന്നെ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച് പ്രതിമാസം 250 രൂപ ശമ്പളത്തില്‍ കല്‍ക്കത്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്യുകയായിരുന്നു. മാതാപിതാക്കളും സഹോദരിയും സഹോദരനും എന്നെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ആ സമയത്താണ് വിജയലക്ഷമി പണ്ഡിറ്റ് സ്‌കോളര്‍ഷിപ്പ് എനിക്ക് അമേരിക്കയിലേയ്ക്കുള്ള വഴിയൊരുക്കിയത്. 

? ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദൂതുമായി അവര്‍ യു.എന്നില്‍ പ്രവര്‍ത്തിച്ചിരുന്നല്ലോ...
* അതെ, വിജയലക്ഷമി പണ്ഡിറ്റ് യു.എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു. 1953ലാണ് ഈ സ്ഥാനത്തേയ്ക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂജേഴ്‌സിയിലെ ഫെയര്‍ലീ ഡിക്കിന്‍സന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രസംഗത്തിന് ക്ഷണിക്കപ്പെട്ട വിജയലക്ഷമി പണ്ഡിറ്റ് ഇന്ത്യയെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. തുടര്‍ന്നാണ് യൂണിവേഴ്‌സിററ്റി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിജയലക്ഷ്മി പണ്ടിറ്റ് സ്‌കേളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. 

? അന്ന് അമേരിക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത വേഗത്തില്‍ അറിയാന്‍ കഴിഞ്ഞിരുന്നോ...
* ഞാന്‍ മുടങ്ങാതെ പത്രം വായിക്കുന്ന ആളാണ്. അന്നും ഇന്നും. സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ നിന്നാണ് സ്‌കോളര്‍ഷിപ്പിന്റെ പി.ടി.ഐ ന്യൂസ് വായിക്കുന്നത്. പിറ്റേന്നുതന്നെ അപേക്ഷിച്ചു. ഏതാണ്ട് ഇരുന്നൂറു പേരില്‍ നിന്ന് എനിക്ക് മാത്രം സെലക്ഷന്‍ കിട്ടി.

? പരിമാതമായ യാത്രാ സൗകര്യങ്ങളാണല്ലോ ആ നാളുകളിലുണ്ടായിരുന്നത്. യാത്ര അമേരിക്കയിലേയ്ക്കും. അത് എപ്രകാരം അനുഭവപ്പെട്ടു...
* അമേരിക്കന്‍ എക്‌സ്‌പോര്‍ട്ട് ലൈന്‍ എന്ന കമ്പനിയുടെ 'സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍' എന്ന ചരക്ക് കപ്പലിലായിരുന്നു യാത്ര. യാത്രക്കൂലി കുറവായതിനാലാണ് ചരക്കുകപ്പല്‍ പിടിച്ചത്. എങ്കിലും 375 ഡോളര്‍ കൊടുക്കേണ്ടി വന്നു. ആകെ 12 പാസഞ്ചര്‍ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് എനിക്കു കിട്ടി. അങ്ങനെ കല്‍ക്കത്തയില്‍ നിന്ന് യാത്ര ആരംഭിച്ചു. ബംഗാള്‍ ഉള്‍ക്കടല്‍ വഴി കൊളംബോയിലെത്തി. അവിടെ മൂന്നു ദിവസം താമസമുണ്ടായിരുന്നു. അതിനാല്‍ കൊളംബോയൊക്കെ കറങ്ങി നടന്നു കണ്ടു. പിന്നെ ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും കടന്നു. അലക്‌സാണ്ട്രിയയിലെത്തി. പട്ടണമൊക്കെ ചുറ്റിക്കാണാന്‍ സമയമുണ്ടായിരുന്നു. തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടലും അറ്റ്‌ലാന്റിക് സമുദ്രവും താണ്ടി നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണ്‍ എന്ന പോര്‍ട്ടില്‍ എത്തി. മുപ്പത് ദിവസത്തെ കടല്‍യാത്ര അത്ര സുഖകരമായിരുന്നില്ല. ഞാന്‍ തികഞ്ഞ വെജിറ്റേറിയനായിരുന്നു. അതുകൊണ്ട് ഭക്ഷണ കാര്യങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി. പഴ വര്‍ഗങ്ങളും മറ്റും കഴിച്ച്  ആ പ്രശ്‌നം മാനേജ് ചെയ്തു. മറ്റ് യാത്രക്കാരൊക്കെ ഇറച്ചിയും മീനും കഴിക്കുന്നുണ്ടായിരുന്നു. 

? അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയ ആ ഗതകാല നിമിഷത്തെ എങ്ങനെ ഓര്‍ത്തെടുക്കുന്നു...
* കേട്ടറിവുമാത്രം ഉണ്ടായിരുന്ന തികച്ചും അപരിചിതമായ ഒരു വലിയ രാജ്യത്തെത്തിയതിന്റെ ആശങ്കയും അങ്കലാപ്പും അതോടൊപ്പം വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു. കപ്പല്‍ ഇറങ്ങിയ ഉടന്‍ എനിക്ക് പെട്ടെന്ന് ടോയ്‌ലറ്റില്‍ പോകണമായിരുന്നു.  അന്വേഷിച്ചപ്പോള്‍ കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കുമുള്ള റെസ്റ്റ് റൂമുകള്‍ കണ്ടു. ഏത് ടോയ്‌ലറ്റില്‍ പോകണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. കാരണം ഞാന്‍ വെളുമ്പനുമല്ല, കറുമ്പനുമല്ല, മറിച്ച് ബ്രൗണ്‍ ആണ്. എന്തു ചെയ്യണമെന്നറിയില്ല. കലശലായ മൂത്രശങ്കയുണ്ടായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ഒരു പോലീസുകാരനോട് ഏത് ടോയ്‌ലറ്റാണ് ഞാന്‍ ഉപയോഗിക്കേണ്ടതെന്ന് ചോദിച്ചു. അയാളുടെ ആവശ്യപ്രകാരം ഞാന്‍ പാസ്‌പോര്‍ട്ട് കാണിച്ചു. ''നീ ഇന്റര്‍നാഷണല്‍ ആണ്. വെള്ളക്കാരന്റെ  ടോയ്‌ലറ്റില്‍ പൊയ്‌ക്കോ...'' എന്ന് പോലീസുകാരന്‍ പറഞ്ഞു. അങ്ങനെ അക്കാര്യം സാധിച്ചു. പിന്നെ അടുത്തു കണ്ട ഒരു റെസ്റ്റോറന്റില്‍ കാപ്പി കുടിക്കാന്‍ പോയി. അവിടെയും കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമുള്ള പ്രത്യേക സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് വെളുത്തവരുടെ സ്ഥലത്തിരുന്ന് കാപ്പി കുടിക്കാന്‍ അനുവാദം കിട്ടി. വെള്ളക്കാര്‍ക്ക് വെള്ളക്കാരും കറുത്തവര്‍ക്ക് കറുത്തവരുമാണ് സെര്‍വ് ചെയ്തിരുന്നത്. ഇതെല്ലാം കണ്ടപ്പോള്‍ വലിയ മനോവിഷമം ഉണ്ടായി. പക്ഷേ പുറത്തു കാട്ടിയില്ല. അതായിരുന്നു അമേരിക്കയിലെ എന്റെ ഫസ്റ്റ് എക്‌സ്പീരിയന്‍സ്.  

(1954 ഓഗസ്റ്റ് ഒന്‍പതിനാണ് വെന്‍ പരമേശ്വരന്‍ അമേരിക്കയിലെത്തിയത്. ഇത് പ്രവാസ സ്ഥലിയില്‍ ആദ്ദേഹത്തിന്റെ ആദ്യദിവസത്തെ ആദ്യ മണിക്കൂറിലെ അനുഭവം. സമ്മിശ്രമായ ഒട്ടേറെ അനുഭവങ്ങളുടെ ചെപ്പ് അദ്ദേഹം തുറക്കുകയാണ്. രസകരവും ചിന്തോദ്ദീപകവുമായ ആ വര്‍ത്തമാനം അടുത്ത അധ്യായത്തില്‍ തുടരും. പ്രത്യേകിച്ച് വി.കെ കൃഷ്ണമേനോനുമായുള്ള ഔദ്യോഗിക ജീവിതത്തിന്റെ അനന്തവൃത്താന്തങ്ങള്‍...അതിനുമുമ്പ് അല്‍പം മുഖമൊഴി കൂടി...) 

***
യാഥാസ്ഥിതികബ്രാഹ്മണ കുടുംബത്തില്‍ പിറന്ന വെന്‍ പരമേശ്വരന്റെ ജീവിത പങ്കാളി കത്തോലിക്കാ സമുദായത്തില്‍ പെട്ട  പ്രിസില്ലയാണ്. വിപ്ലവ വിവാഹത്തിനു ശേഷം പ്രിസില്ല പരമേശ്വരനായി. കൊല്ലം സ്വദേശിനിയായ പ്രിസില്ല ഫോര്‍ധം യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കെയാണ് ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ അംബാസഡറുടെ വീട്ടിലെ ഒരു പാര്‍ട്ടിയില്‍ വച്ച് പരമേശ്വരനുമായി കണ്ടുമുട്ടുന്നത്. പ്രഥമ സമാഗമത്തില്‍ തന്നെ പ്രണയം നാമ്പിട്ടുവത്രെ. പരമേശ്വരന്‍ പുരോഗമന ചിന്താഗതിക്കാരനാണെങ്കില്‍ മാതാപിതാക്കള്‍ യാഥാസ്ഥിതിക മനസുള്ളവരായിരുന്നു. അതിനാല്‍ വിവാഹശേഷമാണ് നാട്ടിലുള്ള മാതാപിതാക്കളെയും മറ്റും വിവരമറിയിച്ചത്. പിന്നീട് അവരെ അമേരിക്കയിലെത്തിച്ച് അനുഗ്രഹം വാങ്ങി. 

പ്രിസില്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സീനിയര്‍ ബുഷിന്റെ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ മുതല്‍ പ്രിസില്ലയും പരമേശ്വരനും പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ കണ്‍വന്‍ഷനില്‍ സ്ഥിരം ക്ഷണിതാക്കളാണ്. ട്രംപിന്റെ ഇനാഗുറേഷനില്‍ ഇരുവരും പങ്കെടുക്കുകയും ചെയ്തു. പ്രിസില്ല 30 വര്‍ഷം മുമ്പ് വെസ്റ്റ് ചെസ്റ്ററില്‍ 'ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി സ്ഥാപിച്ചു.
 
പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ക്ക് ഏഷ്യക്കാര്‍ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ അംഗീകാരം നേടിയെടുക്കുക, പാര്‍ട്ടിയില്‍ കൂടുതല്‍ ഇന്ത്യക്കാരെയും ഏഷ്യന്‍ രാജ്യക്കാരെയും ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപീകരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡിസ്ട്രിക്ട് ലീഡറായാണ് പ്രിസില്ല പ്രവര്‍ത്തനമാരംഭിച്ചത്. സീനിയല്‍ ബുഷ് ആണ് പ്രിസില്ലയെ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക് കമ്മിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത്. റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസും ചെയ്യുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വവുമായി ഈടുറ്റതും ഊഷ്മളവുമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ഈ ദമ്പതികള്‍ക്ക്, പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ ഇന്ത്യയ്ക്ക് ഗുണകരമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവരുടെ ഏക മകന്‍ പ്രേം പരമേശ്വരന്‍, ചലച്ചിത്രനിര്‍മാണവും വിതരണവും നടത്തുന്ന ഇറോസ് ഇന്റര്‍നാഷണല്‍ യു.എസ്.എയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും നോര്‍ത്തമേരിക്കന്‍ പ്രസിഡന്റുമാണ്. വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ വിങ് ഫുട്ട് ഗോള്‍ഫ് ക്ലബില്‍ അംഗത്വം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഈ ക്ലബിലെ അംഗമാണ് പ്രസിഡന്റ് ട്രംപും. ഈയിടെ ഫ്‌ളോറിഡയില്‍ തനിക്കൊപ്പം ഗോള്‍ഫ് കളിക്കാന്‍ ട്രംപ് പ്രേമിനെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നെങ്കിലും അസുഖമായതിനാല്‍ പ്രേമിന് പോകാന്‍ പറ്റിയില്ല. ഐസ് ഹോക്കി കളിക്കാരനായ പ്രേം യു.കെയിലെ പ്രൊഫഷണല്‍ ടീം അംഗമായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എ.ബി.എ നേടിയിട്ടുണ്ട്. 
***
''സൂര്യന്‍ ഉദിക്കുമ്പോള്‍ ഞാന്‍ പണിയെടുക്കുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഞാന്‍ വിശ്രമിക്കുന്നു. വെള്ളത്തിനു വേണ്ടി ഞാന്‍ കിണര്‍ കുഴിക്കുന്നു. അന്നത്തിനു വേണ്ടി ഞാന്‍ മണ്ണുഴുതു മറിക്കുന്നു. അധ്വാനത്തിന്റെ ചക്രവര്‍ത്തിയായ ഞാന്‍ മറ്റെന്തു നോക്കാനാണ്...?'' അജ്ഞാതനായ ഒരു താവോ കവിയുടെ വാക്കുകളാണിത്...ഇവിടെ, സ്ഥിരോത്സാഹത്തിലൂടെ വെട്ടിപ്പിടിച്ച ജീവിത വിജയത്തിന്റെ ചക്രവര്‍ത്തിയാണ് വെന്‍ പരമേശ്വരന്‍. കര്‍മ ഭൂമിയില്‍ നിന്ന് ആര്‍ജിച്ച സമ്പന്നമായ അറിവിന്റെയും അനുഭവങ്ങളുടെയും വിത്തുകള്‍ നാട്ടിലും വിതച്ച് ഇദ്ദേഹം പിറന്ന നാടിനും  പ്രവാസ ഭൂമിക്കും ഒരു പോലെ പ്രിയപ്പെട്ടവനാകുന്നു. അമേരിക്കന്‍ പൗരനാണെങ്കിലും കേരളത്തെ ഹൃദയത്തിലേറ്റി, മലയാളിയെന്ന് നിമിഷാര്‍ധങ്ങളില്‍ അഭിമാനിക്കുന്ന വെന്‍ പരമേശ്വരന്‍ ചില ഓര്‍മപ്പെടുത്തലുകളുടെ അടയാളമാണ്... തിരുത്തലുകളുടെ ശബ്ദമാണ്... മാര്‍ഗം തെളിക്കുന്ന വിളക്കുമാടമാണ്... ആയുഷ്മാന്‍ ഭവ...

അമേരിക്കന്‍ കുടിയേറ്റപ്പഴക്കത്തിന്റെ 'വെന്‍' പരമേശ്വര വിജയം-1 (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
benoy 2017-03-17 17:32:13
Looking forward to reading more about this successful pioneer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക