Image

തമിഴകത്ത്‌ പുതിയ പാര്‍ട്ടിയുമായി ദീപ ജയകുമാറിന്റെ ഭര്‍ത്താവ്‌

Published on 18 March, 2017
തമിഴകത്ത്‌ പുതിയ പാര്‍ട്ടിയുമായി ദീപ ജയകുമാറിന്റെ ഭര്‍ത്താവ്‌


ജയലളിതയുടെ സ്‌മൃതിമണ്ഡപത്തില്‍ നിന്ന്‌ തമിഴക രാഷ്ട്രീയത്തിലേക്ക്‌ പുതിയൊരു പാര്‍ട്ടി കൂടി. ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറിന്റെ ഭര്‍ത്താവ്‌ മാധവനാണ്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചത്‌. 

ദീപയെ ദുഷ്ട ശക്തികള്‍ സ്വാധീനിക്കുന്നുവെന്നും അതിനാല്‍ സ്വന്തമായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്നുമാണ്‌ മാധവന്റെ പ്രതികരണം. ദീപയുടെ എംജിആര്‍ അമ്മ ദീപ പേരവൈ, രാഷ്ട്രീയ വേദിയാണെന്നും താന്‍ രൂപീകരിക്കുന്നത്‌ രാഷ്ട്രീയ പാര്‍ട്ടിയാണെന്നുമാണ്‌ മാധവന്റെ വാദം.

മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അണ്ണാഡിഎംകെയില്‍ വിമത ശബ്ദം ഉയര്‍ത്തിയതും ചിന്നമ്മ ശശികലയ്‌ക്കെതിരായി പൊട്ടിത്തെറിച്ചതും ജയയുടെ ശവകുടീരത്തില്‍ ധ്യാനമിരുന്നതിന്‌ ശേഷമായിരുന്നു.

 ജയയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയ വേദി പ്രഖ്യാപിച്ചതും ഇവിടെ നിന്നും തന്നെ. പിന്നാലെയാണ്‌ ദീപയുടെ ഭര്‍ത്താവ്‌ മാധവന്റെ പൊടുന്നനെയുള്ള പാര്‍ട്ടി പ്രഖ്യാപനം.

ദീപയെ ദുഷ്ടശക്തികളാണ്‌ ഇപ്പോള്‍ നയിക്കുന്നത്‌. സ്വതന്ത്രമായി ആ സംഘടന കൊണ്ടുപോവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ദീപയുമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും വ്യക്തിപരമായില്ല. വിവാഹബന്ധം വേര്‍പെടുത്താനുമില്ല. പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനം ഒറ്റയ്‌ക്കായിരിക്കും. ദീപ ഒപ്പമുണ്ടാവില്ല.

മൂന്ന്‌ മാസം ജനങ്ങളുമായി സംവദിച്ചും ആളുകളുടെ പിന്തുണ തേടിയുമാണ്‌ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മാധവന്‍ പറഞ്ഞു. ആര്‍കെ നഗറില്‍ താന്‍ മല്‍സരിക്കുമെന്നും മാധവന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്ന്‌ ദീപ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഇത്തരത്തിലൊരു നീക്കമെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഇത്‌ മാധവന്‍ തള്ളി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക