Image

പുതിയ തലമുറക്ക് ഭാഷയും ചരിത്രവുമറിയില്ല: ജയരാജ്

Published on 17 March, 2017
പുതിയ തലമുറക്ക് ഭാഷയും ചരിത്രവുമറിയില്ല: ജയരാജ്
ദോഹ: നമ്മുടെ പുതിയ തലമുറക്ക് ചരിത്രവും ഭാഷയുമൊന്നും കൃത്യമായറിയില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയതായി സംവിധായകന്‍ ജയരാജ്. വീരം ഗള്‍ഫ് റിലീസിംഗിനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഗുരുതരമായ ഈ സാംസ്‌കാരിക പ്രതിസന്ധിയെക്കുറിച്ച് തന്റെ ആശങ്കകള്‍ പങ്കുവച്ചത്. 

വീരം റിലീസിംഗിന്റെ മുന്നോടിയായായി കേരളത്തിലെ നിരവധി കാന്പസുകളില്‍ പര്യടനം നടത്തിയിരുന്നു. പലപ്പോഴും ചന്തു ചേകവരെക്കുറിച്ച് എത്രപേര്‍ക്കറിയുമെന്ന് ചോദിച്ചപ്പോള്‍ വിരലിലെണ്ണാവുന്നര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുപത് വയസിന് താഴെയുളളവരില്‍ ചരിത്രപരവും ഭാഷാപരവുമായ ധാരണയില്ലാത്തതാണ് വീരം നേരിട്ട പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസ ലോകത്ത് ചരിത്രബോധവും വായനശീലവുമുള്ളവര്‍ ധാരാളമുള്ളതിനാല്‍ വലിയ പ്രതീക്ഷയാണ് വീരത്തിനുള്ളത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നുമുതല്‍ വീരം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരെ അണിനിരത്തി അണിയിച്ചൊരുക്കിയ വീരം താമസിയാതെ തന്നെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് ജയരാജ് പറഞ്ഞു. 

ഇന്ത്യയുടെ പാരന്പര്യ കലയായ കളരിയെ ലോകാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഇതിഹാസ കാവ്യമായ വീരത്തില്‍ അഭിനയിക്കാനായത് തന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലാണെന്ന് ചിത്രത്തിലെ നായകന്‍ കുനാല്‍ കപൂര്‍ പറഞ്ഞു. കളരിയെ കൂടുതല്‍ ജനകീയമാക്കുവാനും ജനശ്രദ്ധയാകര്‍ഷിക്കുവാനും വീരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ജയരാജ് വീര്യം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാക്ബത്തും ലേഡി മാക്ബത്തും ചതി ആള്‍രൂപം പൂണ്ട ചന്തുചേകവരായും കുട്ടിമാണിയായും ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. കുനാല്‍ കപൂറും ഡിവിന താക്കൂറും ചന്തുവിനെയും കുട്ടിമാണിയെയും ഏറെ മികവുറ്റതാക്കിയിരിക്കുന്നു. സമര്‍ഥനായ പോരാളിയില്‍ നിന്ന്, ക്രൂരനും ചതിയനും അത്യാഗ്രഹത്താല്‍ ഭ്രമിപ്പിക്കപ്പെട്ട് സ്വയം നഷ്ടപ്പെട്ട, വിഹ്വലനായ സ്വേച്ഛാധിപതിയിലേക്കുള്ള ചന്തുവിന്റെ ഭാവമാറ്റം കൈയടക്കമുള്ള ഒരഭിനേതാവിനെപ്പോലെ പക്വമായാണ് കുനാല്‍ കപൂര്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചന്തുവിന്റെ മനസില്‍ വിഷം കുത്തിനിറക്കുന്ന കുട്ടിമാണിയായി വേഷം പകര്‍ന്ന ഡിവിനയിലും ഒരു പുതുമുഖത്തിന്റെ പരുങ്ങലോ പരിചയക്കുറവോ ഇല്ലാത്ത രീതിയിലാണ് ആ വേഷം അനശ്വരമാക്കിയിരിക്കുന്നത്. 
അച്ഛനെ വധിച്ച മലയനെ അങ്കത്തില്‍ വക വരുത്തുന്ന ചന്തുവിലൂടെയാണ് വീരം ആരംഭിക്കുന്നത്. പകയും ചതിയും വിദ്വേഷവും കുറ്റബോധവുമൊക്കെ നായകനെ പിടിച്ചുലക്കുന്ന മാനസിക വ്യാപാരങ്ങളും ചിത്രത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. 

വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവ് ചന്ദ്രമോഹന്‍ പിള്ളയും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക