Image

പെണ്‍ബാല്യത്തിനു എത്താത്ത കൊമ്പുകള്‍ ചായ്ച്ചുകൊടുക്കുന്നോ?

അനില്‍ പെണ്ണുക്കര Published on 19 March, 2017
പെണ്‍ബാല്യത്തിനു എത്താത്ത കൊമ്പുകള്‍ ചായ്ച്ചുകൊടുക്കുന്നോ?
കുണ്ടറയിലെ ആശങ്കകള്‍ പെരുകുകയാണ്.

ആ പത്തു വയസ്സുകാരിയുടെ മരണം ആത്മഹത്യയാണെന്നും അല്ലെന്നും തര്‍ക്കം നടക്കുന്നു. മാതാപിതാക്കളും ബന്ധുക്കളും കേസ്സിനോടു സഹകരിക്കുന്നില്ലെന്നു  മുഖ്യനും പോലീസും. പോലീസു പറഞ്ഞത് മുഖ്യന്‍ ആവര്‍ത്തിച്ചെന്നേ ഉള്ളൂ. ഇപ്പോഴിതാ ഫോറന്‍സിക് ഫരിശോധനാഫലം വന്നിരിക്കുന്നു. ആത്മഹത്യക്കുറിപ്പിലെ കൈപ്പട കുട്ടിയുടേതുതന്നെ. അപ്പോള്‍ കുട്ടി ആത്മഹത്യചെയ്യുവാന്‍ തീരുമാനിക്കുകയും ആ വിവരം കുറിപ്പായി എഴുതി വയ്ക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം. ശരി. കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നുവിചാരിക്കാം. ആ കത്തിന്റെ ചില ഭാഗങ്ങള്‍ ടി.വിയില്‍ കണ്ട് മനസ്സിലാക്കിയതുകൊണ്ട് എഴുതുകയാണ്. ആ കത്തിലെ വാചകം വായിച്ചു നോക്കിയോ? ഇപ്രകാരം ഒരു പത്തുവയസ്സുകാരി കുട്ടിക്ക് എഴുതുവാന്‍ ആകുമോ?

എന്റെ മരണെത്തില്‍ മറ്റാരും ഉത്തരവാദിയല്ല എന്നൊക്കെ മറ്റുള്ളവരെ നിയമക്കുരുക്കില്‍പ്പെടുത്താരിക്കാന്‍ പത്തുവയസ്സുകാരി കുട്ടി മുന്‍കൂട്ടി എഴുതിവയ്ക്കുമോ. അല്ലെങ്കില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളെകുറിച്ചെല്ലാം ഇന്നത്തെ കുട്ടികള്‍ക്ക് ബോദ്ധ്യമുണ്ടോ? താന്‍ മരിക്കുവാന്‍ പോകുന്നു എന്ന് തീര്‍ച്ചപ്പെടുത്തുന്ന കുട്ടി ഭാവി ഭവിഷ്യത്തുകളെപ്പറ്റി ഇത്രകണ്ടു ബോധവതിയായത് ആരു പഠിപ്പിച്ചിട്ടാണ്?

പത്തുവയസ്സ്. കളിക്കോപ്പുകളോടു കമ്പം മാറാത്തകാലം. ഒരു മിയായിയില്‍ അലിഞ്ഞുപോകുന്ന പ്രായം. നമുക്ക് ഊഹിക്കാം നിസ്സഹായതയുടെ കാലംതന്നെയാണ് ഇത്. ഇത്തരത്തില്‍ ഒരു കത്തെഴുതിവച്ച് ആത്മഹത്യചെയ്യാന്‍മാത്രം പക്വതയോ മുന്‍വിചാരമോ പത്തുവയസ്സുകാരിക്കു ഉണ്ടാവാന്‍ ഇടയില്ല. കത്തിന്റെ ഘടന കണ്ടിട്ട് ഇതില്‍ മറ്റെന്തോ പ്രേരണയുണ്ടെന്നു സംശയിക്കാം. അത് എന്താണെന്നും ഏതാണെന്നും അതിനു കാരണമെന്താണെന്നും തെളിയിച്ചാല്‍ കുട്ടിയുടെ ആ ദീര്‍ഘദൃഷ്ടിയെ വിലയ്‌ക്കെടുക്കാം. ആ മഹാദുരന്തത്തിനോട് അനുതപിക്കാം.

കേരളത്തില്‍ കൊച്ചുപെണ്‍കുട്ടികള്‍ ഇപ്രകാരം ആത്മഹത്യചെയ്യുന്ന വാര്‍ത്ത ഈയടുത്തകാലത്തായി പെരുകുന്നു. വയനാട്ടിലും പാലക്കാട്ടും മറ്റു പലെടുത്തും പത്തിനും പതിനഞ്ചിനും ഇടയ്ക്കുള്ള കുട്ടികള്‍ ആത്മഹത്യചെയ്യുന്നു. ഇവരെല്ലാം കെട്ടിത്തൂങ്ങിയാണ് ചാകുന്നത്. ഇപ്രകാരം കയറിലോ തുണിയിലോ കുരുക്ക് ഉണ്ടാക്കാനും അത് കാല് നിലത്തുമുട്ടാത്ത ഉയരത്തില്‍ കെട്ടി കഴുത്തിടലിട്ടു ചാടാനും ഇവര്‍ക്കെങ്ങനെ അറിയാം? ആര് പഠിപ്പിച്ചു? എവിടെനിന്നും പഠിച്ചു? വിഷമോ മറ്റേതെങ്കിലും അപകടത്തിലോ ആണെങ്കില്‍ കുറെക്കൂടി സാധ്യതകള്‍ ഉണ്ടെന്നു പറയാം.

ഈ വകകാര്യങ്ങളില്‍ ഒരു അന്വേഷണം ആവശ്യമാണ്. മനശാസ്ത്രജ്ഞന്മാരും സാമൂഹികപ്രവര്‍ത്തകരും ശിശുക്ഷേമക്കാരും ബാലാവകാശകമ്മീഷനും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. എന്തുകൊണ്ടു കൊച്ചുപെണ്‍കുട്ടികള്‍മാത്രം ഇങ്ങനെ ആത്മഹത്യ ചെയ്യുന്നു. ആണ്‍കുട്ടികള്‍ക്കിടയില്‍ എന്തുകൊണ്ടില്ല? ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഈ മരണങ്ങള്‍ക്കു ഇരയായവരെല്ലാം ലൈംഗികമായും ശാരീരകമായും ആക്രമിക്കപ്പെട്ടവരാണ്. ഒരു കൊച്ചുകുട്ടിയെകൊണ്ട് നാലുവരി എഴുതിക്കാന്‍ വലിയ പാടൊന്നും ബന്ധുക്കള്‍ക്കും ക്രിമിനല്‍ ക്രൂരന്മാര്‍ക്കു ഉണ്ടാവില്ല. കുറ്റത്തില്‍നിന്നും രക്ഷപ്പെടുവാന്‍ ആര്‍ക്കും വക്കീല്‍ക്കുപ്പായവും അണിഞ്ഞ് കോടതിയില്‍ ഓടിക്കേറാന്‍ സൗകര്യമുള്ള ഈ നാട്ടില്‍ ഒരു കൊച്ചുകുട്ടിയെകൊണ്ട് നാലുവരി മരണക്കുറിപ്പെഴുതിക്കാന്‍ വലിയം പാട് ഉണ്ടാകുമോ?

കുണ്ടയിലെ കുട്ടിയുടെ ഉറ്റവര്‍ കാട്ടുന്ന നിസ്സഹകരണം ഒന്നുകില്‍ ഏതെങ്കിലും വന്‍തോക്കിന്റെ ഭീഷണിയോ കൈയില്‍കിട്ടിയ സാമ്പത്തികലാഭത്തിന്റെയോ അല്ലെങ്കില്‍ പുറത്തുപറയാന്‍ വയ്യാത്ത ഏതോ ക്രൂരതയുടേയോ കുറ്റത്തിന്റേയും പ്രേരണയാവാം. ഈ പ്രേരണയില്‍നിന്നും അവരുടെ മനസ്സിനെ മോചിപ്പിക്കാന്‍ കേരളപോലീസിനു ആരും ബുദ്ധി ഉപദേശിച്ചുകൊടുക്കണമോ? അപ്പോള്‍ കേസ്സ് ആദ്യമേ ഒതുക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ശരിയാണെന്നു പറയാതെ വയ്യാ. പോലീസിലും രാഷ്ട്രീയത്തിലുമൊക്കെ സ്വാധീനംചെലുത്തുന്ന ശക്തിയ്ക്ക് ഈ ആത്മഹത്യക്കുറിപ്പൊരു സ്വച്ഛതയായിരിക്കും.

എന്തായാലും ഒരു പുതിയ ട്രെന്‍ഡ് കേരളത്തില്‍ ശക്തമായ പ്രചരിക്കുന്നു. പിഞ്ചുപെണ്‍കുട്ടികളുടെ ആഹത്മഹത്യകള്‍... രഹസ്യഭാഗങ്ങളില്‍ മുറിവുകളുമായി തൂങ്ങി ചാവുന്ന പെണ്‍മൊട്ടുകള്‍... ആത്മഹത്യക്കുറിപ്പിലൂടെ എല്ലാവര്‍ക്കും നിയമപരിക്ഷ ഉറപ്പുവരുത്തിക്കൊണ്ട് അവര്‍ പ്രതിഷേധിക്കുന്നു... ത്യാഗം വരിക്കുന്നു... കണ്ണുതുറക്കുക കേരളമേ... ഇതിലെല്ലാം ഒളിച്ചിരിക്കുന്ന കൈകളുണ്ട്. പെണ്‍ബാല്യത്തിനു എത്താത്ത കൊമ്പുകളും കുരുക്കും തീര്‍ത്തുകൊടുക്കാന്‍!
പെണ്‍ബാല്യത്തിനു എത്താത്ത കൊമ്പുകള്‍ ചായ്ച്ചുകൊടുക്കുന്നോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക