Image

വിയന്ന മലയാളി അസോസിയേഷന്‍ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

Published on 20 March, 2017
വിയന്ന മലയാളി അസോസിയേഷന്‍ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു
   വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത ഇന്ത്യന്‍ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ജീവകാരുണ്യ സംരംഭമായ വിഎംഎ ചാരിറ്റി ട്രസ്റ്റിന്റെ രണ്ടാമത്തെ ചാരിറ്റി പദ്ധതിക്ക് സമാപനമായി. വിഎംഎ ചാരിറ്റി ട്രസ്റ്റ് തൃശൂരില്‍ നിര്‍മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനം മറ്റം സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ചു നടന്ന ഉദ്ഘാടന കര്‍മം കൃഷി മന്ത്രി സുനില്‍ കുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, സി.എല്‍.സി ചാഴൂര്‍, മാത്യൂസ് കിഴക്കേക്കര (വിഎംഎ ചാരിറ്റി ചെയര്‍മാന്‍) എന്നിവര്‍ പങ്കെടുത്തു. ഭവനത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത് ഫാ. ഡേവിസ് പനങ്കുളം ആണ്. 

തൃശൂര്‍ ജില്ലയിലെ മറ്റത്ത് തലചായ്ക്കുവാന്‍ ഒരു കൂരയെന്ന സ്വപ്നവുമായി ജീവിതത്തോട് മല്ലടിച്ചിരുന്ന മനോജിനാണ് കണ്ണടച്ച് തുറക്കും മുന്‌പേ വീടുമായി വിഎംഎ ചാരിറ്റി ട്രസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പള്ളി ദാനമായി നല്‍കിയ നാല് സെന്റ് ഭൂമിയിലാണ് വിഎംഎ ഭവനം നിര്‍മിച്ചു നല്‍കിയത്.

വിഎംഎ ചാരിറ്റി ട്രസ്റ്റിന് നല്‍കി വരുന്ന സഹായത്തിന് എല്ലാ മലയാളികളോടും പ്രത്യേകം നന്ദി പറയുന്നതായും വിയന്നയിലും നാട്ടിലും നടന്ന എല്ലാ പരിപാടികളിലും പങ്കെടുത്ത് പദ്ധതി വന്‍ വിജയമാക്കിത്തീര്‍ത്ത കമ്മിറ്റി അംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റെല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക