Image

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ദിഗ്‌ വിജയ്‌ സിങ്‌

Published on 18 March, 2017
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ദിഗ്‌ വിജയ്‌ സിങ്‌


അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയും സര്‍ക്കാര്‍ രൂപികരണത്തിലുണ്ടായ അലംബാവവും കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ദിഗ്‌ വിജയ്‌ സിങ്‌. 

 രാഹുല്‍ നിശ്ചയദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും അവസരത്തിനൊത്ത്‌ ഉയരുന്നില്ലെന്നുമാണ്‌ ദിഗ്‌ വിജയ്‌ സിങ്‌ പറഞ്ഞത്‌. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പത്രം സംഘടിപ്പിച്ച ഐഡിയ എക്‌സ്‌ചേഞ്ച്‌ ഇവന്റില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 

ഗോവയിലെ കോണ്‍ഗ്രസ്‌ വീഴ്‌ചയില്‍ വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോഴാണ്‌ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌ത്‌ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ദിഗ്‌ വിജയ്‌ സിങ്ങിന്‍റെ ശ്രമം.

അഞ്ച്‌ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്‌ സാധിക്കാത്തതിന്റെ അവലോകനങ്ങള്‍ ദേശീയ തലത്തില്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്‌.

എന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ്‌ മാറേണ്ട സമയമായിരിക്കുന്നു. കോണ്‍ഗ്രസിന്‌ പുതിയ മാര്‍ഗവും രീതിയും റോഡ്‌ മാപ്പും പ്രചരണത്തിന്‌ പുതിയ തന്ത്രങ്ങളും ആവശ്യമാണ്‌. പുതിയൊരു കോണ്‍ഗ്രസ്‌ നാം കെട്ടിപടുക്കണം. ഇതെല്ലാം ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക്‌ മാത്രമേ സാധിക്കു. അദ്ദേഹം തന്നെയാണ്‌ അതിന്‌ ഉചിതമായ വ്യക്തി. 

രാഹുലിനെ കുറിച്ചുള്ള എന്റെ പരാതി അദ്ദേഹം അവസരത്തിനൊത്ത്‌ ഉയരുന്നില്ല എന്നാണ്‌. ഇത്‌ രാഹുലിനോട്‌ പറഞ്ഞതുമാണ്‌. ഞാന്‍ ഇക്കാര്യം തന്നെ രാഹുലിനോട്‌ വീണ്ടും വീണ്ടും പറയുമ്പോള്‍ അദ്ദേഹത്തിന്‌ ദേഷ്യം വരികയാണ്‌ പതിവ്‌.


2014മുതല്‍ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടുകയാണ്‌. ഇതിനൊരു പരിഹാരം കാണാന്‍ സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തന ശൈലി മാറ്റണമെന്ന്‌ ദിഗ്‌ വിജയ്‌ സിങ്‌ അഭിപ്രായപെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക